സമൂഹത്തിന്റെ പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളവരാണ് വയോജനങ്ങൾ. ദേശീയ സ്ഥിതിവിവര ഓഫിസ് (എൻ.എസ്.ഒ) റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 60നുമുകളിൽ പ്രായമായവരുടെ ജനസംഖ്യ 2021ൽ 13.8 കോടിയാണ്. ഇത് 2031ൽ 41 ശതമാനം വർധിച്ച് 19.4കോടിയിലെത്തുമെന്നാണ് കണക്ക്.
എൻ.എസ്.ഒ റിപ്പോർട്ട് പ്രകാരം പ്രായമായവർ ഏറ്റവും കൂടുതൽ കേരളത്തിലാണ്. ആകെ ജനസംഖ്യയുടെ 16.5 ശതമാനം കേരളത്തിൽ വയോജനങ്ങളാണ്. പത്തു വർഷംകൊണ്ട് ഇത് 20.9 ശതമാനമായി വർധിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
നിത്യജീവിതത്തില്‍ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നവരാണ് വയോജനങ്ങൾ. സമൂഹത്തിലും കുടുംബത്തിലും അവഗണന, വിവേചനം, ചൂഷണം, അതിക്രമങ്ങൾ, ഒറ്റപ്പെടൽ തുടങ്ങി വിവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്ന വയോജനങ്ങൾക്ക് എല്ലാ രീതിയിലുമുള്ള കരുതലും സംരക്ഷണവും നല്‍കുന്നതോടൊപ്പം സുസ്ഥിരവും സന്തോഷകരവുമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നതും പ്രധാനമാണ്.
വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും പ്രത്യേക പരിഗണന നല്കി വിവിധ പദ്ധതികള്‍ സർക്കാർ നടപ്പാക്കിവരുന്നുണ്ട്.
വാർധക്യത്തിൽ പല്ലുകൾ കേടുവരുന്നതും നഷ്ടപ്പെടുന്നതും വയോജനങ്ങൾ അനുഭവിക്കുന്ന മുഖ്യപ്രശ്നങ്ങളിൽ ഒന്നാണ്. പല്ലില്ലാത്തതുമൂലം ഭക്ഷണം ചവച്ചര ക്കാൻ കഴിയാതെവരുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. പല്ലില്ലാത്ത മോണ പ്രായമായവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നുമുണ്ട്. കൃത്രിമ പല്ലു വെച്ചുപിടിപ്പിക്കുകയാണ് ഇതിന് പ്രതിവിധി. എന്നാൽ സാമ്പത്തികശേഷി ഇല്ലാ ത്തതുമൂലം ഇതിന് കഴിയാത്തവരുണ്ട്. ഇതിനുള്ള പരിഹാരവും ആശ്വാസവുമാണ് സമൂഹികനീതി വകുപ്പിന്റെ മന്ദഹാസം പദ്ധതി.
60 വയസ്സുകഴിഞ്ഞ ദരിദ്രരേഖക്കു താഴെയുള്ള മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതി പ്രകാരം പല്ല് വെക്കുന്നതിന് സാമ്പത്തിക സഹായം ലഭിക്കും. പല്ല് വെക്കുന്നതിന് ഒരാൾക്ക് 10,000 രൂപ അനുവദിക്കും. പല്ലുകൾ പൂർണമായി നഷ്ടപ്പെട്ടവർക്കും ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗയോഗ്യമല്ലാത്തതിനാൽ പറിച്ചു നീക്കേണ്ട അവസ്ഥയിലുള്ളവർക്കും അപേക്ഷിക്കാം.
സംസ്ഥാനത്ത് ഈ പദ്ധതി പ്രകാരം 55 സർക്കാർ ആശുപത്രികളിൽ സൗജന്യമായി ദന്തനിര വെക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. എല്ലാ ജില്ലയിലും ഒരു ഡോക്ടറെ നോഡൽ ഓഫിസറായി ആരോഗ്യവകുപ്പ് നിയോഗിച്ചിട്ടുണ്ട് .
