തിരുവനന്തപുരം: കേരളത്തിന്റെ ജനവിധി വോട്ടുയന്ത്രത്തിലായതോടെ മുന്നണികൾക്ക് നെഞ്ചിടിപ്പ്. കുത്തനെ കുറഞ്ഞ പോളിങ് ശതമാനത്തിലാണ് ആശങ്ക. പോൾ ചെയ്യാതെ പോയ വോട്ടുകൾ ആരുടേതാകും. തെരഞ്ഞെടുപ്പ് ഫലത്തെ അത് എങ്ങനെ ബാധിക്കും.
തിരിച്ചും മറിച്ചും എല്ലാ സാധ്യതകളും കണക്കുകൂട്ടുകയാണ് പാർട്ടികൾ. എന്നാൽ, പലകുറി കൂട്ടിയും കിഴിച്ചും നോക്കിയിട്ടും ആർക്കും കണക്ക് കൃത്യം പിടികിട്ടുന്നില്ല. കാരണം, പോളിങ്ങിൽ വലിയ കുറവ് അപ്രതീക്ഷിതമാണ്. ആറുമണി പോളിങ് സമയം കഴിയുമ്പോൾ പല മണ്ഡലങ്ങളിലും പോളിങ് 70 ശതമാനം കടന്നില്ല.
നിശ്ചിത സമയം കഴിഞ്ഞും പലേടത്തും പോളിങ് തുടരേണ്ടിയും വന്നു. അതുകൊണ്ടുതന്നെ പോളിങ് ശതമാനത്തിന്റെ അന്തിമ കണക്ക് വൈകി മാത്രമേ ലഭിക്കുകയുള്ളൂ. 77.84 ശതമാനമാണ് 2019ലെ പോളിങ്. ആറുമണിയിലെ കണക്ക് വെച്ചുനോക്കിയാൽ എട്ടുശതമാനത്തോളമാണ് കുറവുള്ളത്.
പോളിങ് പൂർത്തിയാകുമ്പോൾ അത് കുറയും. 75 ശതമാനം വരെ എത്തുമെന്നാണ് കണക്കുകൂട്ടൽ. അപ്പോഴും 2019ലെ പോളിങ്ങിനെക്കാൾ മൂന്ന് ശതമാനം കുറവായിരിക്കും ഇക്കുറി. കനത്ത ചൂടിന്റെ പ്രതികൂല കാലാവസ്ഥ പോളിങ്കുറയാനിടയാക്കിയെന്നാണ് പൊതുവെ കണക്കുകൂട്ടുന്നത്.
എങ്കിലും ഇടതു വലതുമുന്നണികൾ ശുഭപ്രതീക്ഷയാണ് പങ്കുവെക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിക്ഷ നേതാവ് വി.ഡി. സതീശനുൾപ്പെടെ നേതാക്കൾ ചരിത്രവിജയം അവകാശപ്പെട്ടു. അക്കൗണ്ട് തുറക്കുമെന്ന അവകാശവാദം ബി.ജെ.പിയും ആവർത്തിക്കുന്നു.
ഭരണവിരുദ്ധ വികാരം തീവ്രമായി നിൽക്കുന്ന സാഹചര്യത്തിൽ പോളിങ് ശതമാനം പതിവിലും കൂടുന്നതാണ് പൊതുവെ കാണാറുള്ളത്. അങ്ങനെയെങ്കിൽ പോളിങ്ങിലെ കുറവ് സംസ്ഥാനത്ത് ഇടതുമുന്നണിക്ക് ആശ്വാസം പകരും. ബി.ജെ.പി വിരുദ്ധ വോട്ടിനൊപ്പം ഇടതുസർക്കാറിനെതിരായ വോട്ടുകളിൽ പ്രതീക്ഷ വെക്കുന്ന യു.ഡി.എഫിന്റെ വലിയ പ്രതീക്ഷകൾക്ക് അത് എതിരാകുകയും ചെയ്യും.
ത്രികോണ പോരാട്ടം നടക്കുന്ന തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിൽ പോളിങ്ങിലെ കുറവ് ഫലം പ്രവചനാതീതമാക്കുന്നുണ്ട്. വിജയി ആരാണെങ്കിലൂം ഭൂരിപക്ഷം നേരിയതാകുമെന്ന് കരുതുന്ന ഈ മണ്ഡലങ്ങളിൽ പോളിങ്ങിലെ കുറവ് അതിനിർണായകമാണ്.
സംസ്ഥാനമാകെ ന്യൂനപക്ഷ, തീരദേശ മേഖലകളിൽ ബൂത്തുകളിൽ മികച്ച പോളിങ് നടന്നു. ഈ വോട്ടുബാങ്കിൽ പ്രതീക്ഷ വെക്കുന്ന യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നു. സഭകളുടെ വോട്ടുബാങ്കിലേക്ക് നുഴഞ്ഞുകയറാനുള്ള ബി.ജെ.പി നീക്കം കാര്യമായി ഏശിയിട്ടില്ലെന്നതാണ് വോട്ടുചെയ്ത ശേഷം ക്രിസ്ത്യൻ സഭാ നേതാക്കൾ നൽകിയ പ്രതികരണം നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.