എന്താണ് ഗവർണർ പറഞ്ഞ 'പ്രീതി' (പ്ലഷർ)?

തിരുവനന്തപുരം: ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ വ്യക്തിപരമായി മന്ത്രിമാർ നടത്തിയാൽ 'പ്രീതി' (പ്ലഷർ) പിൻവലിക്കുന്നതടക്കം നടപടികൾ സ്വീകരിക്കുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയാണ് ഇപ്പോൾ രാഷ്ട്രീയ കേരളത്തിൽ കത്തിനിൽക്കുന്നത്. മന്ത്രിമാർ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുമെന്നാണ് ഗവർണറുടെ 'ഭീഷണി'.

ഇതിൽ 'പ്രീതി' (പ്ലഷർ) എന്നത് കൊണ്ട് എന്താണ് ഗവർണർ ഉദ്ദേശിച്ചത് എന്നാണ് മിക്കവരും തെരയുന്നത്. ഇംഗ്ലിഷ് നിയമത്തിൽ ഉടലെടുത്ത പ്രമാണമാണ് 'പ്രീതി തത്വം' അഥവാ ഡൊക്ട്രിൻ ഓഫ് പ്ലഷർ എന്നത്. രാജാവിന്റെ പ്രീതിയുള്ളിടത്തോളമാണ് പൊതുസേവകരുടെ തൊഴിൽ നിലനിൽക്കുന്നതെന്നതാണ് ഇതിലെ ധാർമികതത്വം. ആയതിനാൽ, രാജാവിന് പ്രത്യേകിച്ച് കാരണമൊന്നും പറയാതെ, അപ്രീതിക്ക് കാരണമായാൽ ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാം. കേരളത്തിലെ മന്ത്രിമാർ തന്റെ പ്രീതി നിലനിർത്തിയില്ലെങ്കിൽ ഈ രീതി അനുവർത്തിക്കുമെന്നാണ് ഗവർണർ സൂചന നൽകിയതെന്നാണ് നിയമവിദഗ്ധർ പറയുന്നത്.

എന്നാൽ, മന്ത്രിമാരെ പുറത്താക്കാൻ ഗവർണർക്ക് അവകാശമില്ലെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി അടക്കമുള്ള ഭരണഘടന വിദഗ്ധർ അഭിപ്രായപ്പെട്ടു. ഗവർണർക്ക് ഇതിന് അധികാരമില്ലെന്ന നിലപാടിലാണ് പ്രതിപക്ഷവും. ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഭരണഘടനാപരമായി ചെറുക്കുമെന്ന് വ്യക്തമാക്കി.

തന്നെ വിമർശിച്ചാൽ മന്ത്രിമാരുടെ സ്ഥാനം റദ്ദാക്കുമെന്ന ഗവർണറുടെ ഭീഷണി ഭരണഘടനയെക്കുറിച്ചും പാർലമെൻററി ജനാധിപത്യത്തെക്കുറിച്ചുമുള്ള അജ്ഞതയാണെന്ന് അ​ദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ രാജ്ഭവൻ രാജ്യത്തിന്‍റെ ജനാധിപത്യ സംവിധാനത്തെ വെല്ലുവിളിക്കുകയാണ്. അദ്ദേഹത്തിന്‍റെ ഒടുവിലത്തെ ഇടപെടൽ ജനങ്ങൾക്കും ജനാധിപത്യസംവിധാനത്തിനും ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്കും നേരെയുള്ള കടന്നാക്രമണമായി മാത്രമേ കാണാനാകൂ. ഭരണഘടനയുടെ മർമത്താണ് ഗവർണർ കുത്തിയത്. ജനാധിപത്യത്തിന് കളങ്കം ചാർത്തുന്ന ഇത്തരം ശ്രമങ്ങളിൽ നിന്ന് അദ്ദേഹം പിന്മാറണം -ഗോവിന്ദൻ ആവശ്യപ്പെട്ടു.

Tags:    
News Summary - What is the 'pleasure' tweet by governor arif muhammad khan?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.