മലപ്പുറം: കോഴിക്കോട് വിമാനത്താവളം യാഥാർഥ്യമായിട്ട് 36 വർഷം പിന്നിടാൻ വേണ്ടത് ഇനി രണ്ടുമാസം മാത്രമാണ്. മലബാറിനായി ഒരു വിമാനത്താവളമെന്ന പ്രചാരണം തുടങ്ങിയത് മുതൽ വാർത്തകളിലിടം പിടിച്ചതാണ് കരിപ്പൂർ. അന്ന് മുതൽ ഇന്നുവരെ വിവിധ പ്രശ്നങ്ങളുടെ പേരിൽ മാധ്യമങ്ങളിൽ സജീവം. തുടക്കം മുതൽ ലാഭത്തിൽ പ്രവർത്തിക്കുന്ന കരിപ്പൂർ യാത്രക്കാർക്കും പ്രിയപ്പെട്ടതാണ്.
അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തിൽ നിലവിൽ എട്ടാം സ്ഥാനത്താണ് രാജ്യത്ത് കരിപ്പൂർ. മറ്റു വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വിമാനം ഉൾപ്പെടെ ഇല്ല. എന്നിട്ടും യാത്രക്കാർ ഏറെ. പക്ഷേ ഭരണകൂടത്തിന്റെ കണ്ണിലെ കരടാണ് തുടക്കം മുതൽ. ഇവിടെ എന്ത് കിട്ടണമെങ്കിലും മുറവിളികൾ ഉയരണം.
ഒടുവിൽ 2002 മുതൽ 2015 വരെയും 2018 മുതൽ 2020 വരെയും സുഗമമായി സർവിസ് നടത്തിയ വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരുകയാണ്. ഇത് ഈ വർഷം കരിപ്പൂർ മുഖേന ഹജ്ജിന് പോകുന്നവർക്കാണ് തിരിച്ചടിയായിരിക്കുന്നത്. വലിയ വിമാനം ഇല്ലാതെ വന്നതോടെ കരിപ്പൂരിൽ ഉയർന്ന നിരക്കാണ് ഇക്കുറി. അതേസമയം, സമീപ വിമാനത്താവളങ്ങളിൽ കുറവും.
2020 ആഗസ്റ്റ് ഏഴിന് നടന്ന വിമാനാപകടത്തിന്റെ പേരിലാണ് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. തുടക്കത്തിൽ മഴക്കാലത്തേക്ക് മാത്രമായിരുന്നു നിയന്ത്രണം. പിന്നീട് വിമാനാപകട അന്വേഷണ റിപോർട്ട് പുറത്തുവരട്ടെ എന്നായി. അന്വേഷണ റിപോർട്ടിൽ അപകട കാരണം വൈമാനികന്റെ വീഴ്ചയായിരുന്നു. ഇതോടെ, വീണ്ടും പുതിയ സമിതിയെ നിയോഗിച്ചു. ഇവരുടെ റിപ്പോർട്ടിന് കാത്തിരിപ്പ്.
മാസങ്ങൾക്കുശേഷം പുതിയ റിപോർട്ട്. റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) നിലവിലുളള 90 മീറ്ററിൽനിന്നും 240 മീറ്ററായി വർധിപ്പിക്കാനുൾപ്പെടെ നിരവധി നിർദേശങ്ങളും. ഇവയിൽ റെസ ഒഴികെയെല്ലാം നടപ്പായി. റെസ ദീർഘിപ്പിച്ചാൽ മാത്രമേ വലിയ വിമാനം അനുവദിക്കൂവെന്നതാണ് കേന്ദ്ര നിലപാട്. ഇത് പൂർത്തിയാകാൻ ആവശ്യപ്പെട്ട സമയം 2025 ആഗസ്റ്റ്.
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നിഷ്കർഷിച്ച എല്ലാ മാനദണ്ഡങ്ങളും പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് 2018ൽ വലിയ വിമാനസർവിസ് പുനരാരംഭിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകിയത്.
അപകടത്തിനുശേഷം വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. കേന്ദ്രം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 2017, 2018 വർഷങ്ങളിൽ നടന്ന നടപടികൾ വീണ്ടും ആവർത്തിച്ചു. ഇതുപ്രകാരം സൗദി എയർലൈൻസ്, ഖത്തർ എയർവേസ്, എമിറേറ്റ്സ്, എയർ ഇന്ത്യ തുടങ്ങിയ കമ്പനികൾ സുരക്ഷ നടപടികൾ പൂർത്തികരിച്ചു.
