വഖഫ് ഭേദഗതി ബില്ലിൽ ആശങ്കയറിയിച്ച് ശിൽപ്പശാല

കൊച്ചി: കേരള സംസ്ഥാന വഖഫ് വകുപ്പിന്റെയും വഖഫ് ബോ൪ഡിന്റെയും അഭിമുഖ്യത്തിൽ സംഘടിപ്പിച്ച വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ശിൽപ്പശാലയിൽ ബില്ലുമായി ബന്ധപ്പെട്ട ആശങ്ക രേഖപ്പെടുത്തി വിവിധ മുസ് ലീം സംഘടന പ്രതിനിധികളും മതപണ്ഡിതരും ജനപ്രതിനിധികളും. വഖഫ് ഭേദഗതി ബിൽ എതി൪ക്കപ്പെടേണ്ടതിന്റെ ആവശ്യകത ച൪ച്ച ചെയ്യുന്നതിനും അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനുമായാണ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ വിവിധ മുസ് ലീം മതസംഘടനാ പ്രതിനിധികളെയും സ്ഥാപന പ്രതിനിധികളെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി ശിൽപ്പശാല സംഘടിപ്പിച്ചത്.

ലഭ്യമായ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് മെമ്മൊറാണ്ടം സ൪ക്കാ൪ തയാറാക്കി ജോയിന്റ് പാ൪ലമെന്ററി കമ്മിറ്റി ചെയ൪മാന് അയച്ചു നൽകുന്നതിന് യോഗം തീരുമാനിച്ചു. ബിൽ പൂ൪ണമായും പി൯വലിക്കണമെന്നും ഭേദഗതി സംബന്ധിച്ച ഉദ്യമത്തിൽ നിന്നും കേന്ദ്ര സ൪ക്കാ൪ പി൯മാറമെന്നും പ്രമേയം യോഗം പാസാക്കി. ഇത് കേന്ദ്ര സ൪ക്കാരിന് അയച്ചു നൽകും. ബിൽ സംബന്ധിച്ച അഭിപ്രായങ്ങൾ ജോയിന്റ് പാര്ലമെന്ററി കമ്മിറ്റി ചെയ൪മാനെ നേരിൽ കണ്ട് സമ൪പ്പിക്കുന്നതിനായി ബോ൪ഡ് ചെയ൪മാ൯, അംഗങ്ങൾ, സ൪ക്കാ൪ പ്രതിനിധികൾ തുടങ്ങിയവ൪ ഉൾപ്പെട്ട പ്രതിനിധി സംഘത്തെ ഡൽഹിയിലേക്ക് അയക്കുന്നതിനും തീരുമാനിച്ചു. വിവിധ സംഘടനാ വിഭാഗങ്ങള് തങ്ങളുടെ അഭിപ്രായങ്ങൾ രേഖാമൂലം സമ൪പ്പിച്ചു.

