തിരുവനന്തപുരം: സർക്കാറിന്റെ ക്ഷേമ പെൻഷൻ പദ്ധതിയിൽ കടന്നുകൂടി പെൻഷൻ വാങ്ങുന്നത് 1458 സർക്കാർ ജീവനക്കാർ. ധനവകുപ്പിന്റെ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.
സർക്കാർ ഓഫിസുകളിലെ സ്വീപ്പർ മുതൽ ഹയർ സെക്കൻഡറി അധ്യാപകരും അസി. പ്രഫസർമാരും വരെ പാവപ്പെട്ടവർക്കുള്ള പെൻഷൻ കൈപ്പറ്റുകയാണ്. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശയടക്കം തിരിച്ചുപിടിക്കാൻ ധനമന്ത്രി നിർദേശം നൽകി. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള വിതരണത്തിനുള്ള ഓൺലൈൻ സംവിധാനമായ സ്പാർക്ക് ഡേറ്റയിലെ ആധാർ വിവരങ്ങൾ വെച്ച് ക്ഷേമ പെൻഷൻ ഡേറ്റ പരിശോധിച്ചതിൽ നിന്നാണ് ക്രമക്കേട് പിടികൂടിയത്.
ക്ഷേമ പെൻഷൻ വാങ്ങുന്ന രണ്ട് അസി. പ്രഫസർമാരിലൊരാൾ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളജിലാണ് ജോലി ചെയ്യുന്നത്. മറ്റൊരാൾ പാലക്കാട്ടെ സർക്കാർ കോളജിലും. ഹയർ സെക്കൻഡറി അധ്യാപകരായ മൂന്നുപേരാണ് പെൻഷൻ വാങ്ങുന്നത്. ആരോഗ്യ വകുപ്പിലാണ് ക്ഷേമ പെൻഷൻ വാങ്ങുന്ന കൂടുതൽ പേരുള്ളത്- 373. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത്-224. മെഡിക്കൽ എജുക്കേഷൻ വകുപ്പിൽ 124 പേരും ആയുർവേദ വകുപ്പിൽ 114 പേരും മൃഗസംരക്ഷണ വകുപ്പിൽ 74 പേരും പൊതുമരാമത്ത് വകുപ്പിൽ 47 പേരും ക്ഷേമ പെൻഷൻ വാങ്ങുന്നു.
ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ വിവിധ തലങ്ങളിലുള്ള പരിശോധനകൾ തുടരാനാണ് ധനവകുപ്പ് തീരുമാനം. അനർഹരെ കണ്ടെത്തി ഒഴിവാക്കുകയും അർഹരായവർക്ക് പെൻഷൻ വിതരണം ഉറപ്പാക്കുകയും ചെയ്യുമെന്ന് ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.