പെരിന്തൽമണ്ണ: നിയമസഭയിൽ ചോദ്യം ചോദിക്കുക മാത്രമാണോ എം.എൽ.എമാരുടെ പണി. അതുകൊണ്ടും പരിഹാരമായില്ലെങ്കിൽ കൂടെയുണ്ടെന്ന് കരുതുന്ന ജനങ്ങളെ സംഘടിപ്പിച്ച് പൊതുജന വികാരം സർക്കാറിനെ ബോധ്യപ്പെടുത്തുകയാണ് ജനാധിപത്യ സംവിധാനത്തിൽ ചെയ്യാറ്. ഈ ബാധ്യത പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിലെ എം.എൽ.എമാർ നിർവഹിക്കുന്നില്ലെന്നാണ് ഉയരുന്ന വിമർശനം. 2016 മുതലുള്ള രണ്ടുഘട്ടമായ ഇടതുപക്ഷ ഭരണത്തിൽ പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളുടെ വികസന മുരടിപ്പിന് ഈ നിസ്സംഗത കൂടിയാണ് കാരണം. പെരിന്തൽമണ്ണയിൽനിന്നുള്ള പട്ടാമ്പി റോഡും അങ്ങാടിപ്പുറത്തുനിന്നുള്ള വളാഞ്ചേരി റോഡും രണ്ടുമണ്ഡലങ്ങളിലെയും പ്രധാന യാത്ര വഴികളാണ്. യാത്ര ചെയ്യുന്നവർ ഇപ്പോൾ ആരാണിവിടെ എം.എൽ.എ എന്ന് ചോദിച്ചുതുടങ്ങിയിരിക്കുന്നു.
രണ്ടു മണ്ഡലങ്ങളിലെയും എം.എൽ.എമാർ നാട്ടുകാരുടെ പരാതിക്ക് നടുവിൽ മറുപടിയില്ലാതെ കുഴങ്ങിയതോടെ ആഴ്ചകൾ മുമ്പ്, ദിവസങ്ങളുടെ വ്യത്യാസത്തിൽ വാർത്തസമ്മേളനം വിളിച്ച് ജനകീയ സമരം പ്രഖ്യാപിച്ചു.
ഇത്തരം സമരം നടത്താനുള്ളതല്ലെന്ന് കേട്ടവർക്കുതന്നെ തോന്നിയിരുന്നു. എന്ത് ചെയ്തു എന്ന ചോദ്യത്തിന് നിയമസഭയിൽ ഉയർത്തിയ ചോദ്യത്തിന്റെയും സബ്മിഷന്റെയും കണക്ക് പറഞ്ഞാൽ മതിയോ? സർക്കാർ ഫണ്ട് വാങ്ങിയെടുക്കാൻ കഠിനാധ്വാനവും ആത്മാർഥതയും വേണ്ടേ. അത് ഉണ്ടായാൽ മാത്രം പോരാ, ജനങ്ങൾക്ക് ബോധ്യം വരുകയും വേണം. ഇതിന്റെ അവസാനത്തെ വഴിയാണ് ജനങ്ങളെ സംഘടിപ്പിച്ചുള്ള സമരം.
