കൊച്ചി: മരം മുറിക്കാൻ വില്ലേജ് ഓഫിസർമാർ അനുമതി നൽകിയത് (ഉടമസ്ഥത സർട്ടിഫിക്കറ്റ്) സീൽപോലും പതിക്കാത്ത വെള്ളക്കടലാസിൽ. ഇതൊന്നും പരിശോധിക്കാതെ വനം വകുപ്പ് തുടർ അനുമതിയും നൽകി. മരം മുറി വിവാദമാകുകയും ഹൈകോടതി രൂക്ഷഭാഷയിൽ വിമർശിക്കുകയും ചെയ്തതോടെ അനുമതിപത്രങ്ങളിൽ വ്യാജ സീൽ പതിച്ചും വില്ലേജ് രേഖകളിൽ വിശദാംശങ്ങൾ എഴുതിച്ചേർത്തും അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണിപ്പോൾ നടക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥരും ചീഫ് കൺസർവേറ്റർമാരും താഴെത്തട്ടിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വനം മാഫിയക്ക് അവസരമൊരുക്കിയെന്നാണ് അന്വേഷണത്തിൽ െവളിപ്പെട്ട വിവരങ്ങൾ. തൃശൂർ മച്ചാട് ഫോറസ്റ്റ് റേഞ്ചിലെ മരം മുറി കേസുകളുമായി ബന്ധപ്പെട്ട് ഹൈകോടതിയിലെത്തിയ ഹരജിയിലെ അന്വേഷണം ഞെട്ടിക്കുന്ന തട്ടിപ്പുകളിലേക്കാണ് വെളിച്ചം വീശുന്നത്. സംസ്ഥാനത്താകെ സമാന തട്ടിപ്പ് നടന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
ഉടമസ്ഥത സർട്ടിഫിക്കറ്റിൽ ഓരോ മരത്തിെൻറയും വിശദാംശം വേണം. ഇത് ഇല്ലാതെയാണ് വില്ലേജ് ഓഫിസർമാർ നൽകിയത്. സീലോ മറ്റ് ഓഫിസ് രേഖകളോ പതിക്കാതെ വെള്ളക്കടലാസിൽ വില്ലേജ് ഓഫിസർ അനുമതിപത്രം എഴുതി നൽകിയപ്പോൾ സർട്ടിഫിക്കറ്റായി പരിഗണിച്ചാണ് ഫോറസ്റ്റ് റേഞ്ച് ഓഫിസർമാർ മരം മുറിക്കാൻ അനുമതി നൽകിയത്. അപേക്ഷ സ്വീകരിച്ചതിനും സർട്ടിഫിക്കറ്റ് നൽകിയതിനും വില്ലേജ് ഓഫിസുകളിൽ സൂക്ഷിക്കേണ്ട രജിസ്റ്ററുകളും കൃത്യമല്ല.
മരം മുറി കേസുകളിൽ അന്വേഷണം ശക്തമായതോടെ രേഖകളിൽ കൃത്രിമം കാട്ടി രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഉടമസ്ഥതാവകാശ സർട്ടിഫിക്കറ്റുകളിലേറെയും സീൽ പതിപ്പിച്ച് സാധുത വരുത്താൻ ശ്രമിക്കുന്നുണ്ട്. പുതിയ രൂപത്തിലുള്ളതും നിറം മങ്ങാത്തതുമായ ഇത്തരം മുദ്രണങ്ങളിൽ ചിലത് ഒറ്റ നോട്ടത്തിൽ പുതുതായി പതിപ്പിച്ചതാണെന്ന് വ്യക്തമാകും. സർട്ടിഫിക്കറ്റുകളുടെ വിവരം രേഖപ്പെടുത്തുന്ന നമ്പർ ട്വൽവ് രജിസ്റ്ററുകളിലും വ്യാപക തിരിമറികളുണ്ട്.
വർഷങ്ങളോളമുള്ള വിശദാംശങ്ങൾ ഒരേ ആൾ ഒറ്റയിരുപ്പിൽ രജിസ്റ്ററുകളിൽ തുടർച്ചയായി രേഖപ്പെടുത്തിയ രൂപത്തിലാണ് കണ്ടത്. സർട്ടിഫിക്കറ്റുകളിലും രജിസ്റ്ററിലും രേഖപ്പെടുത്തിയ തീയതികളിൽ ചിലതിന് പരസ്പര ബന്ധമില്ല. ഇത്തരം തട്ടിപ്പുകൾ കണ്ടെത്തിയതിന് പിന്നാലെ മരം മുറിയുമായി ബന്ധപ്പെട്ട അപേക്ഷ രജിസ്റ്ററുകൾ പരിശോധിക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. ഓരോ കേസിലും പ്രത്യേക പരിശോധന നടത്താനാണ് നിർദേശം. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളും അനുമതി സംഘടിപ്പിക്കാൻ പ്രവർത്തിച്ച മാഫിയ സംഘങ്ങളുടെ സഹായത്തോടെയാണെന്നാണ് ലഭ്യമായ സൂചനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.