തിരുവനന്തപുരം: ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം മുടങ്ങിയത് മൂലമുള്ള കുറവ് നികത്താൻ സംസ്ഥാനം മുൻകൂറായി നൽകിയ പണംപോലും ഗുണഭോക്താക്കൾക്ക് എത്തിക്കുന്നില്ല. 1600 രൂപയാണ് പ്രതിമാസ ക്ഷേമ പെൻഷൻ. ഇതിൽ 6.88 ലക്ഷം പേർക്കാണ് 200 മുതൽ 500 രൂപവരെ കേന്ദ്ര വിഹിതമുള്ളത്. പി.എഫ്.എം.എസ് (പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം) എന്ന കേന്ദ്ര സർക്കാർ സംവിധാനം വഴിയാണ് കേന്ദ്ര വിഹിതം വിതരണം ചെയ്യേണ്ടത്. സാമൂഹികസുരക്ഷാ പെൻഷൻ അനുവദിക്കുമ്പോൾതന്നെ കേന്ദ്ര വിഹിതത്തിലെ കുറവ് നികത്തി 1600 രൂപ തികച്ച് ഗുണഭോക്താക്കൾക്ക് കിട്ടുന്നതിന് കേന്ദ്ര സർക്കാറിന്റെ വിഹിതവും പി.എഫ്.എം.എസിന്റെ കേരളത്തിലെ യൂനിറ്റ് അധികൃതർക്ക് സംസ്ഥാന സർക്കാർ കൈമാറും.
എന്നാൽ, ഇങ്ങനെ സംസ്ഥാനം സ്വന്തം കൈയിൽനിന്ന് നൽകുന്ന പണം പോലും ഗുണഭോക്താക്കളിൽ വലിയ വിഭാഗത്തിനും ലഭിക്കാത്ത സ്ഥിതിയാണ്. കേരളം തുക കൈമാറി ആഴ്ചകൾ കഴിഞ്ഞാലും പെൻഷൻകാർക്ക് എത്താറില്ല. പലപ്പോഴും വായ്പ എടുക്കുന്ന പണമാണ് ഇത്തരത്തിൽ കേന്ദ്രവിഹിതം വിതരണം ചെയ്യാനായി കൈമാറുന്നത്. എന്നാൽ, സംസ്ഥാന സർക്കാർ വിഹിതം മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്. വിധവകൾ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപ്പെട്ട 6.88 ലക്ഷം പേർക്കാണ് ചെറിയ തോതിൽ കേന്ദ്ര സഹായമുള്ളത്.
കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നുമുതലാണ് ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാറിന്റെ പി.എഫ്.എം.എസ് എന്ന നെറ്റ്വർക്ക് വഴി ആക്കണമെന്ന നിർദേശം വന്നത്. ഇല്ലെങ്കിൽ കേന്ദ്രം വിഹിതം നിഷേധിക്കുമെന്ന അറിയിപ്പുമുണ്ടായി. ഇതനുസരിച്ച് കേന്ദ്ര വിഹിതം എല്ലാ മാസവും ഈ സംവിധാനംവഴി ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. നിലവിൽ സംസ്ഥാനത്ത് അഞ്ചിനം സാമൂഹിക സുരക്ഷാ പെന്ഷനുകളാണുള്ളത്. ഇതിൽ വാർധക്യകാല, വിധവ പെന്ഷന്, വികലാംഗ പെന്ഷന് ഗുണഭോക്താക്കളിലെ 6.88 ലക്ഷം പേർക്കാണ് കേന്ദ്ര സഹായം ലഭിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.