മലപ്പുറം: ‘വയ്യായ്കയൊക്കെ മാറീട്ട് വേണം നല്ലൊരു നാടകമെഴുതാൻ, അതോണ്ട് അടുത്ത തവണ നമ്മളെ സ്കൂൾ കപ്പടിക്കും’- ദിവസങ്ങൾക്കു മുമ്പാണ് ഇത്താത്തയായ അമാന റഹ്മാനോട് ഷാദാബ് ഇക്കാര്യം പറയുന്നത്. ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലും ഷാദാബിന് സംസാരിക്കാനുണ്ടായിരുന്നത് നാടകത്തെക്കുറിച്ചും പരിപാടികളെ കുറിച്ചും മാത്രമായിരുന്നു. കലോത്സവ തിരക്കുകളിൽ ക്ലാസ് അധ്യാപകനായ ഷമീറിനോട് പങ്കുവെച്ച കാര്യവും അടുത്ത സംസ്ഥാന കലോത്സവത്തിൽ ഒന്നാമതാകണം, അതിന് നാടകത്തിന്റെ പരിശീലനം നേരെത്തേ തന്നെ തുടങ്ങണം എന്നായിരുന്നു.
കലാലോകത്ത് പുതിയ വഴി വെട്ടി മുന്നേറണമെന്നതായിരുന്നു ഷാദാബിന്റെ ആഗ്രഹം. കൃത്യതയും വ്യക്തതയും പക്വതയും ജ്വലിച്ചുനിൽക്കുന്ന സംസാരം. പ്രായത്തെ മറികടക്കുന്ന ചിന്തയും പെരുമാറ്റവും. സ്കൂളിലെ കലാശാസ്ത്ര മേളകളിലെ മിന്നും താരം. മറ്റുള്ളവരെ പോലെയാകാനോ ആരെയും അനുകരിക്കാനോ ഷാദാബിന് താൽപര്യമില്ലായിരുന്നു. സ്വതഃസിദ്ധമായ ശൈലിയിൽ തന്റെ ചിന്തകൾ അവൻ ലോകത്തിന് മുന്നിൽ ആർജവത്തോടെ പറഞ്ഞു. വ്യക്തമായ നിലപാടുകൾകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി.
സബ്ജില്ല കലോത്സവത്തിൽ പങ്കെടുത്ത മോണോ ആക്ടിനും മിമിക്രിക്കും സ്വന്തമായി കഥയെഴുതി. ശാസ്ത്ര സാങ്കേതിക മേളയിൽ സ്കൂളിന് വേണ്ടി മത്സരിച്ചു. സഹപാഠികളെ മുന്നേറാൻ നിരന്തരം പ്രോത്സാഹിപ്പിച്ചു. വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സകല മേഖലകളിലും ഷാദാബിന്റെ കൈയൊപ്പ് പതിഞ്ഞിരുന്നു.
സ്കൂൾ ടൂറുകളിലും പഠനക്യാമ്പുകളിലും പങ്കെടുത്തവർക്ക് ഷാദാബിനെകുറിച്ചു പറയാൻ നൂറു നാവായിരുന്നു. കവിതയും പാട്ടും പറച്ചിലുമായി ക്യാമ്പിനെ അവൻ ചലനാത്മകമാക്കും. പലപ്പോഴും ക്യാമ്പുകളിലെ മികവിനുള്ള അംഗീകാരവും അവനായിരുന്നു. ഉമ്മയും ഉപ്പയുമായിരുന്നു ഷാദാബിന് എല്ലാ കാര്യങ്ങൾക്കും പ്രചോദനം. 14 വയസ്സെന്ന ചെറിയ കാലയളവിനുള്ളിൽ ചെയ്തുതീർത്തതൊക്കെയും വലിയ കാര്യങ്ങളായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാദാബ് ഞായറാഴ്ചയാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.