കോഴിക്കോട്: അര്‍ഹരായവര്‍ക്കെല്ലാം സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നല്‍കുമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ആര്‍ക്കും പെന്‍ഷന്‍ നിഷേധിക്കില്ല. ഒരേയാള്‍ പലവിധ പെന്‍ഷന്‍ വാങ്ങുന്ന ഇരട്ടിപ്പ് ഉണ്ടോ എന്ന പരിശോധന പൂര്‍ത്തിയാക്കി സമഗ്ര പെന്‍ഷന്‍ രജിസ്റ്റര്‍ ഈ സാമ്പത്തികവര്‍ഷം തയാറാക്കും. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ മന്ത്രി പറഞ്ഞു.
ബജറ്റില്‍ സമഗ്രവും ശാസ്ത്രീയവുമായ പെന്‍ഷന്‍ സംവിധാനം പ്രഖ്യാപിക്കാനാണ് ശ്രമം. ഇരട്ടിപ്പ് ഒഴിവാക്കിയാല്‍ പുതുതായി അധികമാളുകള്‍ക്ക് പെന്‍ഷന്‍ നല്‍കാനും തുക വര്‍ധിപ്പിക്കാനുമാവും. പെന്‍ഷന്‍ ചെലവ് കുറക്കുക, നിഷേധിക്കുക എന്നിവ ഇടത് സര്‍ക്കാരിന്‍െറ നയമല്ല.
49.50 ലക്ഷം പേരാണ് സംസ്ഥാനത്ത് നിലവില്‍ പെന്‍ഷന്‍ വാങ്ങുന്നത്. ഇതില്‍ 39.24 ലക്ഷം സര്‍ക്കാര്‍ നേരിട്ടുനല്‍കുന്ന വിധവ, വികലാംഗ തുടങ്ങിയ പെന്‍ഷനാണ്. കയര്‍, കൈത്തറി, കശുവണ്ടി , നിര്‍മാണതൊഴിലാളി തുടങ്ങി വിവിധ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്ന 10.3 ലക്ഷം പേരുമുണ്ട്. എന്നാല്‍, 60 വയസ്സ് തികഞ്ഞവരുടെ ജനസംഖ്യ 43 ലക്ഷമേയുള്ളു. ഇത് കാണിക്കുന്നത്് ഒന്നിലധികം പെന്‍ഷന്‍ കുറേ പേര്‍ വാങ്ങുന്നുവെന്നാണ്. കേന്ദ്ര-സംസ്ഥാന ഗവ. പെന്‍ഷന്‍കാര്‍, ആദായനികുതി നല്‍കിയവര്‍, ഒരുഹെക്ടറിലധികം ഭൂമിയുള്ളവര്‍ എന്നിവരെ ഒഴിവാക്കിയാല്‍ 35 ലക്ഷം പേര്‍ക്കാകും പെന്‍ഷന് അര്‍ഹത. ഒരാള്‍ക്ക് രണ്ട് പെന്‍ഷന്‍ അനുവദിക്കാനാകില്ല. ഭിന്നശേഷിയുള്ളവര്‍, സ്വന്തം അംശാദായമുപയോഗിച്ച് സര്‍ക്കാര്‍ സഹായമില്ലാതെയുള്ള പെന്‍ഷന്‍കാര്‍ എന്നിവരൊഴികെ എല്ലാവര്‍ക്കും ഒറ്റപെന്‍ഷനാണ് അര്‍ഹത. എന്നാല്‍, 22000 വരുന്ന ഇ.പി.എഫ് പെന്‍ഷന്‍കാര്‍ക്ക് തുടര്‍പെന്‍ഷന് അര്‍ഹതയുണ്ടാകും. കുറഞ്ഞ തുക പെന്‍ഷന്‍ കൈപ്പറ്റുന്നതിനാലാണിത്. ഇപ്പോഴത്തെ പരിശോധനയില്‍ ആക്ഷേപമുണ്ടെങ്കില്‍ ബോധിപ്പിക്കാനവസരമുണ്ട്. ഇതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല.
തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി അര്‍ഹത തെളിയിച്ചാല്‍ മുന്‍കാല പ്രാബല്യത്തോടെ പെന്‍ഷന്‍ നല്‍കും. ഇതിന് ആധാര്‍തന്നെ വേണമെന്നില്ല. സര്‍ക്കാര്‍ നേരിട്ടുനല്‍കുന്ന 39.24 ലക്ഷം പെന്‍ഷന്‍കാരില്‍ 4.35 ലക്ഷംപേര്‍ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല. 82,000 ഇരട്ടിപ്പാണ് ഇതേവരെ തെളിഞ്ഞിട്ടുള്ളത്. ഭൂമിയധികമുള്ളവരും മറ്റുമായി 27,000പേരുമുണ്ട്. ക്ഷേമപെന്‍ഷന്‍ മേഖലയില്‍ കയര്‍, മത്സ്യത്തൊഴിലാളി പെന്‍ഷന്‍കാരേ രേഖകള്‍ ഹാജരാക്കിയിട്ടുള്ളു. നിലവിലുള്ള പെന്‍ഷന്‍ ഫണ്ടില്‍നിന്ന് ലാഭമോ മിച്ചമോ സര്‍ക്കാര്‍ ഉദേശിക്കുന്നില്ല. മിച്ചമുണ്ടായാല്‍ അത് പെന്‍ഷന്‍ വര്‍ധനക്ക് വിനിയോഗിക്കും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ജനുവരിയിലെ ശമ്പളവും പെന്‍ഷനും കൃത്യമായി അക്കൗണ്ടില്‍ നല്‍കും. ആവശ്യപ്പെട്ട കറന്‍സി റിസര്‍വ് ബാങ്ക് ഇപ്പോഴും ലഭ്യമാക്കിയിട്ടില്ല. കെ.എസ്.ആ.ര്‍.ടി.സിയുടെ പുന$സംഘടന നാലുമാസത്തിനകം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. നഷ്ടം കുറച്ച് കാര്യക്ഷമത കൂട്ടാനുള്ള പുന$സംഘടന പാക്കേജ് തയാറാക്കി ഉല്‍പാദനക്ഷമത ദേശീയനിലവാരത്തിലേക്കുയര്‍ത്തുകയാണ്് ലക്ഷ്യം -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.