മലപ്പുറം: നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ ഓരോ വർഷവും വനംവകുപ്പ് കോടികൾ പൊടിക്കുമ്പോൾ വന്യജീവി ആക്രമണത്തിന്റെ ഇരകൾക്ക് നൽകാൻ സർക്കാറിന് പണമില്ല. കഴിഞ്ഞ മൂന്നു വർഷത്തിനിടെ, വന്യജീവി പ്രതിരോധത്തിന് വനംവകുപ്പ് ചെലവഴിച്ചത് 57.15 കോടി രൂപ.
അതേസമയം, വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് 2021 മുതലുള്ള 6773 പേരുടെ അപേക്ഷകളിൽ നഷ്ടപരിഹാരം നൽകിയിട്ടില്ല. വന്യമൃഗ ആക്രമണങ്ങളിലുള്ള ജീവഹാനി, പരിക്ക്, കന്നുകാലി-കൃഷി നാശം എന്നിവക്കാണ് വനംവകുപ്പ് നഷ്ടപരിഹാരം നൽകേണ്ടത്.
ഫണ്ടിന്റെ ലഭ്യതക്കുറവും വ്യക്തമായ രേഖകൾ സമർപ്പിക്കാത്തതുമാണ് നഷ്ടപരിഹാര വിതരണം വൈകാൻ വനംവകുപ്പ് പറയുന്ന കാരണം. വനം ഓഫിസുകളിൽ 2021-22ൽ ലഭിച്ച 1191ഉം 2023-23ൽ ലഭിച്ച 2222ഉം 2023-24ൽ ലഭിച്ച 3360ഉം അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. 2021-22ൽ ജീവഹാനി സംഭവിച്ച 118 പേരിൽ 98 പേർക്കും 2022-23ൽ ജീവഹാനി സംഭവിച്ച 106 പേരിൽ 89 പേർക്കും 2023-24ൽ ജീവഹാനി സംഭവിച്ച 75 പേരിൽ 65 പേർക്കുമാണ് നഷ്ടപരിഹാരം നൽകിയത്.
2023 ഏപ്രിൽ മുതൽ 2024 ജനുവരി വരെ 6461 വന്യജീവി ആക്രമണങ്ങളിൽ പരിക്കേറ്റത് 669 പേർക്കാണ്. നഷ്ടപരിഹാരം ലഭിച്ചത് 338 പേർക്കും. 2022-23ൽ 8451 വന്യജീവി ആക്രമണങ്ങളിൽ 1209 പേർക്ക് പരിക്കേറ്റു. നഷ്ടപരിഹാരം ലഭിച്ചത് 956 പേർക്ക്. 2021-22ൽ 8841 വന്യജീവി ആക്രമണങ്ങളിൽ 1327 പേർക്ക് പരിക്കുപറ്റി, നഷ്ടപരിഹാരം കിട്ടിയത് 951 പേർക്ക് മാത്രം.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ നഷ്ടപരിഹാരമായി 11.23 കോടി രൂപ മാത്രമാണ് നൽകിയത്. സൗരോർജവേലി, കിടങ്ങുകൾ, റാപിഡ് റെസ്പോൺസ് ടീമുകൾ (ആർ.ആർ.ടി) എന്നിവയടക്കം വന്യജീവി പ്രതിരോധത്തിന് കോടികൾ നീക്കിവെക്കുമ്പോഴും വന്യജീവി ആക്രമണങ്ങളിൽ ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണത്തിൽ കുറവുവരുന്നില്ല. 2016 മുതൽ 2023 വരെ 55,839 വന്യജീവി ആക്രമണങ്ങളിലായി 909 പേർക്ക് ജീവഹാനി സംഭവിച്ചു. 7492 പേർക്ക് പരിക്കേറ്റു. 68.43 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചു.
വന്യജീവികൾ നാട്ടിലിറങ്ങുന്നത് തടയാൻ, ആവാസവ്യവസ്ഥ പുനഃസ്ഥാപനം എന്ന പേരിൽ വനത്തിലെ അക്കേഷ്യ, യൂക്കാലിപ്റ്റസ് തുടങ്ങിയ വിദേശയിനം മരങ്ങൾ മുറിച്ചുനീക്കി ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനാണ് ഫണ്ടിന്റെ ഗണ്യമായ ഭാഗം വനംവകുപ്പ് ചെലവഴിക്കുന്നത്. ഈയിനത്തിൽ മാത്രം കഴിഞ്ഞ മൂന്നു വർഷത്തിനിടെ ചെലവഴിച്ചത് 20.03 കോടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.