140 കോടി രൂപ എസ്റ്റിമേറ്റ് കണക്കാക്കി മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ ഉള്ള നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ 30 കി.മീ റോഡ് പ്രവൃത്തി മുൻ പിണറായി സർക്കാർ അനുവദിച്ച് തുടങ്ങിയതാണ്. ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കേണ്ടത് മൂന്നു വർഷമായിട്ടും 52 ശതമാനത്തിൽ നിൽക്കുന്നു. നിർമാണം പാതിവഴിയിലിട്ടതോടെ ഇതുവഴി യാത്ര ചെയ്ത യുവതിയുടെ ഗർഭം അലസിയ സംഭവം വരെ ഉണ്ടായി. കരാറുകാരന് കൊടുത്ത സമയത്തിന്റെ ഇരട്ടിയായിട്ടും പണി പകുതിയിൽ നിൽക്കുന്നെങ്കിൽ പൊതുമരാമത്ത് വകുപ്പ് നടപടിക്രമങ്ങൾ പ്രകാരം പല നടപടികളുമുണ്ട്. പ്രതിപക്ഷ എം.എൽ.എയുടെ മണ്ഡലത്തോട് ഇത്രയേറെ പിടിവാശി തുടരുന്ന സർക്കാർ സംവിധാനത്തിൽ ആശുപത്രി നഗരം അനുഭവിക്കുന്ന യാത്രാക്ലേശവും വികസന മുരടിപ്പും എങ്ങനെ പരിഹരിക്കാനാണ് എന്നാണ് മറ്റൊരു ചോദ്യം. പ്രതിപക്ഷ എം.എൽ.എമാർക്ക് എല്ലായിടത്തുനിന്നും കൈയടി പ്രതീക്ഷിക്കാൻ പറ്റില്ലല്ലോ, ചിലപ്പോൾ മുഖം കറുപ്പിക്കേണ്ടി വരും.
വെയിലുകൊണ്ട് മുദ്രാവാക്യം വിളിക്കലും സമരം നടത്തലും മെനക്കെട്ട പണിയായത് കൊണ്ട് തന്നെ ജനപ്രതിനിധികൾക്ക് സമരം ‘പ്രഖ്യാപിക്കാനുള്ളത്’മാത്രമാണ്. മൂന്നു വർഷമായിട്ടും റോഡ് പണി പൂർത്തിയാക്കാത്തതിന് മുഖ്യമന്ത്രിക്കും മരാമത്ത് മന്ത്രിക്കുമെതിരെ രൂക്ഷമായ മുദ്രാവാക്യമുയർത്തി പുലാമന്തോളിൽ ഒക്ടോബർ ഒന്നിന് നാട്ടുകാർ തെരുവിലിറങ്ങി.
മങ്കട മണ്ഡലത്തിൽ അങ്ങാടിപ്പുറം മുതൽ വളാഞ്ചേരി റോഡിൽ മിക്കയിടത്തും തകർന്നിട്ട് നാലുവർഷത്തിലേറെയായി. 13 കി.മീ ഭാഗത്തേക്ക് 16 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും അതിൽ നടപടിയുണ്ടായില്ല. പിന്നീട് നിരന്തരം ശബ്ദമുയർത്തിയ ശേഷം റോഡ് പുനരുദ്ധാരണത്തിന് അഞ്ചുകോടി രൂപ ആഴ്ചകൾ മുമ്പ് അനുവദിച്ചു. അതും മന്ത്രിയുടെ പാർട്ടിയുടെ നിവേദനം ലഭിച്ചശേഷം.
വികസനത്തിന് ചില രാഷ്ട്രീയവുമുണ്ട്. മങ്കടയിലും പെരിന്തൽമണ്ണയിലും പ്രത്യേകിച്ചും. രണ്ടുവർഷവും നാലുമാസവും പിന്നിടുകയാണ് ഈ സർക്കാർ. ഇനി രണ്ടുവർഷവും എട്ടു മാസവുമുണ്ട്. വികസന മുരടിപ്പിൽ ജനപ്രതിനിധികൾ കാഴ്ചക്കാരായി നിന്നുകൂടെന്നാണ് പൊതുജനം ചൂണ്ടിക്കാട്ടുന്നത്. പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ടൗണുകളുടെ പൊതുവായ പ്രശ്നം മുഖവിലക്കെടുത്ത് വിശദമായി മാസ്റ്റർപ്ലാൻ തയാറാക്കി അത് ചുവപ്പ് നാടയിൽ കുരുക്കിയിടാതെ പരിഹാരം കാണാനുമുള്ള ഊർജിത ശ്രമമാണിനി വേണ്ടത്. നിർദിഷ്ട ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് യാഥാർഥ്യമാവുന്നതിലെങ്കിലും എത്തണം. ഫണ്ടിന്റെ വലുപ്പം പറഞ്ഞ് നീട്ടിക്കൊണ്ടുപോവാൻ ശ്രമമുണ്ട്. ഫണ്ടും പദ്ധതികളും ഫലപ്രദമായും സമയബന്ധിതമായും നിരത്തിലിറങ്ങുന്നെന്ന് ഉറപ്പാക്കാൻ കൂടി കാര്യക്ഷമമായ ഇടപെടൽ വേണ്ടതുണ്ട്. അല്ലെങ്കിൽ 2016ലും 2021ലും നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടുമണ്ഡലങ്ങളിലും മുഖ്യ പ്രചാരണ വിഷയമായിരുന്ന ബൈപാസും റോഡും പശ്ചാത്തല വികസനവും ഗതാഗതക്കുരുക്കും 2026ലെ തെരഞ്ഞെടുപ്പിലും ഉയർത്തി ജനങ്ങള സമീപിക്കേണ്ടിവരും. അത് കേൾക്കുമ്പോൾ സ്വാഭാവികമായും ജനം പരിഹസിക്കും.