മുതിര്‍ന്ന പൗരന്മാര്ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി നടപ്പാക്കുന്ന പദ്ധതിയാണ് വയോരക്ഷ. ആരുടെയും തുണയും കരുതലും സഹായവുമില്ലാതെ ജീവിക്കുന്നവരും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരുമായ, മുതിര്‍ന്ന പൗരന്മാര്ക്ക് അടിയന്തര വൈദ്യസഹായം, പുനരധിവാസം, കെയര്‍ ഗിവര്‍മാരുടെ സഹായം, നിയമ സഹായങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
ബി.പി.എൽ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്ക്ക് ഈ പദ്ധതിവഴി അടിയന്തര പ്രാഥമിക ശുശ്രൂഷ അടിയന്തര ശസ്ത്രക്രിയ, കോവിഡുമായി ബന്ധപ്പെട്ടുള്ള ചികിത്സ, ആംബുലന്‍സ് സേവനം, അത്യാവശ്യ ഉപകരണങ്ങള്‍ വാങ്ങൽ എന്നിവക്ക് തുക ലഭിക്കും.
ഉപേക്ഷിക്കപ്പെട്ട നിലയിലോ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സാഹചര്യത്തി ലോ കണ്ടെത്തുന്ന മുതിര്‍ന്ന പൗരന്മാരെ സുരക്ഷിതമായ പുനരധി വാസകേന്ദ്രത്തിലെത്തിക്കുന്നതിനും അതിനു മുമ്പുള്ള വൈദ്യപരിശോധനക്കും ഭക്ഷണത്തിനും സേവനം ലഭ്യമാകും.
പ്രകൃതി ദുരന്തത്തിനിരയാകുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് അടിയന്തര വൈദ്യസഹായം, ഭക്ഷണം എന്നിവ നല്‍കുന്നതിനും തുക അനുവദിക്കും. മുതിര്‍ന്ന പൗരന്മാരുടെ ജീവനോ സ്വത്തിനോ അപകടമുള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തര പരിരക്ഷ നല്‍കുന്നതിനും പദ്ധതി മുഖേന സാധ്യമാകും. വയോരക്ഷ പ്രകാരം 25,000രൂപവരെ ജില്ല സാമൂഹികനീതി ഓഫിസര്‍ക്ക് അനുവദിക്കാം.
രണ്ടു ലക്ഷം രൂപ വരെയുള്ള ചെലവിന് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതിയോടുകൂടി തുക ലഭ്യമാകും. രണ്ടു ലക്ഷത്തിനു മുകളിൽ സര്‍ക്കാറിന്റെ അനുമതിയോടെ അനുവദിക്കും.
പദ്ധതികളുടെ അർഹത മാനദണ്ഡങ്ങൾ, അപേക്ഷ ഫോറങ്ങൾ, സമർപ്പിക്കേണ്ട രേഖകൾ തുടങ്ങി മേൽവിവരിച്ച പദ്ധതികളുടെ വിശദവിവരങ്ങൾ സാമൂഹികനീതി വകുപ്പിന്റെ www.sjd.kerala.gov.in സൈറ്റിൽ ലഭിക്കും. അപേക്ഷകൾ suneethi.sjd.kerala.gov.in എന്ന സുനീതി പോർട്ടൽ വഴി ജില്ല സാമൂഹികനീതി ഓഫിസർക്ക് ഓൺലൈനായാണ് സമർപ്പിക്കേണ്ടത്.
വയോജനങ്ങളെ കൂടുതൽ ബാധിക്കുന്ന രോഗം പ്രമേഹമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കുന്നതുവഴി പ്രമേഹം പ്രാരംഭഘട്ടത്തിൽ തിരിച്ചറിയാനും ചികിത്സ ആരംഭിക്കാനും സഹായിക്കും. വയോജനങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണയിക്കുന്നതിന് ഗ്ലൂക്കോമീറ്റർ സൗജന്യമായി നൽകുന്നതിനായി സാമൂഹികനീതി വകുപ്പ് വഴി നടപ്പാക്കുന്ന പദ്ധതിയാണ് ‘വയോമധുരം’. അപേക്ഷകർ 60ഓ അതിനു മുകളിലോ പ്രായമുള്ള ബി.പി.എൽ/മുൻഗണന വിഭാഗത്തിൽപെട്ടവരായിരിക്കണം.
(സാമൂഹികനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.