റാന്നി: വെച്ചൂച്ചിറ മണ്ണടിശാല പരുവയില്‍ കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ചു. ശനിയാഴ്ച പുലർച്ചയാണ് സംഭവം. ജനവാസ മേഖലയിലെത്തി വ്യാപക കൃഷിനാശം വരുത്തിയ കാട്ടാനക്കൂട്ടം പ്രദേശവാസികളില്‍ ഭീതി സൃഷ്ടിച്ചു. പമ്പാനദി വഴി പരുവ കരയിലെത്തിയ ആന അന്ത്യാംകുളം പടിയിലെ ബാലവാടിക്ക് സമീപമാണെത്തിയത്.
ഒരു കുട്ടിയാന ഉള്‍പ്പെടുന്ന മൂന്നംഗ സംഘമാണ് ജനവാസ മേഖലയിലെത്തിയത്. വാഴ,കായ്ഫലമുള്ള തെങ്ങുകള്‍, പ്ലാവ് തുടങ്ങിയവ മൂടോടെ നശിപ്പിച്ചിട്ടുണ്ട്. നാരങ്ങാനം പ്രസാദിെൻറ വാഴയും പ്ലാവിലെ ചക്കയും തിന്ന കാട്ടാനക്കൂട്ടം തെള്ളിയിലെ വസ്തുവിലെ തെങ്ങുകളും മറിച്ചിട്ടു.
പെരുന്തേനരുവിക്ക് അടിവശത്ത് കൃഷി ചെയ്ത നാരങ്ങാനം പ്രസാദ്, ബിജു തെള്ളിയിൽ, പുത്തൻപുരക്കൽ ശശി, കൊച്ചുമോൻ തൈക്കൂട്ടത്തിൽ, രണ്ടുമാവുങ്കൽ മനോജ്, എന്നിവരുടെ കൃഷി ഇടങ്ങളിലും കാട്ടാനകൾ കയറി. കായ്ഫലം ഉള്ള മൂന്ന് തെങ്ങ്, കവുങ്ങ്, കൊക്കോ, നൂറ്റി അമ്പതോളം വാഴകൾ, പ്ലാവ് എന്നിവ കാട്ടാനക്കൂട്ടം നശിപ്പിച്ചു.
ഒരുമാസം മുമ്പ് കുരുമ്പൻ മൂഴിയിൽ മനയത്ത് മാലിൽ കുഞ്ഞുമോെൻറ കൃഷി നശിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഈ സമയത്താണ് ആന കട്ടിക്കല്ലിൽ കയറി കൃഷിനശിപ്പിക്കുകയും ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും ചെയ്തത്. പമ്പാ നദി കടന്ന് തുടരെ ആനകൾ കയറി കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
ഒരുവര്‍ഷം മുമ്പ് ഇവിടെനിന്ന് രണ്ടുകിലോമീറ്ററകലെ ജനവാസ മേഖലയിലെത്തിയ കാട്ടാനയെ തുരത്തുന്നതിനിടയില്‍ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന് ആനയുടെ കുത്തേറ്റുമരിച്ചിരുന്നു. പെരുന്തേനരുവി ടൂറിസം മേഖലയുടെ സമീപം കുടമുരട്ടി വനമേഖലയില്‍ ഒരുമാസമായി ആനയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
വിനോദ സഞ്ചാരികള്‍ തലനാരിഴക്കാണ് ആനയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത്. വനമേഖലയിലെ തീറ്റ കുറഞ്ഞതും വേനല്‍ കടുത്തതോടെ ജലദൗര്‍ലഭ്യം ഉണ്ടായതുമാകാം ആന ജനവാസ മേഖലയിലേക്ക് തിരിയാൻ കാരണം. ആനശല്യം തടയുന്നതിന് വേലി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.നശിപ്പിച്ച കൃഷിയിടങ്ങൾ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ജയിംസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.വി. വർക്കി, വർഡ് മെംബർ പ്രസന്നകുമാരി, കരികുളം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് അധികൃതര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
വെച്ചൂച്ചിറ പരുവയിൽ കാട്ടാനക്കൂട്ടംകൃഷി നശിപ്പിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.