സർവിസ് പുനരാരംഭിക്കാൻ കമ്പാറ്റബിലിറ്റി സ്റ്റഡി, സുരക്ഷ വിലയിരുത്തൽ, സേഫ്റ്റി റിസ്ക് അനാലിസിസ് ഇവ മൂന്നും പൂർത്തീകരിച്ചു. ഇവയെല്ലാം പാലിച്ച് സർവിസ് നടത്താൻ ലോകത്തെ പ്രമുഖ വിമാനകമ്പനികൾ തയാർ. കേന്ദ്രത്തിന് അപേക്ഷയും നൽകി. എന്നാൽ, കേന്ദ്രം അനുവദിക്കുന്നില്ല.
അപകടത്തിനുശേഷം കരിപ്പൂരിൽ നിരവധി സൗകര്യങ്ങളാണ് പുതുതായി ഏർപ്പെടുത്തിയത്. റൺവേ റീകാർപറ്റിങ്, സെന്റർ ലൈൻ ലൈറ്റിങ്, ടച്ച് ഡൗൺ സോൺ ലൈറ്റിങ്, റൺവേ വിഷ്വൽ റേഞ്ച് (ആർ.വി.ആർ), നിലവിലെ റെസ നവീകരണം, പെരിമീറ്റർ റോഡ് നവീകരണം, കൃത്യമായ ഇടവേളകളിൽ മോക്ഡ്രിൽ എന്നിവ നടക്കുന്നു.
റീകാർപറ്റിങ് നടന്നതോടെ റൺവേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചു. അത്യാധുനിക പ്രകാശ സംവിധാനങ്ങളായ സെന്റർലൈൻ ലൈറ്റ്, ടച്ച് ഡൗൺ സോൺ ലൈറ്റ് എന്നിവ സ്ഥാപിച്ചതോടെ ലാൻഡിങ് സുരക്ഷ വർധിച്ചു. സെന്റർ ലൈൻ ലൈറ്റിങ് സംവിധാനം ഏർപ്പെടുത്തിയതോടെ ലാൻഡിങ് കൂടുതൽ സുഗമമാകും.
അപകടശേഷം അന്വേഷണ സംഘം ഉന്നയിച്ച നിർദേശങ്ങളും നടപ്പാക്കി. എ.ടി.സി ടവറിനുളള നിർദേശങ്ങളും കൃത്യമായി നടപ്പാക്കി. മോശം കാലാവസ്ഥയിൽ ടെയിൽ വിൻഡിൽ (വിമാനം ലാൻഡ് ചെയ്യുന്ന അതേ ദിശയിലുളള കാറ്റ്) ലാൻഡിങും ടേക്ക് ഓഫും അനുവദിക്കരുത് എന്നതടക്കമുളള നിർദേശങ്ങൾ നടപ്പിലായി. കാലാവസ്ഥ മോശമാകുമ്പോൾ റൺവേ മാറുന്നത് സംബന്ധിച്ച് കൃത്യമായ മുന്നൊരുക്കം നടത്തണം.
മോശം കാലാവസ്ഥയിൽ റൺവേ മാറ്റം അനുവദിക്കരുത്. എ.ആർ.എഫ്.എഫ് (അഗ്നിശമന സേന വിഭാഗം) ക്രൂവിന് കരിപ്പൂരിൽ സർവിസ് നടത്തുന്ന മുഴുവൻ വിമാനങ്ങളുടെയും സാങ്കേതിക വശങ്ങൾ ഉൾപ്പെടെ കൃത്യമായി പരിശീലനം നൽകി.
കൂടാതെ, പെരിമീറ്റർ റോഡിൽ റീകാർപറ്റിങ് സമയത്ത് ഫയർ വാഹനങ്ങളും യന്ത്രങ്ങളും എത്താൻ പറ്റുന്ന രീതിയിൽ നവീകരണം നടത്തി. റെസ നവീകരണം പൂർത്തിയായാൽ ആ ഭാഗത്തേക്കും പെരിമീറ്റർ റോഡ് നീളം കൂട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.