എന്താണ് വഖഫ്? എന്താണ് വഖഫ് ബോർഡ്? അറിയാം...

മുസ്‍ലിംകളുടെ ഒരു ദാനരീതിയാണ് വഖഫ്. സ്വന്തം ഉടമസ്ഥതയിലുള്ള സ്വത്ത് ദൈവപ്രീതി കാംക്ഷിച്ചു നൽകുന്ന ദാനമാണത്. മനുഷ്യ നന്മക്കായി നീക്കിവെക്കുന്ന ദാനങ്ങൾ എന്നെന്നും നിലനിൽക്കണമെന്നും അന്യാധീനപ്പെടാതെ മനുഷ്യ നന്മക്കായി മാറ്റിവെക്കുന്ന സ്വത്തുക്കൾ സമൂഹത്തിൽ പൊതുനന്മകൾ പരിപോഷിപ്പിക്കും എന്നും ഇസ്ലാം മനസ്സിലാക്കുന്നു. മുസ്‍ലിംകളുടെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, ഖബറിടങ്ങൾ, സൂഫി ദർഗകൾ എന്നിവയെല്ലാം സംരക്ഷിക്കപ്പെട്ടുവരുന്നത് ഈ വഖഫ് തത്ത്വം അനുസരിച്ചാണ്.

എന്താണ് വഖഫ് ബോർഡ്?

ഇന്ത്യൻ ഭരണഘടനയുടെ 26ാം വകുപ്പ് ഇന്ത്യയിലെ എല്ലാ മതസ്ഥർക്കും തങ്ങളുടെ സ്ഥാപനങ്ങൾ നിർമിക്കാനും കൈകാര്യം ചെയ്യാനും മൗലികാവകാശം ഉറപ്പു നൽകുന്നു. എല്ലാ മത സമുദായങ്ങളിലും ഈ കൃത്യനിർവഹണത്തിന് സർക്കാർ പിന്തുണയുള്ള സംവിധാനങ്ങളുണ്ട്. ഹിന്ദു സമുദായത്തിൽ വിവിധ മത എൻഡോവ്മെന്‍റ് നിയമങ്ങൾ അനുസരിച്ച് ദേവസ്വം ബോർഡ് അടക്കമുള്ള സംവിധാനങ്ങളാണ് ഈ പരിപാലകർ. സിഖ് സമുദായത്തിന് ഗുരുദ്വാര നടത്തിപ്പിന് പ്രത്യേക നിയമമുണ്ട്. വിവിധ ക്രൈസ്തവ സഭകൾ ഇന്ത്യൻ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് അവരുടെ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പരിപാലിക്കുന്നു. ഇതിനു സമാനമായി മുസ്‌ലിംകൾക്കിടയിൽ നിലനിൽക്കുന്ന സംവിധാനമാണ് വഖഫ് ബോർഡ്. ഇത് പ്രവർത്തിക്കുന്നത് 1995ലെ വഖഫ് നിയമ പ്രകാരമാണ്.

വഖഫ് സ്വത്തുക്കളും ബോർഡും

ഇപ്പോൾ എൻ.ഡി.എ സർക്കാർ കൊണ്ടുവന്ന വഖഫ് ബില്ലിനെ സാധൂകരിക്കാൻ വ്യാപകമായി പ്രചരിപ്പിക്കുന്ന ദുഷ്പ്രചാരണങ്ങളിൽ പ്രധാനമാണ് വഖഫ് ബോർഡിന്‍റെ സാമ്പത്തികശേഷി. വഖഫ് ബോർഡിനെ ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ മുതലാളിയായി ചിത്രീകരിക്കുന്നു എന്നതാണ് ഈ പ്രചാരണത്തിന്‍റെ മർമം. മുസ്‍ലിംകൾ ഇതര മതവിഭാഗങ്ങളുടെ അവകാശങ്ങളും സമ്പത്തും കവരുകയാണ് എന്ന കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രചാരണത്തിന്റെ തുടർച്ച തന്നെയാണിതും. റെയിൽവേയും പ്രതിരോധവകുപ്പും കഴിഞ്ഞാൽ ഏറ്റവും വലിയ സാമ്പത്തിക ശക്തി വഖഫ് ബോർഡ് ആണെന്ന് പെരുപ്പിച്ചു കാണിക്കുകയാണ്. യഥാർഥത്തിൽ വഖഫ് ബോർഡിന് വഖഫ് സ്വത്തിന്മേൽ ഒരു ഉടമാവകാശവും ഇല്ല.

അവരുടെ നേരിട്ടുള്ള ഉടമസ്ഥതയിൽ കേരളത്തിൽ ആകെയുള്ളത് വെറും മുപ്പത് സെൻറ് ഭൂമി മാത്രമാണ്. വഖഫ് ചെയ്യപ്പെട്ട സ്വത്ത് ദാനം ചെയ്തയാളുടെ ഉദ്ദേശ്യ പ്രകാരം സംരക്ഷിക്കുക മാത്രമാണ് ബോർഡിന്‍റെ ചുമതല. അത് അവർ ചെയ്യാത്ത അവസരത്തിൽ സർക്കാറിന് അവരെ പിരിച്ചുവിടാനും പുതിയ സംവിധാനം ഏർപ്പെടുത്താനും അധികാരമുണ്ട്.

വഖഫ് ട്രൈബ്യൂണലുകൾ

ലോകത്ത് പ്രചാരത്തിലുള്ള ബദൽ തർക്കപരിഹാര സംവിധാനമാണ് ട്രൈബ്യൂണലുകൾ. നിയമവ്യവഹാരങ്ങളിൽ കോടതികളുടെ ഭാരം കുറക്കുകയാണ് ട്രൈബ്യൂണലുകളുടെ സ്ഥാപന ലക്ഷ്യം. ഇന്ത്യയിൽ മത വിഭാഗങ്ങളുടെ സമ്പത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ വളരെയധികമാണ്. അതിനാൽ ഓരോ സംസ്ഥാനത്തും തർക്ക പരിഹാരത്തിന് 1995ലെ വഖഫ് നിയമം നൽകുന്ന അധികാരമനുസരിച്ച് വഖഫ് ട്രൈബ്യൂണലുകൾ പ്രവർത്തിക്കുന്നു. വഖഫ് ബോർഡ് ഫണ്ട് ഉപയോഗിച്ചാണ് അതിന്‍റെ പ്രവർത്തനം. ബി.ജെ.പി സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ വഖഫ് സമ്പത്ത് സംരക്ഷിക്കാനുള്ള മുസ്ലിംകളുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു. ഏത് മത വിഭാഗത്തിന്‍റെയും മത എൻഡോവ്മെന്‍റ് നിയമങ്ങൾ ഭേദഗതിചെയ്യേണ്ടത്, അതത് സമുദായങ്ങൾ ആവശ്യപ്പെടുമ്പോഴും സമുദായങ്ങളെ പൂർണ വിശ്വാസത്തിലെടുത്തുമാണ്. ചർച്ചുകളുടെയും ക്ഷേത്രങ്ങളുടെയും ഗുരുദ്വാരകളുടെയും പരിപാലന ഉത്തരവാദിത്തത്തിൽ ഇല്ലാത്ത നിബന്ധനകളാണ് വഖഫ് ഭേദഗതിയിൽ നിർദേശിക്കുന്നത്. അത് എല്ലാ മത വിഭാഗങ്ങളെയും ഒരുപോലെ പരിഗണിക്കണമെന്ന ഭരണഘടനാ തത്ത്വം ലംഘിക്കുന്നു.

Full View


Tags:    
News Summary - What is Waqf? What is Waqf Board?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.