കൊച്ചി: 2002 ഫെബ്രുവരി. കടിഞ്ഞൂൽകുരുന്നിെൻറ പിറവിക്കായുള്ള തയാറെടുപ്പിനായി രക്തം പരിശോധിക്കാൻ നൽകി കാത്തിരിക്കുമ്പോഴാണ് അലക്സും ഭാര്യ മരിയയും (യഥാർഥ പേരുകളല്ല) ആ ഞെട്ടിക്കുന്ന വിവരമറിഞ്ഞത്. രണ്ടുപേരും എച്ച്.ഐ.വി പോസിറ്റിവാണ്. കുഞ്ഞുപിറക്കുന്നതിെൻറ സന്തോഷമെല്ലാം പോയ്മറിഞ്ഞു. ചികിത്സയുടെയും മറ്റും കാര്യങ്ങളെന്തു ചെയ്യണമെന്നറിയില്ല. നിസ്സഹായതയോടെ ആശുപത്രി അധികൃതരും കൈമലർത്തി. ഏറ്റവും അടുത്തുള്ള സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കായിരുന്നു പിന്നീട് യാത്ര. കുഞ്ഞിനൊന്നും വരുത്തല്ലേ എന്ന പ്രാർഥനയുമായി എത്തിയ ദമ്പതികൾക്കുമുന്നിൽ മെഡിക്കൽ കോളജിലെ വാതിലുകൾ അവഗണനയോടെ പാതിയടക്കപ്പെട്ടു. സങ്കീർണതകളേറെയുണ്ടെങ്കിലും സാധാരണ പ്രസവം നടക്കട്ടെ എന്നായിരുന്നു ഡോക്ടർമാരുടെ നിലപാട്. ആ യുവാവ് ഭാര്യക്കുവേണ്ടി പലരുെടയും മുന്നിൽ കൈനീട്ടി.
ഏറെ ദിവസങ്ങൾക്കുശേഷം മനസ്സില്ലാമനസോടെ, അവർ പ്രസവശുശ്രൂഷ ഏറ്റെടുത്തു. ശസ്ത്രക്രിയയിലൂടെ പെൺകുഞ്ഞ് പിറന്നു. കുഞ്ഞിന് രോഗം ബാധിച്ചില്ലെന്നത് ഏറെ ആശ്വാസമായി. ഓമനക്കുഞ്ഞിനെ താലോലിച്ചും താരാട്ടിയും ജീവിതം മുന്നോട്ടുപോകുന്നതിനിടെ മരിയയുടെ പ്രതിരോധശേഷി കുറഞ്ഞു. 2004 ജൂണിൽ എന്നെന്നേക്കുമായി വിടപറഞ്ഞു. ഇതിനിടെ സമൂഹത്തിൽനിന്നും കുടുംബത്തിൽനിന്നുമെല്ലാം അവഗണനയും അകറ്റിനിർത്തലുമെല്ലാം ആവോളം അനുഭവിച്ചു. തുടർന്ന് എട്ടുവർഷം മകൾക്കുവേണ്ടിയായിരുന്നു ജീവിതം. പിന്നീടെപ്പോഴോ എച്ച്.ഐ.വി പോസിറ്റിവായവർക്കായുള്ള സംസ്ഥാനതല കൂട്ടായ്മയായ കൗൺസിൽ ഓഫ് പീപിൾ ലിവിങ് വിത് എച്ച്.ഐ.വി എയിഡ്സ് ഓഫ് േകരളയിൽ (സി.പി.കെ.പ്ലസ്) അംഗമായി. ഇത് അലക്സിെൻറ ജീവിതത്തിൽ വഴിത്തിരിവായി.
ഇന്ന് സംസ്ഥാനത്തുടനീളം 15,000ത്തോളം അംഗങ്ങളുള്ള സംഘടനക്കുവേണ്ടി ജീവിതം സമർപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ഇതിനിടെ ഭർത്താവ് മരിച്ച, എയ്ഡ്സ് രോഗിയായിരുന്ന ആലീസിനെ വിവാഹം കഴിച്ചു. എറണാകുളം നഗരത്തിൽ താമസിക്കുകയാണിവർ. ബോധവത്കരണം, കൗൺസലിങ്, പോഷകാഹാരം നൽകൽ, സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് കലാസാംസ്കാരിക പരിപാടികൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സി.പി.കെ.പ്ലസ് നടത്തുന്നുണ്ട്. മകളുടെ പിന്തുണയുമുണ്ട്. നിരന്തര ശ്രമഫലമായി സമൂഹത്തിെൻറ കാഴ്ചപ്പാട് കുറെയേറെ മാറിയിട്ടുണ്ട്. എന്നാലും രോഗികളുടെ മനസ്സിെല മുറിവുകളിൽ പലതും ഇന്നും അതുപോലെയുണ്ടെന്നും അലക്സ് പറയുന്നു.
ചികിത്സസഹായം മുടങ്ങിയിട്ട് രണ്ടരവർഷം
കൊച്ചി: എയ്ഡ്സ് രോഗികൾക്ക് പ്രതിമാസം നൽകിയിരുന്ന ചികിത്സ സഹായം മുടങ്ങിയിട്ട് രണ്ടരവർഷം. 1000 രൂപയാണ് പ്രതിമാസം കിട്ടിയിരുന്നത്. ഇതുകൂടാതെ മരുന്നുകൾ സൗജന്യമായി ലഭിക്കും. മരുന്ന് മുടങ്ങിയിട്ടില്ല. എന്നാൽ, ലാബ് പരിശോധന ഉൾെപ്പടെയുള്ള കാര്യങ്ങൾക്ക് ഏറെ ആശ്വാസകരമായിരുന്ന ചികിത്സസഹായം മുടങ്ങിയതുമൂലം മിക്കവരും ദുരിതത്തിലാണ്. എയ്ഡ്സ് കൺട്രോൾ സൊസൈറ്റി മുഖേനയായിരുന്നു തുക വിതരണം.
ഇത് പുനഃസ്ഥാപിക്കാൻ അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപ്പായിട്ടില്ലെന്ന് സി.പി.കെ.പ്ലസ് സംസ്ഥാന പ്രസിഡൻറ് ജോസഫ് മാത്യു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.