നേമം: മലയാളഭാഷയെ സ്നേഹിക്കുന്ന പുതുതലമുറയെ വാര്‍ത്തെടുക്കുകയാണ് ഒമ്പതു വര്‍ഷമായി ഒരു പള്ളിക്കൂടം. തിരുവനന്തപുരം തൈക്കാട് മോഡല്‍ സ്കൂളില്‍ സര്‍ക്കാര്‍ അനുവദിച്ച നാല് ക്ലാസ് മുറികളിലായി അഞ്ചിനും 14നും ഇടയില്‍ പ്രായമുള്ള ഇരുനൂറിലധികം കുട്ടികളാണ് മലയാളം പള്ളിക്കൂടത്തില്‍ മാതൃഭാഷയുടെ മധുരം നുകരുന്നത്.
കവി പ്രഫ. വി. മധുസൂദനന് നായരുടെയും ഡോ. ജെസി നാരായണന്റെയും നേതൃത്വത്തില്‍ മാതൃഭാഷയെ തൊട്ടറിയിക്കുന്ന മലയാളം പള്ളിക്കൂടമാണിത്. മണലില്‍ ചൂണ്ടുവിരല്‍കൊണ്ട് ഹരിശ്രീ കുറിച്ചു തുടങ്ങാന്‍... കല്ലുപെന്‍സില്‍ കൊണ്ട് സ്ലേറ്റില്‍ അക്ഷരമെഴുതാന്‍...മഷിത്തണ്ടുകൊണ്ട് അത് മായ്ച്ചിട്ട് വീണ്ടുമെഴുതാന്‍ കുരുന്നുകളെ പാകപ്പെടുത്തുന്ന പള്ളിക്കൂടം.
ചേറ്റുപാടത്തിറങ്ങി കതിരുകണ്ട്, മണ്ണപ്പം ചുട്ടുകളിച്ച്, പ്ലാവില തൊപ്പിയണിഞ്ഞ്, ഓലപ്പമ്പരമൂതി, പാളയില്‍ വണ്ടികളിച്ച് ഗൃഹാതുരത്വമുണര്‍ത്തുന്ന പഴയകാലത്തേക്ക് പുതുതലമുറയെ കൈപിടിച്ചു നടത്തുന്ന ഗുരുകുല സമ്പ്രദായമാണിവിടെ.
2014 ചിങ്ങം ഒന്നിനാണ് ഒരുപറ്റം അക്ഷരസ്നേഹികള്‍ ചേര്‍ന്ന് മലയാളം പള്ളിക്കൂടത്തിന് ശിലയിട്ടത്. കുട്ടികള്‍ക്കിപ്പോള്‍ ഇവിടെ അനന്തമായ ആകാശമുണ്ട്. ഒന്നും കാണാപ്പാഠമാക്കേണ്ട. പാട്ടും കളികളും ഇഷ്ടംപോലെ. മാതൃഭാഷ അവര്‍ കളികളിലൂടെ പഠിക്കുന്നു. മലയാളഭാഷയെ അതിന്റെ ആഴത്തില്‍ പകര്‍ന്നുകൊടുക്കുക തന്നെയാണ് പള്ളിക്കൂടത്തിന്റെ ലക്ഷ്യം. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ അക്ഷരക്കളരി, ഭാഷാപഠനക്കളരി, സാഹിത്യക്കളരി, തട്ടകം എന്നിങ്ങനെ നാലായി തിരിച്ചാണ് പഠിപ്പിക്കുന്നത്. പാടശേഖരങ്ങളും കൊയ്ത്തുപാട്ടും നെയ്ത്തുശാലകളുമൊക്കെ കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കാന്‍ ‘പഠനയാത്ര’കളും ഒരുക്കാറുണ്ടെന്ന് കാര്യദര്‍ശി ജെസി നാരായണന് പറയുന്നു.
സര്‍ക്കാര്‍ ധനസഹായം നല്കിയിട്ടില്ലാത്തതിനാല് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പള്ളിക്കൂടം. ഇതിനിടെ പള്ളിക്കൂടത്തിന്റെ കാലികപ്രസക്തി മനസ്സിലാക്കി പലഭാഗങ്ങളില്‍നിന്ന് മലയാളം പള്ളിക്കൂടം തങ്ങളുടെ നാട്ടില്‍ തുടങ്ങണമെന്ന ആവശ്യമുയരുന്നുണ്ട്.
മാതൃഭാഷയെ വളര്‍ത്താന്‍ പുതിയ ആശയങ്ങളുമായി ഇറങ്ങിച്ചെല്ലാന്‍ സംഘാടകര്‍ ഒരുക്കമാണ്. അതിനുവേണ്ടിവരുന്ന ചെലവാണ് പിന്നോട്ട് വലിക്കുന്നത്. മലയാളം ശ്രേഷ്ഠഭാഷാ പദവിയിലെത്തിക്കഴിഞ്ഞു. പക്ഷേ, ആ ഭാഷയെ വളര്‍ത്താന്‍ പ്രയത്നിക്കുന്ന തൈക്കാട് മോഡല്‍ സ്കൂള്‍ എത്രനാള്‍ കാത്തിരിക്കണമെന്നാണ് ഭാഷാസ്നേഹികളുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.