നിയന്ത്രണംവിട്ട് ചരക്ക് ലോറികളോ യാത്രാവാഹനങ്ങളോ ഓരാടംപാലത്തിൽനിന്ന് തോട്ടിൽ വീണു എന്ന തലക്കെട്ടിൽ വാർത്ത വന്നാൽ അങ്ങാടിപ്പുറത്തുകാർക്ക് വലിയ അതിശയം തോന്നാറില്ല. പതിറ്റാണ്ടുകളായി കാണുന്നതും കേൾക്കുന്നതുമാണത്. പാലക്കാട്-കോഴിക്കോട് ദേശീയപാത 966ൽ അപകടക്കെണിയായി തുടരുകയാണ് ഈ ചെറിയ പാലം. പുതുക്കിപ്പണിയാനുള്ള പദ്ധതി അഞ്ചുവർഷം മുമ്പ് തയാറാക്കിയതാണ്.
ദേശീയപാതയിൽ ഉപരിതല ഗതാഗത വകുപ്പ് നടത്തി വന്ന പ്രവൃത്തികൾക്കൊപ്പം പൂർത്തിയാക്കാൻ വേണ്ടി സമർപ്പിച്ചതാണ് നാട്ടുകല്ലിലെ മണലുമ്പുറം പാലവും ഓരാടംപാലവും. ഓരാടംപാലത്തിന് വേണ്ടത്ര വീതിയില്ല. നൂറുവർഷത്തോളം മുമ്പ് നിർമിച്ചതാണെന്ന് നാട്ടുകാർ പറയുന്നു. റോഡ് പലപ്പോഴായി വീതി കൂട്ടിയപ്പോഴും പാലം അതേ പടി തുടർന്നു. വീതിക്കുറവും വളവും ചേർന്നുവരുന്നത് ഇവിടെ നടന്ന അപകടത്തിന് കൈയും കണക്കുമില്ല. മിക്കപ്പോഴും പാലത്തിന്റെ കൈവരി തകർത്ത് ചരക്ക് ലോറിയോ യാത്രാ വാഹനമോ താഴേ ചെറുപുഴയെന്ന തോട്ടിൽ പതിക്കും.
2018 അവസാനം വെള്ളപ്പൊക്ക ദുരിതം വിലയിരുത്താനെത്തിയ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഓരാടംപാലം പുതുക്കി നിർമിക്കാൻ അടിയന്തരമായി എസ്റ്റിമേറ്റ് തയാറാക്കി നൽകാൻ നിർദേശിച്ചിരുന്നു.
പദ്ധതി ഡൽഹിയിലെ കേന്ദ്ര ഓഫിസിലേക്കയച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. അതിനിടെ സംസ്ഥാന മരാമത്ത് വകുപ്പിൽനിന്ന് എൻ.എച്ച്.എ ഏറ്റെടുത്ത ദേശീയ പാതകളുടെ പട്ടികയിൽ ഈ റോഡും വന്നു. ഇനി ഇതിൽ ഒരുരൂപ ചെലവിടാൻ ദേശീയപാത അതോറിറ്റി മനസ്സുവെക്കണം.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.