ഭേദഗതി ബിൽ സംബന്ധിച്ച ആശങ്കകൾ പ്രതിനിധികൾ പങ്കുവെച്ചു. വഖഫ് എന്ന ഇസ് ലാമിക ആശയത്തിനും ഇന്ത്യ൯ ഭരണഘടന വ്യക്തികൾക്കും മതസ്ഥാപനങ്ങൾക്കും അനുവദിച്ച് നൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമായി യോഗം വിലയിരുത്തിക്കൊണ്ടുള്ള കരട് പ്രമേയം വഖഫ് ബോ൪ഡ് അംഗം അഡ്വ. ഷറഫുദ്ദീ൯ അവതരിപ്പിച്ചു. ഭരണഘടന അംഗീകരിച്ചിട്ടുള്ള മതനിരപേക്ഷത, ഫെഡറലിസം തുടങ്ങിയ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധവും മതവിഭാഗങ്ങൾക്ക് നേരേയുള്ള കടന്നാക്രമമാണ്. പൗരാവകാശങ്ങളുടെ ലംഘനവും നിലവിലെ നിയമ സംവിധാനത്തെ ഇല്ലാതാക്കുന്നതുമാണ് ഭേദഗതി ബിൽ. ബിൽ നടപ്പാക്കിയാൽ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കപ്പെടുകയും പൊതുസമാധാനം നഷ്ടപ്പെടുകയും ചെയ്യും. ജനങ്ങളും സ൪ക്കാരും തമ്മിലുള്ള സംഘ൪ഷം തുടങ്ങിയ നിരവധി സാമൂഹ്യ വിപത്തുകൾക്കും കാരണമാകും. രാജ്യത്ത് സാഹോദര്യവും സമത്വവും നിലനി൪ത്തുന്നതിനായി 2024 ലെ വഖഫ് ഭേദഗതി ബിൽ കേന്ദ്രസ൪ക്കാ൪ പി൯വലിക്കണമെന്നും കരട് പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ബില്ലിലെ വ്യവസ്ഥകൾ ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്രത്തിനും മതസ്ഥാപനങ്ങളുടെ നടത്തിപ്പിനുള്ള അവകാശത്തേ ഹനിക്കുന്നതാണെന്നും മന്ത്രി വി. അബ്ദുറഹിമാ൯ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ അവകാശ ലംഘനമാണിത്. വഖഫ് വസ്തുക്കൾ കാലാകാലങ്ങളിൽ വിശ്വാസികൾ സ്വമേധയാ ദൈവത്തിലേക്ക് അ൪പ്പിക്കുന്നതാണ്. അത് ആരിൽ നിന്നും പിടിച്ചെടുക്കപ്പെട്ടതല്ലെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല രാജ്യത്തെ മറ്റ് വിഭാഗങ്ങൾക്കും ഇത്തരം മൗലീകാവകാശങ്ങൾ ഉള്ളപ്പോൾ ഒരു വിഭാഗത്തിനു മാത്രമായി ഇത്തരം അവകാശങ്ങൾ ലംഘിക്കപ്പെടരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ബില്ലിനെതിരേയുള്ള നടപടികൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ഹൈബി ഈഡ൯ എംപി അഭിപ്രായപ്പെട്ടു. യൂനിഫോം സിവിൽ കോഡ് നടപ്പാക്കുന്നതിനു മുന്നോടിയായുള്ള ട്രയൽ റണ്ണാണിതെന്ന് എ.എ. റഹീം എം.പി പറഞ്ഞു. വഖഫ് സ്വത്തുക്കളിൽ സ൪ക്കാ൪ ഇടപെടൽ വ൪ധിപ്പിക്കുന്ന ബില്ലാണിതെന്ന് ഹാരിസ് ബീരാ൯ എം.പി പറഞ്ഞു. വഖഫ് സ്വത്തുക്കൾ സ൪ക്കാരിന് തോന്നിയ പോലെ ചെലവഴിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന ബില്ലാണിതെന്ന് പി. ഉബൈദുള്ള എം.എൽ.എ. പറഞ്ഞു.

കേരളത്തിൽ നല്ല രീതിയിൽ നടക്കുന്ന വഖഫ് പ്രവ൪ത്തനങ്ങളെ തകിടം മറിക്കുന്നതാണ് പുതിയ ബിൽ എന്ന് ടി.ജെ. വിനോദ് എം.എൽ.എ. പറഞ്ഞു. മതന്യൂനപക്ഷങ്ങളെ വലിയ ആശങ്കയിലേക്ക് തള്ളിവിടുകയാണെന്നും മതവിശ്വാസത്തിനെതിരായ കേന്ദ്രസ൪ക്കാ൪ സമീപനത്തിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് സ്വത്തുക്കൾ കൈയേറാനുള്ള നീക്കമാണിതെന്ന് അഹമ്മദ് ദേവ൪ കോവിൽ എം.എൽ.എ. പറഞ്ഞു. വഖഫ് സ്വത്തുക്കൾ ഏറ്റെടുക്കാനുള്ള ശ്രമം ഇതിനു പിന്നിലുണ്ടാകാമെന്ന് പി. മുഹമ്മദ് മുഹ്സി൯ എം.എൽ.എ. പറഞ്ഞു.

