കോഴിക്കോട്: ഭരണകൂടങ്ങളുടെ അടിച്ചമർത്തലിനും വിവേചനത്തിനുമെതിരെയാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് എഴുത്തുകാർ. മാധ്യമം ആഴ്ചപ്പതിപ്പ് രജതജൂബിലി ആഘോഷത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന 'മീറ്റ് ദ റൈറ്റേഴ്സ്' സെഷനിലാണ് പ്രമുഖ എഴുത്തുകാർ നിലപാടുകൾ പ്രഖ്യാപിച്ചത്.
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സഈദ് നഖ്വി, മലയാള സാഹിത്യരംഗത്തെ പ്രമുഖരായ കെ.പി. രാമനുണ്ണി, വി.ആർ. സുധീഷ്, ടി.ഡി. രാമകൃഷ്ണൻ, പി.കെ. പാറക്കടവ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവരാണ് പങ്കെടുത്തത്. എഴുത്തുകാരൻ നിവർന്നുനിന്ന് നിലപാട് വ്യക്തമാക്കേണ്ട സമയമാണിതെന്ന് മോഡറേറ്ററായിരുന്ന പി.കെ. പാറക്കടവ് പറഞ്ഞു.
ഇന്ത്യയിലെ ആദ്യ ഭീകരാക്രമണം ഗാന്ധിയുടെ വധമായിരുന്നു. ഗാന്ധിജിയെ കൊന്ന ഗോദ്സെയുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന അധികാരവർഗമാണ് ഇന്ത്യയിലുള്ളതെന്നും പാറക്കടവ് പറഞ്ഞു. സാംസ്കാരിക ഭൂപടത്തെ വ്യത്യസ്തമായ നിലപാടുകൊണ്ട് മാധ്യമം ആഴ്ചപ്പതിപ്പ് തകിടംമറിച്ചെന്ന് കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. എഴുത്തുകാരനാകണമെങ്കിൽ സവിശേഷമായ നിലപാടുകളും കാഴ്ചപ്പാടുകളും വേണം. ഇല്ലെങ്കിൽ എഴുത്തുപണിക്കാരനാകും. വിവേകാനന്ദനെയടക്കം തിരസ്കരിക്കുന്നവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യം വളരെ മോശമായ അവസ്ഥയിലൂടെയാണ് പോകുന്നതെന്ന് ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു. സമാധാനത്തിന്‍റെ പ്രച്ഛന്നവേഷങ്ങളുണ്ട്. ധ്രുവീകരണകാലമാണ്. ഹിംസ ഒന്നിനും പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എഴുത്തുകാരൻ രചനകളിലൂടെയാണ് നിലപാടറിയിക്കുന്നതെന്ന് വി.ആർ. സുധീഷ് പറഞ്ഞു. എഴുത്തുകാരന്‍റെ നിലപാട് പിന്നീട് മാറിയാലും എഴുത്ത് മാറില്ല. കഥാപാത്രങ്ങളാണ് നിലപാടറിയിക്കുന്നത്. ഭാഷയുടെ വളർച്ചകൂടിയാണ് എഴുത്തുകാരന്‍റെ ദൗത്യമെന്നും സുധീഷ് പറഞ്ഞു. ഐഡിയൽ പബ്ലിക്കേഷൻസ് ട്രസ്റ്റ് വൈസ് ചെയർമാൻ വി.ടി. അബ്ദുല്ലക്കോയ അതിഥികൾക്ക് ഉപഹാരം സമ്മാനിച്ചു.
രാജ്യത്ത് വർഗീയത വർധിക്കുകയാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സഈദ് നഖ്വി. 'മീറ്റ് ദ റൈറ്റേഴ്സ്' സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടായി മാധ്യമപ്രവർത്തനം നടത്തുകയാണെന്ന് നഖ്വി പറഞ്ഞു.
ജോലിയുടെ ആദ്യകാലത്ത് തനിക്കും ഭാര്യക്കും താമസിക്കാൻ വീട് കിട്ടാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. പേര് നോക്കി ചിലർ വീട് തന്നില്ല. കുൽദീപ് നയാറും വിക്രം സിങ്ങുമാണ് താമസസ്ഥലമൊരുക്കാൻ സഹായിച്ചത്. ഉത്തരേന്ത്യയിലെ മുസ്ലിംകൾക്ക് തന്നെ സഹായിക്കാനുള്ള ആളും അർഥവുമില്ല. 'ദ മുസ്ലിം വാനിഷസ്' എന്ന നഖ്വിയുടെ പുസ്തകം ഗൾഫ് മാധ്യമം എഡിറ്റർ വി.കെ. ഹംസ അബ്ബാസ് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.