ആറന്മുള വിമാനത്താവളം: അനുമതികള്‍ റദ്ദാക്കിയതിന്‍െറ രേഖകള്‍ ഹാജരാക്കണമെന്ന് ഹൈകോടതി

 

കൊച്ചി: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട അനുമതികള്‍ റദ്ദാക്കിയതിന്‍െറ രേഖകള്‍ ഒരാഴ്ചക്കകം ഹാജരാക്കാന്‍ ഹൈകോടതി ഉത്തരവ്. വിമാനത്താവളത്തിന് തത്ത്വത്തില്‍ അംഗീകാരം നല്‍കിയതുള്‍പ്പെടെ എല്ലാ ഉത്തരവുകളും കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം റദ്ദാക്കിയതായി സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തിലാണ് കോടതി നിര്‍ദേശം. പരിസ്ഥിതി നാശമുണ്ടാക്കുന്ന ആറന്മുള വിമാനത്താവളത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നതിനെതിരെ കവയിത്രി സുഗതകുമാരിയടക്കമുള്ളവര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി പരിഗണിക്കവേ, വിമാനത്താവളത്തിന് നല്‍കിയ തത്ത്വത്തിലുള്ള അംഗീകാരം, വ്യവസായ മേഖലാ പ്രഖ്യാപനം, വിമാനത്താവള കമ്പനിയില്‍ സര്‍ക്കാര്‍ എടുത്ത ഓഹരിപങ്കാളിത്തം എന്നിവ മന്ത്രിസഭ റദ്ദാക്കിയതായി അഡീ. അഡ്വക്കറ്റ് ജനറല്‍ അറിയിക്കുകയായിരുന്നു.

ഇതേതുടര്‍ന്നാണ് രേഖകള്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. ഹരജി വീണ്ടും അടുത്തയാഴ്ച പരിഗണിക്കും. പത്തനംതിട്ട കിടങ്ങന്നൂര്‍ വില്ളേജിലെ മല്ലപ്പുഴശ്ശേരിയിലെ ആറന്മുളയില്‍ വിമാനത്താവളത്തിനായി 500 ഏക്കര്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതിനെ അടക്കമാണ് ഹരജിക്കാര്‍ ചോദ്യം ചെയ്തത്. അനുമതികള്‍ പിന്‍വലിക്കണമെന്നും മറ്റും ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. 2010ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാറാണ് പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കുന്നത്. പത്ത് ശതമാനം ഓഹരി സ്വീകരിക്കാനും വ്യവസായ മേഖലയായി പ്രഖ്യാപിക്കാനുമുള്ള നടപടികളും പിന്നീടുണ്ടായി. ഇതിനിടെ വിമാനത്താവളത്തിനെതിരെ എതിര്‍പ്പ് ശക്തമായി. 12ഓളം നിയമങ്ങള്‍ ലംഘിച്ചാണ് കെ.ജി.എസ് ഗ്രൂപ് വിമാനത്താവള നിര്‍മാണവുമായി മുന്നോട്ട് പോകുന്നതെന്ന ആരോപണമുയര്‍ന്നു. ഹൈകോടതിക്ക് പുറമെ ഹരിത ട്രൈബ്യൂണലിനെയും പ്രതിഷേധക്കാര്‍ സമീപിച്ചു. കോടതികളില്‍നിന്ന് അനുകൂല ഉത്തരവുകള്‍ വന്നുകൊണ്ടിരിക്കെയാണ് പദ്ധതിക്ക് നല്‍കിയ അനുമതികള്‍ സര്‍ക്കാര്‍തന്നെ റദ്ദാക്കിയത്.

 

Tags:    
News Summary - withdrawing clearances for Aranmula airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.