മലപ്പുറം: മുൻ പിണറായി വിജയൻ സർക്കാർ സ്വപ്ന പദ്ധതികളായ കോവളം-ബേക്കൽ ജലപാതയും കെ ഫോൺ പദ്ധതിയും പാതിവഴിയിൽ. 2020ൽ ഇവ പൂർത്തിയാവുമെന്നായിരുന്നു പ്രഖ്യാപനം. പറഞ്ഞ കാലാവധിയും കഴിഞ്ഞ് രണ്ടു വർഷം പിന്നിട്ടിട്ടും ജലപാത എവിടെയും എത്തിയിട്ടില്ല. കെ ഫോൺ ഈ വർഷം പൂർത്തിയാവുമെന്നാണ് പറയുന്നത്. അതിവേഗ റെയിലിനെ അപേക്ഷിച്ച് എത്രയോ ചെലവു കുറഞ്ഞ പദ്ധതികൾ പോലും പൂർത്തിയാക്കാതെയാണ് സംസ്ഥാനത്തിന് സാമ്പത്തികമായും പാരിസ്ഥിതികമായും താങ്ങാൻ പറ്റാത്ത, ഒരു ലക്ഷം കോടിയലധികം രൂപ കണ്ടെത്തേണ്ട അർധ അതിവേഗ പാത നിർമാണവുമായി സർക്കാർ മുന്നോട്ടുപോകുന്നത്.
കോവളം-ബേക്കൽ ജലപാത
സംസ്ഥാനത്തിന്റെ ജലഗതാഗത, വിനോദ സഞ്ചാര മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്ന പദ്ധതി പ്രഖ്യാപിച്ചത് 2017ലാണ്. കേരള വാട്ടര്‍ വേയ്സ് ഇന്‍ഫ്രാസ്ട്രക്ച്ചേഴ്സ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപവത്കരിച്ചു. 2020 മേയിൽ പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ആദ്യഘട്ടത്തില്‍ 2300 കോടി വേണമെന്നാണ് ഏകദേശ കണക്ക്. 39 കായലുകളെയും പുഴകളെയും കനാലുകൾ വഴി ബന്ധിപ്പിച്ച് കോവളത്തുനിന്ന് ബേക്കൽ വരെ 11 ജില്ലകളിലൂടെ 616 കി. മീറ്റർ ദൂരം ബോട്ട് സർവിസ് ആരംഭിക്കുന്നതാണ് പദ്ധതി. കോവളം മുതൽ കൊല്ലം വരെയും കോഴിക്കോട് കല്ലായി മുതൽ കാസർകോട് ബേക്കൽ വരെയുമാണ് സംസ്ഥാന സർക്കാർ വികസിപ്പിക്കേണ്ടത്. കൊല്ലം മുതൽ കല്ലായി വരെ ദേശീയ ജലപാതയായതിനാൽ കേന്ദ്ര ഫണ്ടുപയോഗിച്ചാണ് നിർമാണം. പദ്ധതിയുടെ ഭൂരിപക്ഷം പ്രദേശവും ഉൾപ്പെടുന്നത് ദേശീയ ജലപാതയിലാണ്. ഇതിനായി തയാറാക്കിയ ഡി.പി.ആറിന് പോലും കേന്ദ്രം അംഗീകാരം നൽകുകയോ പദ്ധതിക്ക് ഫണ്ട് അനുവദിക്കുകയോ ചെയ്തിട്ടില്ല. പാതയുടെ മഹാഭൂരിപക്ഷം വരുന്ന ഭാഗത്തും ഒരു പ്രവർത്തനവും നടന്നിട്ടില്ല. സംസ്ഥാന ജലപാതയിലെ ചില കനാലുകൾ വൃത്തിയാക്കൽ മാത്രമാണ് നടന്നത്. മാഹി-വളപട്ടണം പുഴകളെ ബന്ധിപ്പിച്ച് 26 കി.മീറ്റർ കനാൽ നിർമാണമാണ് പദ്ധതിയുടെ ഭാഗമായി നടക്കേണ്ടത്. ഇതിന്റെ ഭൂമിയേറ്റെടുക്കൽ നടപടി തുടങ്ങിയിട്ടേയുള്ളൂ. നീലേശ്വരം-ചിറ്റാലി പുഴകളെ ബന്ധിപ്പിക്കുന്ന കനാൽ നിർമാണവും ഇതേ അവസ്ഥയിലാണ്. പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ 1275 കുടുംബങ്ങളെ ഒഴിപ്പിക്കണം. കോഴിക്കോട് നഗരത്തിലെ കനോലി കനാലിലെ പാലങ്ങളെല്ലാം പുനർനിർമിക്കണം. വര്‍ക്കലയിലെ ടണൽ നിർമാണം തുടങ്ങിയിട്ടില്ല.
കെ ഫോൺ
2020ൽ പൂർത്തിയാവുമെന്ന് പ്രഖ്യാപിച്ച മറ്റൊരു പദ്ധതിയാണ് കെ ഫോൺ. 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്, 30,000 സർക്കാർ ഓഫിസുകൾക്ക് കണക്ഷൻ, 10 എം.ബി മുതൽ ഒരു ജി.ബി വരെ വേഗത, കെ.എസ്.ഇ.ബി പോസ്റ്റുകളിലൂടെ 35,000 കി.മീ. ദൂരത്തിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല എന്നിവ അടങ്ങിയതാണ് പദ്ധതി.ഇതിനായി കേബിൾ സ്ഥാപിക്കുന്ന ജോലികൾ പകുതിയിലധികം പൂർത്തിയാവാനുണ്ടെന്നാണ് കമ്പനി വെബ് സൈറ്റ് നൽകുന്ന വിവരം. 1531 കോടിയാണ് ചെലവ്. അതേസമയം, പദ്ധതി അവസാന ഘട്ടത്തിലാണെന്നും 2022 ജൂണോടെ പൂർത്തിയാവുമെന്നുമാണ് അധികൃതർ അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.