കൊച്ചി: ഗോത്ര ജീവിതത്തെ അക്ഷരങ്ങളിലാക്കിയ പ്രശസ്ത നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ നാരായൻ (86) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ എളമക്കരയിലെ വീട്ടിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ഇടുക്കി ജില്ലയിലെ കുടയത്തൂരിൽ ചാലപ്പുറത്ത് രാമന്‍റെയും കൊടുകുട്ടിയുടെയും മകനായി 1940 സെപ്റ്റംബർ 26നാണ് ജനിച്ചത്. മലയരയര്‍ വിഭാഗത്തില്‍ ജനിച്ച നാരായന്‍ തന്‍റെ ജനതയുടെ കഥകള്‍ പറഞ്ഞാണ് മലയാളസാഹിത്യത്തിലേക്ക് പ്രവേശിച്ചത്. 'കൊച്ചരേത്തി' എന്ന പ്രഥമ നോവലിലൂടെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെപുരസ്‌കാരങ്ങള്‍ നേടി. കൊച്ചരേത്തി നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും യൂനിവേഴ്‌സിറ്റികളില്‍ സാഹിത്യപഠനത്തിന്‍റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്.
കുടയത്തൂർ ഹൈസ്കൂളിൽനിന്ന് എസ്.എസ്.എൽ.സി പാസായി. തപാൽവകുപ്പിൽ ജോലിയിൽ പ്രവേശിച്ച് 1995ൽ പോസ്റ്റ്മാസ്റ്ററായി വിരമിച്ചു. സമൂഹത്തിന്‍റെ അടിത്തട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ ചിത്രീകരിക്കുന്ന നോവലുകളാണ് പ്രധാന സാഹിത്യ സംഭാവന. മലയരയന്മാരെക്കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയ നോവലാണ് കൊച്ചരേത്തി. ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, വന്നല, ആരാണ് തോൽക്കുന്നവർ, കൃഷ്ണനെല്ലിന്‍റെ ചോറ്, തോൽവികളുടെ തമ്പുരാന്മാർ എന്നിവ മുഖ്യകൃതികൾ. 1999ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം (കൊച്ചരേത്തി), അബൂദബി ശക്തി അവാർഡ് (1999), തോപ്പിൽ രവി അവാർഡ് (1999), സ്വാമി ആനന്ദതീർഥ അവാർഡ് (2011), ഇക്കണോമിസ്റ്റ് ക്രോസ് വേഡ് ബുക്ക് അവാർഡ് (2011) എന്നിങ്ങനെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ലതയാണ് ഭാര്യ. മക്കൾ: രാജേശ്വരി, സിദ്ധാർഥകുമാർ, സന്തോഷ് നാരായൻ. ഇടപ്പള്ളി ശ്മശാനത്തിൽ സംസ്കാരം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.