തൃശൂർ: പാകിസ്താനില്‍നിന്ന് നിയന്ത്രിക്കുന്ന സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ മലയാളികള്‍ അംഗങ്ങളാണെന്ന് വ്യക്തമായതിനെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. തൃശൂരില്‍ നിന്നുള്ള ഐ.ടി വിദഗ്ധരാണ് പാക് ഗ്രൂപ്പുകളിലെ മലയാളി സാന്നിധ്യം കണ്ടെത്തിയത്. പാകിസ്താന് ജയ് വിളിക്കുന്ന മലയാളികളില്‍ തൃശൂര്‍ ജില്ലയില്‍നിന്നും നിരവധി പേരുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യസുരക്ഷക്ക് ഭീഷണിയായി പാകിസ്താൻ കേന്ദ്രീകരിച്ചുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകൾ സജീവമാകുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.
മലയാളി പേരുള്ള, മലയാളം വാക്കുകൾ കൊണ്ട് സ്വീകരിക്കുന്ന പല വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെയും അഡ്മിൻ നമ്പറുകൾ +92 എന്നു തുടങ്ങുന്നവയാണ്. അതായത് പാകിസ്താൻ നമ്പറുകൾ. ഇത്തരം നമ്പറുകളുടെ ഉറവിടം അന്വേഷിച്ചാൽ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള മുൾത്താൻ എന്നാണ് അറിയാനാവുക. ഇൗ ഗ്രൂപ്പുകളിലാണ് മലയാളികൾ അംഗങ്ങളാണെന്ന് സംശയിക്കുന്നത്. അശ്ലീല വീഡിയോകളും ചിത്രങ്ങളും നൽകിയാണ് ഇവർ ഗ്രൂപ്പുകളിലേക്ക് അംഗങ്ങളെ ആകർഷിക്കുന്നത്. അംഗമായി കഴിഞ്ഞാൽ പാകിസ്താൻ സിന്ദാബാദ് പോലുള്ള ഗ്രൂപ്പുകളിൽ അംഗമാവാനും മറ്റും നിർദേശമെത്തും.
അംഗങ്ങളാവുന്നവരുടെ മറ്റു സാമൂഹിക മാധ്യമങ്ങളുടെ നിയന്ത്രണം അഡ്മിന്മാർക്ക് എളുപ്പത്തിൽ കൈയടക്കാനാകും. കാർഗിൽ വിജയ് ദിവസമായി ബന്ധപ്പെട്ട ഇന്ത്യൻ പോസ്റ്റുകളെ അധിക്ഷേപിച്ച് ഗ്രൂപ്പിൽ നടന്ന തർക്കങ്ങൾ പൊലീസിെൻറ നിരീക്ഷണത്തിലാണ്. വിവരങ്ങൾ കണ്ടെത്തിയ ഐ.ടി വിദഗ്ധർ ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.