തിരുവനന്തപുരം: മുൻ മന്ത്രി എം.എം. മണിയെ അധിക്ഷേപിച്ച് മഹിള കോൺഗ്രസ് നിയമസഭ മാർച്ച്. എം.എം. മണിയുടെ മുഖം ആൾക്കുരങ്ങിന്‍റെ ചിത്രത്തോട് ചേർത്ത് ഒട്ടിച്ച കട്ടൗട്ടുമായാണ് പ്രകടനക്കാർ എത്തിയത്. ആൾക്കുരങ്ങിനെ ചങ്ങലക്കിടുന്ന രീതിയിലായിരുന്നു പ്രതിഷേധം. കെ.കെ. രമക്കെതിരായ പരാമർശത്തിന് എം.എം. മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ല കമ്മിറ്റി നേതൃത്വത്തിലായിരുന്നു മാർച്ച്.
വംശീയ-വ്യക്ത്യധിക്ഷേപത്തിന് വഴിവെക്കും വിധമാണ് മണിയെ സമരക്കാർ ചിത്രീകരിച്ചത്. സംഭവം മാധ്യമങ്ങൾ ശ്രദ്ധിച്ചതോടെ സമരക്കാർ കട്ടൗട്ട് ഒളിപ്പിക്കാൻ ശ്രമം നടത്തി. മണി നിയമസഭയിൽ ഉള്ളപ്പോഴായിരുന്നു പുറത്ത് സമരം നടന്നത്. മണിയെ മോശമാക്കും വിധം കട്ടൗട്ട് പ്രദർശിപ്പിച്ചതിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. കെ.കെ. രമയെ അധിക്ഷേപിച്ച വിഷയം ഉന്നയിക്കുന്ന പ്രതിപക്ഷത്തിനും മഹിള കോൺഗ്രസ് സമരം തിരിച്ചടിയായി. സംഭവം വിവാദമായതോടെ ഖേദപ്രകടനവുമായി മഹിള കോൺഗ്രസ് രംഗത്തെത്തി.
ഉപയോഗിച്ച ബോർഡ് എം.എം മണിക്കോ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കോ വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി മഹിള കോൺഗ്രസ് അറിയിച്ചു. നിയമസഭ മാര്‍ച്ചിന് എത്തിയ പ്രവര്‍ത്തകരില്‍ ഒരാളാണ് ബോർഡ് കൊണ്ടു വന്നത്. മഹിള കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനപ്രകാരമായിരുന്നില്ല. ബോർഡ് ശ്രദ്ധയില്‍പ്പെട്ടയുടനെ മാറ്റാന്‍ നിർദേശിച്ചു. ആരെയും വ്യക്തിപരമായി ആക്ഷേപിക്കുന്നത് കോണ്‍ഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും രാഷ്ട്രീയരീതിയല്ലെന്നും മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് ആർ. ലക്ഷ്‌മി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.