കൊച്ചി: വിവാഹമോചനത്തിന് നടപടി തുടങ്ങിയാൽ ഇരുപതാഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് ഹൈകോടതി. അമ്മക്കോ, ഗർഭസ്ഥശിശുവിനോ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, അമ്മയുടെ മാനസിക പ്രശ്നങ്ങൾ, വിവാഹമോചനം, ഭർത്താവിന്‍റെ മരണം തുടങ്ങിയ സാഹചര്യങ്ങളിൽ മാത്രമാണ് വിവാഹിതയായ സ്ത്രീക്ക് ഇരുപതാഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് പ്രകാരം നിലവിൽ അനുമതിയുള്ളത്. നിയമ തടസ്സങ്ങളുള്ളതിനാൽ ഇരുപതാഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി തേടി 23കാരി സമർപ്പിച്ച ഹരജി അനുവദിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്.
ഭർത്താവുമായി വിവാഹമോചനത്തിനുള്ള നടപടികൾ ആരംഭിച്ചെന്നും 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകണമെന്നുമായിരുന്നു ഹരജിക്കാരിയുടെ ആവശ്യം. നിയമപ്രശ്നം വിലയിരുത്തി റിപ്പോർട്ട് നൽകാൻ നിയമിച്ച അഡ്വ. പൂജാ മേനോൻ സമാന കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച അനുകൂല ഉത്തരവ് ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകി.
ഹരജിക്കാരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ടും പരിഗണിച്ചാണ് ഗർഭഛിദ്രത്തിന് സിംഗിൾ ബെഞ്ച് അനുമതി നൽകിയത്. ഭർതൃബലാൽക്കാരത്തിന് സമാനമായ അതിക്രമം ഭർത്താവിൽ നിന്നുണ്ടായി എന്നതടക്കമുള്ള ആരോപണമാണ് ഹരജിയിൽ ഉന്നയിച്ചിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.