ചെറുതോണി: ഇടുക്കിയിലേക്കാണോ..? എന്നാൽ റൂട്ട് മാറ്റി പിടിക്കും. അതാണിപ്പോഴത്തെ ഫാഷൻ. സംഗതി മറ്റെവിടെയുമല്ല, ഇടുക്കി മെഡിക്കൽ കോളജിന്റെ കാര്യമാണ്. നിയമനം കിട്ടിക്കഴിഞ്ഞാൽ പിന്നെ ഡോക്ടർമാർ അപ്രത്യക്ഷമാകുന്ന മറിമായത്തിന്റെ കൂടി പേരാണ് ഇടുക്കി മെഡിക്കൽ കോളജ്. വരാത്ത ഡോക്ടർമാരെ കാത്തിരുന്ന് വലയുന്ന രോഗികളുടെ കാര്യമാകട്ടെ അതിലേറെ കഷ്ടം.
വിവിധ വിഭാഗങ്ങളിലായി 85 ഡോക്ടർമാരെയാണിവിടെ നിയമിച്ചിരുന്നത്. ഡോക്ടർ ക്ഷാമത്തിന് പരിഹാരമായി കഴിഞ്ഞ മാസമാണ് 50 ഡോക്ടർമാരെ കൂടി ഇവിടേക്ക് നിയമിച്ചത്. മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് ഡയറക്ടറേറ്റിൽ നിന്നാണ് മെഡിക്കൽ കോളജിലേക്കു നിയമനം നടത്തുന്നത്.
പക്ഷേ, പലരും ഈ വഴിക്കുതന്നെ വന്നിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വന്നവരെയാകട്ടെ ‘വർക്കിങ് അറേഞ്ച്മെന്റ്’ എന്ന പേരുംപറഞ്ഞ് കൂടുതൽ സൗകര്യമുള്ള മറ്റെവിടേക്കൊക്കെയോ മാറ്റുകയും ചെയ്യുന്നു. 75 ശതമാനം ഡോക്ടർമാരെങ്കിലും ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. പക്ഷേ, ഇടുക്കിയുടെ കാര്യമാകുമ്പോൾ അതൊക്കെ കാറ്റിൽ പറക്കും.
നിയമനം കിട്ടിക്കഴിഞ്ഞാൽ ദീർഘകാല അവധിയെടുത്ത് വിദേശത്തേക്ക് പറക്കുന്നവരുമുണ്ട്. വർക്കിങ് അറേഞ്ച്മെന്റ് എന്ന് പറഞ്ഞ് പോയവരെയൊന്നും തിരികെ കൊണ്ടുവരാൻ അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമവും നടക്കുന്നില്ല. ഇവരെ തിരികെ എത്തിക്കണമെന്ന് അധികൃതർ പലതവണ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയില്ല.
മെഡിക്കൽ കോളേജായതിനാൽ വിദഗ്ധ ചികിത്സ പ്രതീക്ഷിച്ച് എത്തുന്ന രോഗികൾ സ്പെഷാലിറ്റി വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരില്ലാത്തതു മൂലം നിരാശരായി മടങ്ങുന്നു. ആവശ്യത്തിനു നഴ്സുമാരുമില്ല. നഴ്സിങ് അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ് തുടങ്ങി നിരവധി ഒഴിവുകളാണുള്ളത് ഐ.സി.യു വാർഡ്, അത്യാഹിതവിഭാഗം, പ്രസവവാർഡ്, ഒ.പി തുടങ്ങി വിവിധവിഭാഗങ്ങളിൽ ആവശ്യമായ ജീവനക്കാരും നഴ്സുമാരുമില്ലന്ന് രോഗികൾ പരാതിപ്പെടുന്നു.
അതിനിടയിൽ സംസ്ഥാനത്തെ വിവിധ മെഡിക്കൽകോളജുകളിൽ നിന്ന് 28 ഡോക്ടർമാരെ ഇടുക്കിയിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയെന്നും അധികൃതർ അറിയിച്ചു. എന്നാൽ, ഇടുക്കി മെഡിക്കൽ കോളജിൽ പുതുതായി വരുന്ന ഡോക്ടർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ലെന്നാണ് ഡോക്ടർമാരുടെ പരാതി. ഇതേ ആരോപണം കേരള ഗവ. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷനും ഉന്നയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.