മേപ്പാടിയിലെ കാട്ടാനയാക്രമണം: റിസോർട്ടുകളും ഇക്കോ ടൂറിസവും അടച്ചുപൂട്ടണം

മേപ്പാടിയിലെ കാട്ടാനയാക്രമണം: റിസോർട്ടുകളും ഇക്കോ ടൂറിസവും അടച്ചുപൂട്ടണം'

കൽപറ്റ: മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഗ്രാമത്തിലെ അറുമുഖൻ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടതിൻ്റെ യഥാർഥ ഉത്തരവാദികളെ കുറിച്ച് പറയാൻ എല്ലാവരും ഭയപ്പെടുകയാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി . വനം വകുപ്പിന്റെ മാത്രം തലയിൽ കുറ്റം ചാർത്തി രക്ഷപ്പെടാൻ എല്ലാവരും ബദ്ധപ്പെടുകയാണ്. ക്ഷണിച്ചു വരുത്തിയ കൊലപാതകങ്ങളാണ് അവിടെ അടിക്കടി സംഭവിച്ചു കൊണ്ടിരിക്കുന്നത്. അട്ടമല മുതൽ ലക്കിടി വരെ നീണ്ടു കിടക്കുന്ന ചെമ്പ്രാ മലനിരകളുടെ കിഴക്കൻ ചെരുവിലെ അനിയന്ത്രിതവും നിയമവിരുദ്ധവുമായ ടൂറിസവും വനം വകുപ്പിൻ്റെ ചെമ്പ്ര, സൂചിപ്പാറ ഇക്കോ ടൂറിസവുമാണ് പ്രധാന കാരണങ്ങൾ.

ഇവയെയെല്ലാം അടച്ചുപൂട്ടിക്കാൻ ജനങ്ങൾ മുന്നോട്ടു വന്നില്ലെങ്കിൽ ഇനിയും ഇത്തരം മരണങ്ങൾ ആവർത്തിക്കും. മലഞ്ചരിവുകളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ , ഗ്ലാസ്സ് ബ്രിഡ്ജുകൾ, ഓഫ് റോഡ് ട്രക്കിംഗുകൾ, ടെൻ്റ് ടൂറിസം എന്നിവയെല്ലാം പൊളിച്ചുമാറ്റണമെന്നും സമിതി ആവശ്യപ്പെട്ടു. എങ്കിൽ മാത്രമെ ആനകളുടെ ആക്രമണവും വന്യജീവി പ്രശ്നവും പരിഹരിക്കാനാവൂ. അവയെ ഇന്നത്തെതു പോലെ കയറൂരി വിട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നും ജനങ്ങൾക്ക് ഭയരഹിതമായി ജീവിക്കാൻ സാധിക്കുമെന്നും കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്.

യഥാർഥ കാരണം പകൽപോലെ വൃക്തമായിട്ടും കണ്ണടച്ചിരുട്ടാക്കി ആനകൾക്കും വന സംരക്ഷകർക്കുമെതിരെ കലി തുള്ളുന്ന മേപ്പാടി പഞ്ചായത്ത് പ്രസിഡൻ്റും അംഗങ്ങളും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും കപടനാടകമാടുകയാണ്.

വനം വകുപ്പിലെ ഉത്തരവാദപ്പെട്ടവർ ഇതിനൊക്കെ കൂട്ടുനിൽക്കുകയാണ്. മുണ്ടക്കൈ ദുരന്തത്തിനു ശേഷവും മേപ്പാടി പഞ്ചായത്തിൽ മാത്രം 500 ലധികം നിയമവിരുദ്ധ റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. വൈത്തിരി പഞ്ചായത്തിൽ വേറെയും. ഇതിലേറെയും ചെമ്പ്രാ മലനിരകളുടെ കിഴക്കൻ ചരിവിലാണ്. റിസോർട്ടുകളുടെ ലൈസൻസുമായി ബന്ധപ്പെട്ട് വൻ അഴിമതിയാണ് വയനാട്ടിലെ മുഴുവൻ പഞ്ചായത്തുകളിലും നടന്നുകൊണ്ടിരിക്കുന്നത്.

സർവ്വകക്ഷി യോഗത്തിലോ ജനക്കൂട്ടത്തോടൊപ്പം വനം വകപ്പ് ഉദ്വോഗസ്ഥരെ വളഞ്ഞിട്ട് വിചാരണ ചെയ്യുന്ന നേതാക്കളോ യഥാർത്ഥ കാരണം വെളിപ്പെടാതിരിക്കാൻ അതീവജാഗരൂകരാണ്. ഇവരൊക്കെ കൂടിയ മാഫിയയാണ് എല്ലാം തീരുമാനിക്കുന്നത്. അവരാണ് എല്ലാറ്റിനും കാരണക്കാരും.

പരമ്പരാഗതമായ ആനത്താരകളിലൂടെ സഞ്ചരിച്ച് യഥേഷ്ടം വിഹരിച്ചിരുന്ന വന്യജീവികളെ പ്രകോപിപ്പിക്കുന്ന കുറ്റകരമായ നടപടികളാണ് സമീപകാലത്ത് ഈ പ്രദേശത്താകെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മലഞ്ചരികളിലൂടെ ആയിരക്കണക്കിന് ജീപ്പുകളും ഓഫ് റോഡ് വാഹനങ്ങളുമാണ് രാപ്പകൽ ഭേദമില്ലാതെ ഈ മലഞ്ചരിവുകളിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. വലിയ ശബ്ദകോലാഹലങ്ങളും കാട്ടിന്നുള്ളിൽ വലിയ വെളിച്ചവും അവർ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഇതിനൊക്കെ അറുതി വരുത്തിയിലെങ്കിൽ മനുഷ്യജീവനുകൾ ഇനിയും നഷ്ടപ്പെടും. വന്യജീവികൾക്കും ജീവഹാനിസംഭവിക്കും. ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാറും അടിയന്തിര നടപടികൾ എടുക്കണം. സമിതി യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷൻ.എം.ഗംഗാധരൻ,തോമസ്സ് അമ്പലവയൽ, ഒ. ജെ. മാത്യൂ, ബാബു മൈലമ്പാടി, എ.വി. മനോജ് , സണ്ണി മറക്കടവ്, പി.എം സുരേഷ് പ്രസംഗിച്ചു.

Tags:    
News Summary - Wild elephant attack in Meppadi: Resorts and eco-tourism should be closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.