മലപ്പുറം: ഗതാഗത വകുപ്പ് ജീവനക്കാരുടെ വർക്കിങ് അറേഞ്ച്മെന്റുകൾ റദ്ദാക്കാൻ കീഴുദ്യോഗസ്ഥർക്ക് നിർദേശം നൽകി ട്രാൻസ്പോർട്ട് കമീഷണർ നാഗരാജു ചക്കിലത്തിന്റെ വിചിത്ര ഉത്തരവ്. നവംബർ അഞ്ചിനാണ് വർക്കിങ് അറേഞ്ച്മെന്റുകൾ അടിയന്തരമായി റദ്ദാക്കാൻ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർമാർക്ക് നാഗരാജു നിർദേശം നൽകിയത്. വർക്കിങ് അറേഞ്ച്മെന്റിൽ ജീവനക്കാർ മറ്റു ഓഫിസുകളിൽ ജോലിചെയ്യുന്നത് ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെ, ഗതാഗത വകുപ്പിൽ വ്യാപകമായി വർക്കിങ് അറേഞ്ച്മെന്റുകൾ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടതായി കമീഷണറുടെ ഉത്തരവിൽ പറയുന്നു.
നിലവിലുള്ള എല്ലാ വർക്കിങ് അറേഞ്ച്മെന്റുകളും ഉടനടി റദ്ദാക്കണമെന്നാണ് ഡി.ടി.സിമാർക്കുള്ള കർശന നിർദേശം. ഒരാഴ്ചക്കകം നടപടി സ്വീകരിക്കണമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. ഗതാഗത വകുപ്പിലെ മുഴുവൻ വർക്കിങ് അറേഞ്ച്മെന്റുകളും ട്രാൻസ്പോർട്ട് കമീഷണർക്കുതന്നെ റദ്ദാക്കാമെന്നിരിക്കെയാണ് ഉത്തരവാദിത്തം കീഴുദ്യോഗസ്ഥരുടെ ‘തലയിലിട്ട്’രക്ഷപ്പെടാനുള്ള ഗതാഗത വകുപ്പ് മേധാവിയുടെ ശ്രമമെന്ന് ആക്ഷേപമുയർന്നു.
തലസ്ഥാനത്താണ് ഏറ്റവുമധികം ഗതാഗത വകുപ്പ് ജീവനക്കാർ വർക്കിങ് അറേഞ്ച്മെന്റിൽ ജോലിയിൽ തുടരുന്നത്. ട്രാൻസ്പോർട്ട് കമീഷണറുടെ ഓഫിസിലടക്കം ഇങ്ങനെ ജോലിയിൽ തുടരുന്നവരുണ്ട്. ഉന്നതതല സ്വാധീനത്തിന്റെ പിൻബലത്തിലാണ് പലരും സൗകര്യമുള്ള സ്ഥലത്ത് ജോലിചെയ്യുന്നത്. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും താൽപര്യപ്രകാരവും ചിലരെ പല ഓഫിസുകളിലും വെച്ചിട്ടുണ്ട്. ഇവരെ തിരിച്ചയക്കുന്നത് ഉന്നതതലങ്ങളിൽനിന്നുള്ള വലിയ എതിർപ്പുകൾക്ക് കാരണമാകും. ഇതാണ് വർക്കിങ് അറേഞ്ച്മെന്റ് റദ്ദാക്കുന്ന ഉത്തരവാദിത്തം കീഴുദ്യോഗസ്ഥർക്ക് മേൽ കെട്ടിവെച്ചുള്ള ഉത്തരവ് ട്രാൻസ്പോർട്ട് കമീഷണർ ഇറക്കാൻ കാരണമായതെന്നാണ് സൂചന.
ജോലി ഐ.ഡി.ടി.ആറിൽ, ശമ്പളം ഗതാഗത വകുപ്പിൽ
മലപ്പുറം: പാലക്കാട് എൻഫോഴ്സ്മെന്റ് വിങ്ങിലെ ഒരു എം.വി.ഐയാണ് എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയ്നിങ് ആൻഡ് റിസർച്ചിൽ (ഐ.ഡി.ടി.ആർ) ട്രെയ്നിങ് കോഓഡിനേറ്ററായി ജോലി ചെയ്യുന്നത്. ഇവിടെ അസി. കോഓഡിനേറ്ററായി വയനാട് എൻഫോഴ്സ്മെന്റിലെ ഒരു എ.എം.വി.ഐയുമുണ്ട്. ഐ.ഡി.ടി.ആറിന് ഗതാഗത വകുപ്പുമായി നേരിട്ട് ബന്ധമില്ല. സൊസൈറ്റിക്ക് കീഴിലുള്ള ഐ.ഡി.ടി.ആറിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യാൻ സർക്കാറിന്റെ പ്രത്യേകാനുമതി വേണം എന്നിരിക്കെ മുൻ ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവിന്റെ ബലത്തിലാണ് രണ്ട് ഉദ്യോഗസ്ഥർ ഇവിടെ ജോലിയിൽ തുടരുന്നത്.
ജീവനക്കാരെ ഐ.ഡി.ടി.ആറിലേക്ക് അറ്റാച്ച് ചെയ്തിരിക്കുന്നുവെന്നാണ് മുൻ ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവിലുള്ളത്. ഈ ഉത്തരവ് സർവിസ് ചട്ടത്തിൽ നിലനിൽക്കില്ലെന്ന് നിയമവിദഗ്ധർ പറയുന്നു. ഐ.ഡി.ടി.ആറിൽ ജോലി ചെയ്യുമ്പോൾ തന്നെ ശമ്പളം പറ്റുന്നത് ഗതാഗത വകുപ്പിൽനിന്നാണെന്നതും വിചിത്രം. എൻഫോഴ്സ്മെന്റ് വിങ്ങിലെ എം.വി.ഐമാർ വർക്കിങ് അറേഞ്ച്മെന്റിൽ മറ്റു പലയിടത്തും ജോലി ചെയ്യുന്നതിനാൽ സ്ക്വാഡുകളിൽ ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്ത സ്ഥിതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.