തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമോ എന്ന് ഉറപ്പാക്കും മുമ്പേ സർക്കാർ ശിപാർശ വിവാദത്തിൽ. പൊലീസിനെ ഉപയോഗിച്ച് കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും നശിപ്പിച്ച ശേഷമാണ് സർക്കാർ അന്വേഷണത്തിന് സി.ബി.ഐയെ ശിപാർശ ചെയ്തതെന്നാണ് പ്രധാന ആരോപണം. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ചെറിയാന്‍ ഫിലിപ്പാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. തുടക്കം മുതൽ വൈത്തിരി ലോക്കൽ പൊലീസ് അന്വേഷണത്തിനെതിരെ ആക്ഷേപം വ്യാപകമായിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തിൽ ബി.ജെ.പിക്കും കോൺഗ്രസിനും പ്രചാരണ ആയുധമാണ് സിദ്ധർഥന്‍റെ മരണം. ഇതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് പതിവിന് വിപരീതമായി സർക്കാറിന്‍റെ ധിറുതിപിടിച്ചുള്ള സി.ബി.ഐ അന്വേഷണ ശിപാർശ. പെരിയ ഇരട്ടക്കൊല, ഷുഹൈബ് വധം, ടി.പി. ചന്ദ്രശേഖരൻ കൊല, അരിയിൽ ഷുക്കൂർ വധം തുടങ്ങി മുൻകാല രാഷ്ട്രീയ കൊലപാതകങ്ങളിലൊന്നും സ്വീകരിക്കാത്ത നിലപാടാണ് പൂക്കോട് കൊലപാതകത്തിൽ സർക്കാറിന്‍റേത്. കോൺഗ്രസ് പോഷക സംഘടനകളുടെ അനിശ്ചിതകാല സമരത്തിന് ലഭിച്ച പ്രചാരണത്തിനു പിന്നാലെ വെറ്ററിനറി സർവകലാശാല വി.സിയെ സസ്പെൻഡ് ചെയ്തും ജുഡീഷ്യൽ അന്വേഷണത്തിനായി ഹൈകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചും ഗവർണറും തന്‍റേതായ രാഷ്ട്രീയ ഇടപെടൽ നടത്തിയതും സർക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു.
അതേസമയം, അന്വേഷണം ഏറ്റെടുക്കുന്നതിന് കേന്ദ്ര ഏജൻസിയായ സി.ബി.ഐയുടെ നടപടിക്രമങ്ങൾ പ്രധാനമാണ്. സിദ്ധാര്‍ഥന്റെ മരണം ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. കേസുമായി ബന്ധപ്പെട്ട ലോക്കൽ പൊലീസിൽനിന്നുള്ള തെളിവുകളും കണ്ടെത്തലുകളും പരിശോധിച്ച ശേഷമേ തീരുമാനമുണ്ടാകൂ. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിന്‍റെ രാഷ്ട്രീയം നിഴലിക്കാമെന്ന വിലയിരുത്തലുമുണ്ട്.
സി.ബി.ഐക്ക് വിടാൻ സന്നദ്ധത അറിയിച്ചതുകൊണ്ടുമാത്രം കൂടുതൽ ഒന്നും സംഭവിക്കാൻ ഇടയില്ലെന്ന് വിരമിച്ച മുതിർന്ന പൊലീസ് ഉദ്യോഗാസ്ഥൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.