ബേപ്പൂർ: 'പണം നോക്കേണ്ട, പടം പൊളിക്കണം' -ഈ ആവശ്യവും പറഞ്ഞ് ഫുട്ബാൾ ആരാധകർ ആവേശത്തോടെ എത്തുന്നതിനാൽ പ്രിന്റിങ് മേഖലയിൽ കോടിക്കിലുക്കം. ആവേശംചോരാതെ ലോകകപ്പ് ആഘോഷിക്കാൻ ഫുട്ബാൾ പ്രേമികൾ ചെലവഴിക്കുന്നത് കോടികളാണ്. മെസ്സിയെയും നെയ്മറിനെയും റൊണാൾഡോയേയുമൊക്കെ ആകാശത്തോളം തലയുയർത്തിനിർത്താനുള്ള ആരാധകരുടെ മത്സരം കൈയാങ്കളിയിൽ വരെയെത്തുന്നു. ഇഷ്ടടീമിനെ പിന്തുണക്കാൻ ആരാധകർ എത്ര രൂപ വേണമെങ്കിലും ചെലവഴിക്കുമെന്നാണ് കേരളക്കരയിലെ വഴിയോരങ്ങളിലും കവലകളിലും പ്രത്യക്ഷപ്പെട്ട കട്ടൗട്ടുകളും ബാനറുകളും തോരണങ്ങളും സൂചിപ്പിക്കുന്നത്.
ലോകകപ്പിനോടനുബന്ധിച്ച് സൈൻ പ്രിൻറിങ് മേഖലയിൽ പുത്തനുണർവും തിരക്കുമാണ് അനുഭവപ്പെടുന്നത്. ഓരോ പ്രദേശത്തും ചെലവഴിക്കുന്നത് ലക്ഷങ്ങളായതിനാൽ സംസ്ഥാനത്ത് കോടികളുടെ ബിസിനസാണ് നടന്നത്. ഡിസംബർ, ജനുവരി മാസങ്ങളിൽ നിരവധി സമ്മേളനങ്ങളും വാർഷികാഘോഷങ്ങളും നടക്കുന്നതിനാൽ ഫുട്ബാൾ ഓർഡറുകൾ സമയത്തിന് നൽകാൻ പ്രയാസപ്പെടുകയാണെന്നും ഈ മേഖലയിലുള്ളവർ പറയുന്നു. നിരോധനം ഉണ്ടെങ്കിലും പലയിടങ്ങളിലും ഫ്ലക്സ് ബോർഡുകളുമുണ്ട്. തുണിയിൽ പ്രിൻറ് ചെയ്ത ബാനറുകൾക്ക് പുറമേ പ്ലൈവുഡിലും നവീന ബോർഡുകളിലും ചെയ്യുന്ന കട്ടൗട്ടുകൾക്ക് വൻ ഡിമാൻഡാണ്. 60 അടി വരെ ഉയരത്തിലുള്ള കട്ടൗട്ടുകൾ പലയിടത്തുമുണ്ട്. താരങ്ങളുടെ ചിത്രങ്ങൾ മാത്രം പ്രിൻറ് ചെയ്ത് കട്ടൗട്ട് രൂപത്തിലാക്കുന്നതിന് 5000 രൂപ മുതലാണ് ചെലവ്. 10 അടി വരെ വലുപ്പം വരുന്ന കട്ടൗട്ടുകൾക്കുള്ള ഓർഡറുകളാണ് കൂടുതലും വരുന്നതെന്ന് പ്രിന്റിങ് സ്ഥാപന ഉടമകൾ പറയുന്നു. പതാകകൾക്കും ജഴ്സികൾക്കും സമാന നിറങ്ങളിലുള്ള തോരണങ്ങൾക്കും ആവശ്യക്കാർ കൂടുതലാണ്.
സൈൻ പ്രിൻറിങ് ഇൻഡസ്ട്രീസ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത 1244 ഓളം യൂനിറ്റുകൾക്കും രജിസ്ട്രേഷനിൽ ഉൾപ്പെടാത്ത 250 ഓളം യൂനിറ്റുകൾക്കും ലോകകപ്പ് ആവേശത്തിൽ പുത്തനുണർവ് ലഭിച്ചതായി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജൈസൽ പുല്ലാളൂർ പറഞ്ഞു. ഫ്ലക്സ് നിരോധനത്തിനുശേഷം സംഘടനയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ കോട്ടൺതുണിയിലാണ് ബാനറുകളും താരങ്ങളുടെ ചിത്രങ്ങളും പ്രിൻറ് ചെയ്തുനൽകുന്നത്. കോട്ടൺ തുണിയിൽ പ്രിൻറ് ചെയ്യാൻ ചതുരശ്ര അടിക്ക് 20-25 രൂപ വരെ ചെലവാകും. ചിത്രങ്ങൾ മൾട്ടിവുഡ്, പ്ലൈവുഡ് എന്നിവയിൽ ഒട്ടിച്ചുനൽകുന്നതിന് 80 രൂപ മുതലാണ് ചെലവ്. താരങ്ങളുടെ രൂപത്തിനനുസരിച്ച് കട്ടൗട്ടുകൾ ഉണ്ടാക്കുന്നതിന് ചതുരശ്ര അടിക്ക് 40 രൂപ മുതൽ മുകളിലേക്ക് ചെലവ് വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.