തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ വിട്ടയക്കില്ലെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ. കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ ടി.പി കേസിലെ പ്രതികൾക്ക് ഇളവുണ്ടാവില്ല. ഇക്കാര്യത്തിൽ ജയിൽ സൂപ്രണ്ടിന് എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടായതാവാം. അന്വേഷണം നടത്തി ഉടൻ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നും ജയിൽ വകുപ്പ് മേധാവി അറിയിച്ചു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മൂന്ന് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ നീക്കം നടന്നിരുന്നു. 20 വർഷം വരെ ഇളവില്ലാതെ ഹൈകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചവരെയാണ് മോചിപ്പിക്കാൻ ശ്രമം നടന്നത്. ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയിൽ ഇളവ് നൽകാനാണ് സർക്കാർ നീക്കം നടത്തിയത്. ഇതുസംബന്ധിച്ച് ശിക്ഷയിളവിൽ പൊലീസിനോട് പ്രതികളുടെ റിപ്പോർട്ടാവശ്യപ്പെടുന്ന കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ കത്ത് പുറത്തായി.
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറോടാണ് ജയിൽ സൂപ്രണ്ട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. 2022ലെ സർക്കാർ ഉത്തരവ് പ്രകാരം മൂന്ന് പ്രതികളെ വിട്ടയയ്ക്കാനുള്ള പ്രാഥമിക ആലോചനയുണ്ടെന്നും അതിനാൽ ഇവരെക്കുറിച്ച് അന്വേഷണം ആവശ്യമുണ്ടെന്നും ജൂൺ 13ന് അയച്ചിരിക്കുന്ന കത്തിൽ സൂചിപ്പിക്കുന്നു. ഈ പ്രതികളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇവരെ കുറിച്ചുള്ള റിപ്പോർട്ട് തേടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജയിലിൽ കഴിയുന്ന പ്രതികൾക്ക് ശിക്ഷ ഇളവ് നൽകുന്നതിന് സംസ്ഥാനത്ത് മാർഗനിർദേശം നിലവിലുണ്ട്. ഇത് പരിഗണിച്ചാണ് ടി.പി. വധക്കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കം നടക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരുടെ പട്ടിക ജയിൽ ഉപദേശക സമിതി തയാറാക്കിയിട്ടുണ്ട്. ഈ പട്ടികയിലാണ് ടി.പി. വധക്കേസിലെ മൂന്ന് പ്രതികളുടെയും പേര് ഉൾപ്പെട്ടിട്ടുള്ളത്. തുടർച്ചയായി 20 വർഷം ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കണമെന്ന് ഹൈകോടതി വിധിച്ചവരാണ് മൂന്ന് പ്രതികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.