തിരുവനന്തപുരം: ബിനീഷ് കോടിയേരി ജയിലില്‍ കിടന്നപ്പോള്‍ സി.പി.എമ്മിന്‍റെ ഭാഗത്തുനിന്ന് ഒരു പിന്തുണയും കുടുംബത്തിന് ലഭിച്ചിട്ടില്ലെന്ന് ഭാര്യ റെനീറ്റ. ബിനീഷിനെതിരായ അന്വേഷണം രാഷ്ട്രീയമായിരുന്നു.
പാർട്ടി ഇടപെട്ടിരുന്നുവെങ്കില്‍ ഒരുവര്‍ഷം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു. ഇ.ഡി ആരുടെയൊക്കെയോ പേരുപറയാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്.
കോടിയേരി ബാലകൃഷ്ണന് ഒരുതരത്തിലും ഇടപെടാന്‍ സാധിച്ചില്ല. അത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കുണ്ട്.
അച്ഛന്‍ നില്‍ക്കുന്ന സ്ഥാനത്ത് നിന്നുകൊണ്ട് ഇടപെടാന്‍ കഴിയില്ല. ഇത്തരം ആരോപണം ഉയര്‍ന്നപ്പോഴും ബിനീഷിനെ ഒരിക്കല്‍ പോലും സംശയിച്ചിട്ടില്ലെന്നും കോടിയേരിയെന്നുള്ള പേര് കൊണ്ട് മാത്രമാണ് വേട്ടയാടുന്നതെന്നും റെനീറ്റ സ്വകാര്യ ചാനലിനോട് പറഞ്ഞു.
ബംഗളൂരു: സത്യം ജയിക്കുമെന്നും അറസ്റ്റിലായശേഷമുള്ള മുഴുവൻ കാര്യങ്ങളും വിശദീകരിക്കുമെന്നും ബിനീഷ് കോടിയേരി. ജയിൽ മോചിതനായശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനീഷ്. പിടിക്കപ്പെട്ട കേസിലെ കാര്യങ്ങളായിരുന്നില്ല ഇ.ഡി ചോദിച്ചത്. കേരളത്തിലെ ചില കേസുകളുമായി ബന്ധപ്പെട്ട പലരുടെയും പേരുകൾ തന്നെകൊണ്ട് പറയിപ്പിക്കാൻ ശ്രമിച്ചു. ഇ.ഡി പറഞ്ഞതുപോലെ ചെയ്തിരുന്നെങ്കിൽ പത്തു ദിവസത്തിനുള്ളിൽ പുറത്തിറങ്ങാൻ കഴിയുമായിരുന്നു.
കേരളത്തിൽ എത്തിയശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും. ഭരണകൂടത്തിന് അനഭിമതനായതുകൊണ്ടാണ് വേട്ടയാടുന്നത്. കേസ് കെട്ടിച്ചമച്ചതല്ല എന്നതിന് ഇ.ഡിക്ക് തെളിവ് നൽകാനായിട്ടില്ലെന്നും തന്‍റെ പേരിനൊപ്പമുള്ള കോടിയേരിയാണ് പലർക്കും പ്രശ്നമെന്നും ബിനീഷ് പറഞ്ഞു.
പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ തടവറ ജീവിതം ഒരു വർഷം തികയാൻ 11 ദിവസം കൂടി ബാക്കി നിൽക്കെയാണ് ബിനീഷിന്‍റെ ജയിൽ മോചനം. ബംഗളൂരുവിലെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനും പൊലീസ് ജീവനക്കാരനുമാണ് ജാമ്യം നിന്നത്. ഇവരുടെ ശമ്പള സ്ലിപ്പുകളും തിരിച്ചറിയല്‍ രേഖകളും ഉള്‍പ്പെടെയുള്ള ജാമ്യ സത്യവാങ്മൂലം ഇരുവരും കോടതിയില്‍ സമര്‍പ്പിച്ചു. തുടർന്ന് സെഷൻസ് കോടതിയിൽനിന്നും ലഭിച്ച വിടുതൽ ഉത്തരവ് ജയിലിലെത്തിച്ചശേഷമാണ് പുറത്തിറങ്ങിയത്. ബിനീഷിനെ സ്വീകരിക്കാന്‍ സഹോദരന്‍ ബിനോയ് കോടിയേരിയും സുഹൃത്തുക്കളും എത്തിയിരുന്നു.
2020 ഒക്ടോബർ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായി 14 ദിവസത്തെ ഇ.ഡി കസ്റ്റഡിക്കുശേഷം നവംബർ 11 മുതൽ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഏഴുമാസത്തെ വാദ പ്രതിവാദങ്ങൾക്കൊടുവിലായിരുന്നു ജാമ്യം.
വ്യാഴാഴ്ച ഹൈകോടതിയിൽനിന്ന് ഉപാധികളോടെ ജാമ്യം ലഭിച്ചെങ്കിലും ജയിൽ മോചനം വൈകി. വെള്ളിയാഴ്ച വൈകിട്ടോടെ ബിനീഷ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ജാമ്യം നിൽക്കാമെന്നേറ്റവർ അവസാന നിമിഷം ഉപാധികളെ തുടർന്ന് പിൻമാറി. തുടർന്ന് മറ്റു രണ്ടു ജാമ്യക്കാരെ ഹാജരാക്കിയെങ്കിലും കോടതി സമയം വൈകിയതോടെ നടപടി പൂർത്തിയാക്കാനായിരുന്നില്ല. അഞ്ചു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യത്തിന് പുറമെ സമാനമായ കുറ്റകൃത്യത്തിലേര്‍പ്പെടരുത്, തെളിവുകള്‍ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുത്, ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം, വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടു പോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.