വാട്സ്ആപ്പ് ലക്കി ഡ്രോ തട്ടിപ്പിനെപറ്റി മുന്നറിയിപ്പ് നൽകി പൊലീസ്. വാട്സ്ആപ്പ് ലക്കി ഡ്രോ എന്ന പേരിൽ പുതിയ തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് സൈബർ സംഘങ്ങളെന്ന് പൊലീസ് പറയുന്നു. പുതിയ ലക്കി ഡ്രോ നടത്തുന്നത് വാട്സ്ആപ്പും ഇന്ത്യയിലെ മൊബൈൽ സർവീസ് പ്രൊവൈഡർമാരും ചേർന്നാണെന്നാണ് തട്ടിപ്പുകാർ പറയുന്നത്.
തട്ടിപ്പിലേക്ക് വീഴ്ത്താനായി അയച്ചു നൽകുന്നത് വാട്സ്ആപ്പ് വിന്നേഴ്സ് സർട്ടിഫിക്കറ്റെന്ന ചൂണ്ടയാണ്. സീലും ഒപ്പും ബാർ കോഡും ക്യൂ ആർ കോഡുമൊക്കെ രേഖപ്പെടുത്തിയതാകും സർട്ടിഫിക്കറ്റ്. സർട്ടിഫിക്കറ്റിൽ വിജയിയുടെ പേരും ഫോൺ നമ്പറും അടക്കം നൽകിയിരിക്കും. കൂടെ ലോട്ടറി നമ്പറും ലക്ഷങ്ങൾ സമ്മാനം ലഭിച്ചുവെന്നുള്ള വിവരവും. സമ്മാനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാനുള്ള ആളുടെ പേരും നമ്പറും ഇതിലുണ്ടാകും.
വാട്സ്ആപ്പ് വിന്നേഴ്സ് സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന ക്യൂ ആർ കോഡും മറ്റും ഒരു കാരണവശാലും സ്കാൻ ചെയ്യരുതെന്നും പൊലീസ് പറഞ്ഞു. വിവരങ്ങൾക്കായി സ്കാൻ ചെയ്താൽ ഫോണിലെ ബാങ്കിങ് വിവരങ്ങളും സ്വകാര്യ വിവരങ്ങളും ചോർത്താനും ഇതിലൂടെ പണം നഷ്ടമാകാനും സാധ്യതയുണ്ട്. ഇ-മെയിൽ ഐ.ഡി ലക്കി ഡ്രോയിൽ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായിരുന്നു ആദ്യ കാലത്തെ തട്ടിപ്പ്. പിന്നീട് ഇത് ഫോൺ നമ്പർ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായി. ഇതിന്‍റെ പുതിയ രൂപമാണ് വാട്സ്ആപ്പ് വഴി നടക്കുന്നതെന്നും കേരള പൊലീസ് ഔദ്യോഗി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.