തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ ക്ഷേമനിധികളെ പിണറായി സർക്കാർ തകർത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു കോടിയോളം അർഹരായ ക്ഷേമനിധി പെൻഷൻ ഉപഭോക്താക്കൾ കേരളത്തിലുണ്ട്. ഇവരെ എല്ലാവരെയും കടക്കെണിയിലും ദുരന്തത്തിലുമാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. എന്ത് ചോദിച്ചാലും കേന്ദ്രം പൈസ തന്നില്ലെന്ന ന്യായം മാത്രമാണ് പറയുന്നത്.
കേന്ദ്രം പൈസ തരാൻ കാത്തിരിക്കുകയാണെങ്കിൽ എന്തിനാണ് കേരളത്തിൽ ഒരു സർക്കാറെന്നും സതീശൻ ചോദിച്ചു. തൊഴിലാളി ക്ഷേമനിധി ബോർഡുകളെ നാശത്തിൽ നിന്ന് രക്ഷിക്കുക, ക്ഷേമ പെൻഷനുകൾ മുടക്കമില്ലാതെ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.എം.പി ജനറൽ സെക്രട്ടറിയും യു.ഡി.എഫ് സെക്രട്ടറിയുമായ സി.പി. ജോൺ രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ ആരംഭിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.എം.പി സംസ്ഥാന സെക്രട്ടറി എം.പി. സാജു അധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാർ, ചാണ്ടി ഉമ്മൻ എം.എൽ.എ, എം.ആർ. മനോജ്, എ. നിസാർ, കെ.ഐ. കുര്യൻ, രാധാകൃഷ്ണൻ, രാജേഷ്, ബീമാപള്ളി റഷീദ്, ഡോ.എം.ആർ. തമ്പാൻ, ശരത് ചന്ദ്രപ്രസാദ്, കരകുളം കൃഷ്ണപിള്ള, പത്മകുമാർ, ടോമി, മാഹിൻ അബൂബക്കർ, മൺവിള രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കവി സദാശിവൻ പൂവത്തൂറിന്റെ നേതൃത്വത്തിൽ സാംസ്കാരിക സദസ്സ് നടന്നു. ഉപവാസം ചൊവ്വാഴ്ച രാവിലെ 10ന് ഡോ. ശശിതരൂർ നാരങ്ങാനീര് നൽകി അവസാനിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.