തിരുവനന്തപുരം: ജനവാസ മേഖലയിലിറങ്ങുന്ന വന്യമൃഗങ്ങൾ പലതും വനത്തിൽ ക്രൂരമായി മുറിവേൽപിക്കപ്പെടുന്നതായി വനംവകുപ്പിന് വിവരം. കഴിഞ്ഞ കുറേനാളുകളായി കേരളത്തിന്റെ വനാർതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന പല വന്യമൃഗങ്ങളും ഗുരുതരമായി മുറിവേറ്റാണ് എത്തുന്നത്. ഏറ്റവും ഒടുവിൽ ഇടുക്കി, ഗ്രാമ്പിയിൽ സ്വയംരക്ഷാർഥം വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചതിനെ തുടർന്ന് ചത്ത കടുവ കാലിന് ഗുരുതരപരിക്കേറ്റാണ് ജനവാസമേഖലയിലെത്തിയത്.
ഇതിനുമുമ്പ് അതിരപ്പിള്ളി എസ്റ്റേറ്റിൽ മസ്തകത്തിൽ മുറിവേറ്റ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഏകദേശം ഒരുവയസ്സുള്ള കുട്ടിയാനയാണ് കഴിഞ്ഞമാസം ചരിഞ്ഞത്. കണ്ണൂർ ഇരിട്ടിയിൽ കീഴ്ത്താടിയിൽ ഗുരുതര മുറിവുമായി ജനവാസമേഖലയിൽ ഒരു പകൽ ചുറ്റിത്തിരിഞ്ഞ മൂന്നുവയസ്സുള്ള പിടിയാനയും ചരിഞ്ഞു. ഇത്തരത്തിൽ കാട്ടുപോത്തുകൾ, കാട്ടുപന്നികൾ, മാൻ, കുരങ്ങുകൾ തുടങ്ങി പല മൃഗങ്ങളും മുറിവേറ്റനിലയിൽ ജനവാസമേഖലകളിലെത്തുന്നു. ഇത് വളരെ ഗൗരവതരമെന്നാണ് വനംമന്ത്രി പ്രതികരിച്ചത്.
കഴിഞ്ഞദിവസം നിലമ്പൂരിൽ മാനിറച്ചിയുമായി പാമ്പുപിടിത്തക്കാരൻ പിടിയിലായതോടെ ഇത്തരം ചില സംഘങ്ങളും പ്രവർത്തിക്കുന്നുണ്ടോയെന്ന് വനംവകുപ്പ് ഗൗരവമായി പരിശോധിക്കുന്നു. സന്നദ്ധ പ്രവർത്തകരായി പാമ്പുപിടിത്തത്തിനും മറ്റും ലൈസൻസ് കരസ്ഥമാക്കിയശേഷം ചിലർ ഇത്തരം പ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്നുണ്ടോ എന്നാണ് സംശയം.
അങ്ങനെ കൃത്യവിലോപം കാട്ടിയതിനും പിടിക്കുന്ന പാമ്പുകളെ വനംവകുപ്പിനെ ഏൽപിക്കാതെ വീട്ടിൽ ദിവസങ്ങളോളം സൂക്ഷിച്ചതിന്റെ പേരിലും നടപടിക്ക് വിധേയമായവരുണ്ട്. പിടികൂടിയ പാമ്പുകളെ ജനവാസമേഖലക്ക് സമീപം തുറന്നുവിട്ടതിന്റെ പേരിൽ പൊലീസ് നടപടി നേരിട്ടവരും അങ്ങനെ ലൈസൻസ് തന്നെ റദ്ദാക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ഇത്തരക്കാരെയടക്കം നിരീക്ഷിക്കാനാണ് വനംവകുപ്പ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.