കോട്ടയം: വടക്കു പടിഞ്ഞാറു ബംഗാൾ ഉൾക്കടലിൽ 'യാസ്' അതിശക്ത ചുഴലിക്കാറ്റ് രൂപപ്പെട്ടു. കഴിഞ്ഞ 6 മണിക്കൂറായി വടക്കു- വടക്കു പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 12 കി.മീ വേഗതയിൽ സഞ്ചരിച്ച് ഇന്ന് പുലർച്ചെ 02.30ഓടെ 20.4° N അക്ഷാംശത്തിലും 87.6° E രേഖാംശത്തിലും എത്തിയിരിക്കുന്നു. നിലവിൽ 'യാസ്' ചുഴലിക്കാറ്റ് ധാംറയിൽ നിന്ന് 85 കി.മീ കിഴക്കു - തെക്കു കിഴക്കായും, പാരദ്വീപിൽ (ഒഡീഷ) നിന്ന് 90 കി.മീ കിഴക്കായും ബാലസോറിൽ (ഒഡീഷ ) നിന്ന് 140 കി.മീ തെക്ക് -തെക്കു കിഴക്കായും ഡിഗ (പശ്ചിമ ബംഗാൾ)യിൽ നിന്ന് 130 കി.മീ തെക്ക് ഭാഗത്തുമായാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്.
വടക്ക് - വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന അതിശക്ത ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് പുലർച്ചയോടെ വടക്കൻ ഒഡിഷ തീരത്ത് ധാംറ പോർട്ടിന് സമീപം എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. തുടർന്ന് ഇന്ന് ഉച്ചയോടെ വടക്കൻ ഒഡിഷ തീരത്തു കൂടി വടക്കൻ ധാംറക്കും ബാലസോറിന്‍റെ തെക്കുഭാഗത്തിനും ഇടയിൽ അതിശക്തമായ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യത.
ഇന്ന് വടക്കൻ ബംഗാൾ ഉൾക്കടലിലും ആന്ധ്രാ പ്രദേശ് -ഒഡിഷ- പശ്ചിമ ബംഗാൾ- ബംഗ്ലാദേശ് എന്നിവയുടെ തീരപ്രദേശങ്ങളിലും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികൾ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാൻ നിർദേശം നൽകിയിട്ടുണ്ട്.
ന്യൂനമർദത്തിന്‍റെ പ്രതീക്ഷിക്കുന്ന സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നിരുന്നാലും കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ ന്യൂനമർദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ മഞ്ഞ അലെർട് പുറപ്പെടുവിച്ചിട്ടുണ്ട്. ന്യൂനമർദ്ദ രൂപീകരണവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.