തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയെ തുടർന്ന് വയറ്റിൽ കത്രികയുമായി അഞ്ച് വർഷം വേദന സഹിച്ച് ചികിത്സ തേടിയലഞ്ഞ യുവതിയോട് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നൽകിയ മറുപടി അങ്ങേയറ്റം ലജ്ജാകരമാണെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്.
ഹർഷിന ആവശ്യപ്പെട്ട നഷ്ടപരിഹാര തുകയായ 50 ലക്ഷം കൊടുക്കുമോ എന്ന നിയമസഭയിൽ കെ.കെ. രമ എം.എൽ.എയുടെ ചോദ്യത്തിന്, വീണ ജോർജ് നൽകിയ മറുപടി സർക്കാർ നിയമ നടപടിയിലൂടെ നീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നത് എന്നാണ്. ഉത്തരവാദിത്ത ബോധമുള്ള മന്ത്രി എന്ന നിലയിൽ നിയമപരമായ ഇടപെടലിനൊപ്പം അവർ ആവശ്യപ്പെട്ട തുക നഷ്ടപരിഹാരമായി വാങ്ങിക്കൊടുക്കലുമാണ് വേണ്ടത്. പ്രതികളെ അറസ്റ്റ് ചെയ്താലും ജാമ്യത്തിലിറക്കാനും തിരികെ ജോലിയിൽ പ്രവേശിപ്പിക്കാനും കഴിയുന്ന തരത്തിലാണ് ആരോഗ്യ വകുപ്പിന്‍റെ ഇടപെൽ നടന്നിട്ടുള്ളത്. വീണ ജോർജ് നൽകിയ മറുപടി നീതിക്ക് വേണ്ടി പോരാട്ടം നയിക്കുന്ന ഹർഷിനയെ പരിഹസിക്കുന്നതാണ് -വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിലെ സാധാരണക്കാരുടെ നേരെ നഷ്ടപരിഹാരമുൾപ്പെടെ നീതിയുടെ വാതിൽ കൊട്ടിയടക്കുന്ന മന്ത്രിയുടെ മറുപടി നവോത്ഥാന കേരളത്തിന് അപമാനമാണെന്നും മന്ത്രി വീണ ജോർജ് രാജിവെക്കണമെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഹർഷിനക്ക് പൂർണ നീതി ഉറപ്പാക്കുക, അർഹമായ നഷ്ടപരിഹാരം ഉടൻ നല്കുക എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ബുധനാഴ്ച സമരസമിതി നടത്തിയ സത്യാഗ്രഹത്തിന് വിമൻ ജസ്റ്റിസ് നേതാക്കൾ ഐക്യദാര്‍ഢ്യം അർപ്പിച്ചു.
സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം ടി.എൽ, സംസ്ഥാന കമ്മിറ്റി അംഗം പ്രേമ പിഷാരടി, കോഴിക്കോട് ജില്ല പ്രസിഡന്‍റ് മുബീന വാവാട്, ജില്ല വൈസ് പ്രസിഡന്‍റ് സലീന ടീച്ചർ, സെക്രട്ടറി സഫിയ ടീച്ചർ, ജില്ല നേതാക്കളായ സഫീറ, സെമീന, തിരുവനന്തപുരം ജില്ല നേതാവ് സുലൈഖ, ഷാമില തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.