പാലക്കാട്: ദുർബലമായ ലാനിന പ്രതിഭാസം പസഫിക് സമുദ്രത്തിൽ തുടരുന്നതിനാൽ ഇത്തവണ ശൈത്യകാലത്ത് കൂടുതൽ തണുപ്പ് അനുഭവപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം ഡയറക്ടർ ജനറൽ ഡോ. മോഹ്പാത്ര. പസഫിക് സമുദ്രത്തിൽ ആഗസ്റ്റ് പകുതിയോടെ തന്നെ കാലാവസ്ഥ ഏജൻസികൾ 'ലാനിന' സ്ഥിരീകരിച്ചിരുന്നു.
ഭൂമധ്യരേഖാപ്രദേശത്ത് ശാന്തസമുദ്രത്തിലെ ജലത്തിെൻറ താപനില ക്രമാതീതമായി താഴുന്നതാണ് ഈ പ്രതിഭാസം. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തും ഡിസംബർ, ജനുവരി മാസങ്ങളിൽ തണുപ്പ് വർധിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധർ വിലയിരുത്തുന്നത്.
അന്തരീക്ഷ മലിനീകരണം കൂടുമ്പോൾ തണുപ്പിന് സാധ്യത കൂടുമെന്നും ആഗോളതാപനവും കാലാവസ്ഥയിലുണ്ടാകുന്ന അസ്ഥിരതയും ഇതിന് കാരണമാകുന്നുവെന്നും മുൻ കാലാവസ്ഥ വകുപ്പ് മേധാവി ഡോ. എൽ.എസ്. രത്തോർ പറഞ്ഞു.
ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ' ശീതതരംഗം; അപകടസാധ്യത കുറക്കൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
സമുദ്രജലം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് 'എൽനിനോ'. സ്പാനിഷ് ഭാഷയില്‍ 'ശിശു' എന്നാണ് അർഥം. ക്രിസ്മസിനോടനുബന്ധിച്ച് രൂപപ്പെടുന്ന കാലാവസ്ഥ പ്രതിഭാസമായതിനാലാണ് ഇൗ പേര് വന്നത്.
കനത്ത മഴയും ചുഴലിക്കാറ്റും വിതയ്ക്കുന്ന ദുരിതങ്ങൾക്ക് പുറമെ, ലോകത്തിെൻറ പല ഭാഗങ്ങളിലും വൻതോതിലുള്ള വിളനാശത്തിനും കൃഷിയുടെ താളംതെറ്റലിനും എൽനിനോ വഴിവെക്കാറുണ്ട്. എൽനിനോക്ക് വിപരീതമായി ഭൂമധ്യരേഖാപ്രദേശത്ത് ശാന്തസമുദ്രത്തിലെ ജലത്തിെൻറ താപനില ക്രമാതീതമായി താഴുന്നതാണ് ലാനിന പ്രതിഭാസം.
2010–11 കാലഘട്ടത്തിലുണ്ടായ ലാനിനയാണ് ഇതുവരെയുണ്ടായതിൽ വെച്ച് ഏറ്റവും ശക്തം. ആസ്ട്രേലിയയുടെ കിഴക്കൻ തീരങ്ങളെ തകർക്കാൻ മാത്രം ശക്തമായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.