തിരുവനന്തപുരം: ലോക വനിതദിനമായ മാർച്ച് എട്ടിന് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം വനിത പൊലീസുകാർ ഏറ്റെടുക്കും. സ്ത്രീകളുടെ സുരക്ഷക്കും സംരക്ഷണത്തിനും പരമാവധി പ്രാധാന്യം നൽകിയുള്ള സർക്കാർ നയത്തെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നതിെൻറ ഭാഗമായാണ് പുതിയ ആശയത്തിന് സംസ്ഥാന പൊലീസും ഭാഗഭാക്കാകുന്നത്. ആശയം പ്രാവർത്തികമാകുന്നത് സംബന്ധിച്ച വ്യക്തമായ റിപ്പോർട്ട് നൽകാൻ എല്ലാ ജില്ല പൊലീസ് മേധാവികൾക്കും റേഞ്ച് ഐ.ജിമാർക്കും സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി. ജില്ലയിലെ വനിത സി.ഐ, എസ്.ഐമാരുടെ എണ്ണം, അവരെ നിയമിക്കാൻ കഴിയുന്ന സ്റ്റേഷൻ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഡി.ജി.പി ആരാഞ്ഞിരിക്കുന്നത്. സംസ്ഥാനത്തെ 55,000ത്തോളം പൊലീസുകാരിൽ ഒരു വനിത ഡിവൈ.എസ്.പി, 22 വനിത സി.ഐ, 167 എസ്.ഐമാർ മാത്രമാണുള്ളത്.
ഇവരെവേണം സംസ്ഥാനത്ത് 471 ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ ഒരു ദിവസത്തേക്ക് സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്.എച്ച്.ഒ) ആക്കേണ്ടത്. അംഗബലമനുസരിച്ച് എല്ലാ സ്റ്റേഷനുകളിലും വനിത ഓഫിസർമാരെ നിയമിക്കാൻ കഴിയില്ലെങ്കിലും കഴിയുന്നത്ര ഇടങ്ങളിൽ അവരെ എസ്.എച്ച്.ഒമാരായി നിയമിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.