നിയമ ഭേദഗതിയിലെ എതി൪പ്പുകൾ സംബന്ധിച്ച് സംസ്ഥാന വഖഫ് ബോ൪ഡ് ചെയ൪മാ൯ എം.കെ. സക്കീ൪ അവതരണം നടത്തി. നേരത്തേയുളള നിയമ ഭേദഗതികളെല്ലാം വ൪ഷങ്ങളെടുത്ത് കാര്യങ്ങൾ വിശദമായി പഠിച്ചശേഷമായിരുന്നു. ഖഫ് നിയമത്തിലെ 113 വകുപ്പുകളിൽ 43 വകുപ്പുകളിലാണ് നിയമഭേദഗതിക്ക് കേന്ദ്രസ൪ക്കാ൪ നീക്കം. വഖഫ് നിയമത്തിന്റെ പേര് തന്നെ മാറ്റിയിരിക്കുന്നു.

യൂനിഫൈഡ് വഖഫ് മാനേജ്മെന്റ് എംപ൪മെന്റ് എഫിഷ്യ൯സി ആന്റ് ഡെവലപ്മെന്റ് എന്നാണ് പുതിയ പേര്. മുത്തവല്ലിമാരുടെ നിയമനം ആധാരപ്രകാരം മാത്രമായിരിക്കണമെന്ന വ്യവസ്ഥയുണ്ട് പുതിയ ബില്ലിൽ. 3 സി വകുപ്പ് പ്രകാരം വഖഫ് സ്വത്ത് സംബന്ധിച്ച് ത൪ക്കം വന്നാൽ തീരുമാനമെടുക്കാ൯ ജില്ലാ കളക്ട൪ക്ക് അധികാരം നൽകിയിരിക്കുന്നു. വഖഫ് ബോ൪ഡ് അംഗങ്ങളുടെ നിയമനം സംബന്ധിച്ച വ്യവസ്ഥകളും അംഗീകരിക്കാ൯ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന വഖഫ് ബോ൪ഡ് ചെയ൪മാ൯ എം.കെ. സക്കീ൪ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ കമീഷ൯ ചെയ൪മാ൯ അഡ്വ.എ.എ. റഷീദ്, സസ്ഥാന ഹജ്ജ് കമ്മിറ്റി ചെയ൪മാ൯ ജനാബ് മുഹമ്മദ് ഫൈസി, മദ്രസ അധ്യാപക ക്ഷേമനിധി ബോ൪ഡ് ചെയ൪മാ൯ കാരാട്ട് റസാക്ക്, മതപണ്ഡിതന്മാരായ ഉമ൪ ഫൈസി മുക്കം, യാക്കൂബ് ഫൈസി, ഡോ.ഹുസൈ൯ മടവൂ൪, എംപിമാർ, എംഎൽഎമാർ, മതസംഘടന നേതാക്കൾ പണ്ഡിതർ, നിയമ വിദഗ്ധർ, ന്യൂനപക്ഷ കമ്മീഷൻ,ഹജ്ജ് കമ്മിറ്റി, മദ്രസ കമ്മിറ്റി ഭാരവാഹികൾ എന്നിവർ അഭിപ്രായങ്ങളും നി൪ദേശങ്ങളും പങ്കുവെച്ചു. വഖഫ് പ്രി൯സിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വഖഫ് ബോ൪ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസ൪ സക്കീ൪ ഹുസൈ൯ തുടങ്ങിയവ൪ പങ്കെടുത്തു. സംസ്ഥാന വഖഫ് വകുപ്പും വഖഫ് ബോർഡുമാണ് പരിപാടി സംഘടിപ്പിച്ചത്

Tags:    
News Summary - Workshop on Waqf Amendment Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.