ആരാകും പുതിയ ഡി.ജി.പി? ചർച്ച സജീവം; ആറ് പേരുടെ പ്രാഥമിക പട്ടിക സംസ്ഥാനം കേന്ദ്രത്തിന് കൈമാറി

ആരാകും പുതിയ ഡി.ജി.പി? ചർച്ച സജീവം; ആറ് പേരുടെ പ്രാഥമിക പട്ടിക സംസ്ഥാനം കേന്ദ്രത്തിന് കൈമാറി

തിരുവനന്തപുരം: നിലവിലെ ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്‍റെ കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെ പുതിയ ഡി.ജി.പിയെക്കുറിച്ച് ചർച്ച സജീവം. ആരോപണവിധേയനായ എം.ആർ. അജിത്കുമാർ ഉൾപ്പെടെ 30 വർഷം സേവനം പൂർത്തിയാക്കിയ ആറ് ഐ.പി.എസുകാരുടെ പ്രാഥമിക പട്ടിക സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി.

റോഡ് സുരക്ഷ കമീഷണര്‍ നിധിന്‍ അഗര്‍വാള്‍, കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ അഡീഷനല്‍ ഡയറക്ടര്‍ രവാഡാ ചന്ദ്രശേഖര്‍, വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം, എസ്.പി.ജി അഡീഷനല്‍ ഡയറക്ടര്‍ സുരേഷ് രാജ് പുരോഹിത് എന്നിവരാണ് അജിത്കുമാറിന് പുറമേ പട്ടികയിലുള്ളത്. യോഗേഷ് ഗുപ്തക്കാണ് കൂടുതൽ സാധ്യത എന്ന വിലയിരുത്തലിലാണ് ആഭ്യന്തരവകുപ്പ്.

കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂര്‍ ജില്ല പൊലീസ് മേധാവിയായിരുന്ന റവാഡാ ചന്ദ്രശേഖർ വർഷങ്ങളായി കേന്ദ്ര സർവിസിലാണ്. സി.പി.എമ്മുമായും നല്ല ബന്ധമല്ല ഇദ്ദേഹത്തിന്. ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ള ഇദ്ദേഹത്തെ കേന്ദ്ര സർക്കാർ ഐ.ബി ഡയറക്ടറായി നിയമിക്കാനുള്ള സാധ്യതയുമുണ്ട്.

നിധിന്‍ അഗര്‍വാളിനെ ബി.എസ്.എഫ് ഡയറക്ടർ സ്ഥാനത്ത് നിന്ന് കേന്ദ്ര സർക്കാർ അപ്രതീക്ഷിതമായി നീക്കം ചെയ്തതാണ്. പട്ടികയിൽ അടുത്തയാളാണ് ഏതാനും വര്‍ഷമായി കേരളത്തില്‍ തുടരുന്ന യോഗേഷ് ഗുപ്ത.

സീനിയോറിറ്റി പ്രകാരം നാലാം സ്ഥാനക്കാരനായ ക്രമസമാധാന ചുമതലയുള്ള മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടർക്ക് തുല്യ പദവിയിലേക്കാണ് ഡി.ജി.പി ഗ്രേഡോടെ ഫയർഫോഴ്സ് മേധാവിയായി നിയമിച്ചത്. നിലവിലെ ഫയര്‍ഫോഴ്‌സ് മേധാവി കെ. പത്മകുമാര്‍ എപ്രിൽ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് 1994 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ചുമതലയിൽ പുതിയ ആളെ തീരുമാനിച്ചിട്ടില്ല.

Tags:    
News Summary - who will be the new dgp of kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.