ചേര്‍പ്പ് (തൃശൂർ): പാറക്കോവിലില്‍ വാടകക്ക് താമസിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ബംഗാള്‍ ഹൂഗ്ലി ശേരാഫുളി ഫാരിഡ്പുര്‍ ജയാനല്‍ മാലിക്കിെൻറ മകന്‍ മന്‍സൂര്‍ മാലികിനെ (40) കൊലപ്പെടുത്തിയ കേസിൽ ഭാര്യ രേഷ്മ ബീവി (30), അയല്‍വാസിയും കാമുകനുമായ ബീരു (33) എന്നിവരാണ് അറസ്റ്റിലായത്.
മാലികിനെ ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത് ബീരുവാണെന്ന് പൊലീസ് അറിയിച്ചു. കുടുംബ വഴക്കിനിടെ താൻ കൊലപ്പെടുത്തിയെന്നാണ് നേരേത്ത രേഷ്മ പറഞ്ഞിരുന്നത്. ഇരുവരെയും വെവ്വേറെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരങ്ങൾ വെളിപ്പെട്ടത്.
ബീരു മന്‍സൂറിന് മദ്യം നല്‍കിയ ശേഷം ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ബീരുവും രേഷ്മയും ചേര്‍ന്ന് വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു. ആർ.ഡി.ഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഈ മാസം 13 മുതല്‍ മന്‍സൂറിനെ കാണാനില്ലെന്ന് രേഷ്മ ഞായറാഴ്ച ചേര്‍പ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം തുടരുന്നതിനിടെ ഭര്‍ത്താവിനെ കൊന്നത് താനാണെന്ന് മറ്റൊരു അന്തർ സംസ്ഥാന തൊഴിലാളി മുഖേന പൊലീസില്‍ അറിയിക്കുകയായിരുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നു കൊലപാതകം. സംശയം തോന്നാതിരിക്കാനാണ് പരാതി നൽകിയത്.
11 വര്‍ഷമായി കേരളത്തില്‍ സ്വര്‍ണപ്പണി നടത്തുന്ന മന്‍സൂര്‍ ഒരുകൊല്ലമായി ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം ചേര്‍പ്പിലെ വാടകവീട്ടിലാണ് താമസം. മുകള്‍നിലയില്‍ മന്‍സൂറിെൻറ കുടുംബവും താഴെ ബീരുവുമാണ് താമസിച്ചിരുന്നത്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.