കണ്ണൂർ: മട്ടന്നൂർ കിൻഫ്ര പാർക്കിനുവേണ്ടി സ്ഥലമെടുത്തതിൽ വ്യാപക ക്രമക്കേടെന്ന് പരാതി. മട്ടന്നൂർ-ഇരിക്കൂർ റോഡിൽ വെള്ളിയാംപറമ്പിൽ 474 ഏക്കർ സ്ഥലമേറ്റെടുത്തതിലാണ് ക്രമക്കേട് നടന്നത്. ഭൂമി ഇല്ലാത്തവർക്കും ഭൂമിയുള്ളവർക്ക് രേഖകളിൽ അധികം കാണിച്ചും നഷ്ടപരിഹാരം അനുവദിച്ചതായാണ് പരാതി. ചെങ്കൽ ക്വാറികളും മറ്റും പ്രവർത്തിച്ചിരുന്ന സ്ഥലത്തെ ഭൂരിഭാഗവും തരിശായും കാടുകയറിയും കിടന്ന സ്ഥലമാണ് പാർക്കിന് ഏറ്റെടുത്തത്.
പട്ടാന്നൂര്‍, കീഴല്ലൂര്‍ വില്ലേജുകളിലായി ഭൂമി ഏറ്റെടുത്തതിൽ 215 പേർക്ക് നഷ്ടപരിഹാരം പാസ്സായിട്ടുണ്ട്. സെന്റിന് ലക്ഷവും ഒന്നര ലക്ഷവും വരെയാണ് നഷ്ടപരിഹാരത്തുക. ഇങ്ങനെ അർഹത നേടിയവരിൽ ഭൂമി ഉള്ളവരും ഇല്ലാത്തവരുമുണ്ട്. വെറുതെ ചൂണ്ടിക്കാണിച്ചുകൊടുത്ത ഭൂമിക്കുവരെ നഷ്ടപരിഹാരം അനുവദിച്ചെന്നാണ് ആരോപണം.
ഉദ്യോഗസ്ഥരുമായി ചേർന്നുള്ള ഒത്തുകളിയിലൂടെ പലരും ലക്ഷങ്ങൾ നഷ്ടപരിഹാരത്തിന് അർഹത നേടി. ഇത്തരം ഭൂമിക്ക് പിന്നീട് വ്യാജരേഖകൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. യഥാർഥ സ്ഥലമുടമകളിൽ ചിലർക്ക് തുക പാസ്സാകാതെ വന്നതോടെയാണ് ക്രമക്കേട് പുറത്തായത്. യഥാർഥ ഉടമക്ക് പകരം മറ്റ് അവകാശികളെ തിരുകിക്കയറ്റിയതോടെ പ്രശ്നം നിയമനടപടിയിലേക്ക് നീങ്ങി.
കണ്ണൂർ ചാലാട് സ്വദേശിയായ റിട്ട. ഹെഡ്മാസ്റ്റർ മുണ്ടയാടൻ രാജൻ ഇങ്ങനെ ഹൈകോടതിയെ സമീപിച്ച് തന്റെ സ്ഥലത്തിന് മറ്റൊരാൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സ്റ്റേ സമ്പാദിച്ചിട്ടുണ്ട്. അദ്ദേഹം 18 വർഷമായി നികുതി അടക്കുന്ന 17 സെന്റ് ഭൂമിയുടെ പകുതി അവകാശിയായി തമിഴ്നാട്ടിൽ താമസിക്കുന്ന മറ്റൊരാളെ ഉൾപ്പെടുത്തുകയായിരുന്നു. 16.75 സെന്റ് ഭൂമിയുടെ അവകാശിയായ ഒരു സ്ത്രീക്ക് 17 സെന്റിനുള്ള നഷ്ടപരിഹാരമാണ് പാസായത്. തനിക്ക് അവകാശപ്പെട്ട സ്ഥലത്തിന്റെ തുക മാത്രം മതിയെന്ന് എഴുതിനൽകിയിരിക്കുകയാണിവർ. ഇങ്ങനെ അനർഹമായത് ലഭിച്ചവരും അർഹതപ്പെട്ട സ്ഥലം നഷ്ടമായവരും ഏറെയുണ്ട്.
സ്ഥലം നഷ്ടപ്പെട്ടവർ പരാതി നൽകിയതിനെത്തുടർന്ന് സ്ഥലമേറ്റെടുപ്പിന്റെ ചുമതലയുള്ള റവന്യൂ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയിരുന്നു. എന്നാൽ, മറ്റു നടപടികൾക്ക് മുടക്കമൊന്നുമുണ്ടായില്ല. ആകെ 5000 ഏക്കർ ഭൂമി ഏറ്റെടുക്കുന്ന ബൃഹദ് പദ്ധതിക്കായി 12,000 കോടി രൂപയാണ് സർക്കാർ ബജറ്റിൽ വകയിരുത്തിയത്. 2020ലാണ് പാർക്കിനായി സ്ഥലമേറ്റെടുക്കൽ നടപടിക്ക് തുടക്കംകുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.