പിണറായി വിജയൻ, എം.കെ. സ്റ്റാലിൻ
കേന്ദ്രത്തിനെതിരെ സമരത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ സ്റ്റാലിനുമായി മുഖ്യമന്ത്രി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തണമെന്നായിരുന്നു എ. വിൻസെന്റിന്റെ നിർദേശം. സ്റ്റാലിനെ കാണുമ്പോൾ ‘ഉന്നാൽ എപ്പടി മുടിയിത് തമ്പി’... എന്ന് ചോദിക്കുകയും വേണം. കേന്ദ്രത്തിനെതിരെ പോർമുഖം തുറക്കുമ്പോൾ തന്നെ തമിഴ്നാടിന് അവകാശപ്പെട്ട പദ്ധതികൾ നേടിയെടുക്കുന്നത് കണ്ടുപഠിക്കാൻ യാത്ര ഉപയോഗിക്കണമെന്നുമുണ്ട് ഉപദേശം. ധനകാര്യ ബിൽ ചർച്ചയിൽ നിശിത വിമർശനം വിൻസെന്റ് അഴിച്ചു വിട്ടപ്പോൾ ഭരണപക്ഷം അസ്വസ്ഥരാകുന്നുണ്ടായിരുന്നു. വക്ക് പൊട്ടിയാൽ ചരിച്ച് വെക്കാം, മൂട് പൊട്ടിയാൽ വലിച്ചെറിയാനേ പറ്റൂ, അതുകൊണ്ട് സംസാരിച്ചിട്ട് കാര്യമില്ലെന്നായി പി. ബാലചന്ദ്രൻ.
ദാസ് കാപിറ്റൽ വായിച്ച കമ്യൂണിസ്റ്റുകാർ ഇപ്പോൾ കാപിറ്റലിസത്തിന്റെ ദാസന്മാരായെന്ന് കൂടി വിൻസെന്റിന് അഭിപ്രായമുണ്ട്. ഒമ്പത് നില പാർട്ടി ഓഫിസ് ഉണ്ടാക്കുന്ന ശുഷ്കാന്തി കേരളത്തിന്റെ വികസനം പൂർത്തിയാക്കുന്നതിലും കാണിക്കണം. പാർട്ടി ഓഫിസിൽ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന് ടി.ഐ. മധുസൂദനനും. സി.കെ. ഗോവിന്ദൻ നായരുടെ പേരിൽ ഫണ്ട് പിരിച്ചിട്ട് ഓഫിസ് എവിടെ? സി.എം. സ്റ്റീഫന്റെ പേരിൽ പിരിച്ച ഫണ്ടെവിടെ? കരുണാകരൻ സപ്തതി ഫണ്ട് എവിടെ... ചോദ്യങ്ങൾ തുരുതുരെ വന്നു. പ്രതിപക്ഷ നിരക്ക് ഉരിയാട്ടമുണ്ടായില്ല. പണം പിരിച്ചിട്ട് ഓഫിസുമില്ല, പണവുമില്ല, നിരപ്പലകയിൽ ഇരിക്കാനാണ് നിങ്ങൾക്ക് യോഗം- പി. മമ്മിക്കുട്ടിയും വെറുതെ വിട്ടില്ല.
ശമ്പളം നൽകാൻ പ്രയാസമുണ്ടെന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയുടെ പ്രസ്താവന ഭരണപക്ഷത്തിന് ആയുധമാകുക സ്വാഭാവികം. ജീവനക്കാരുടെ ആനുകൂല്യത്തിൽ കൈവെച്ച പഴയ എ.കെ. ആന്റണി സർക്കാറിനെയും മധുസൂദനൻ വെറുതെ വിട്ടില്ല. 50000 കോടി സൗജന്യങ്ങൾ ജനങ്ങൾക്ക് നൽകിയ മുഖ്യമന്ത്രിയും നികുതിയും വെള്ളക്കരവും വൈദ്യുതി നിരക്കും ബസ് ചാർജും കൂട്ടിയ ഈ സർക്കാറുമായി താരതമ്യമില്ലെന്നായി പി.സി. വിഷ്ണുനാഥ്. എം.എസ്. അരുൺകുമാർ വിപ്ലവ ഗാനങ്ങൾ പാടിയപ്പോൾ വിപ്ലവ ഗാനങ്ങൾ ഇന്ന് ആർക്ക് വേണമെന്നായി എൽദോസ് കുന്നപ്പിള്ളി.
വാഴ്ത്തുപാട്ടുകളും സ്തുതിഗീതങ്ങളുമാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നതത്രെ. പാണ്ടൻനായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ലെന്ന് പി. മമ്മിക്കുട്ടി പരിഹസിച്ചു. പ്രതിപക്ഷം സർക്കാറിനെയും ബജറ്റിനെയും വിമർശിക്കുന്നു, മര്യാദ കാണിക്കുന്നില്ല എന്നൊക്കെ ഭരണപക്ഷത്തിന് ആക്ഷേപമുണ്ട്. പണ്ട് കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ നിയമസഭയിൽ ഇടതുപക്ഷം നടത്തിയതൊക്കെ പി.സി. വിഷ്ണുനാഥ് വിശദീകരിച്ചു. നിങ്ങൾ എന്തിനെ കുറിച്ച് ഞങ്ങളെ ഉപദേശിച്ചാലും പ്രതിപക്ഷ പ്രവർത്തനം എങ്ങനെയാകണമെന്ന് ഉപദേശിക്കരുത്. അത് കേൾക്കാനുള്ള കരുത്തും ത്രാണിയും നമ്പർ വണ്ണാണ് എന്ന് പാടാൻ മനസ്സും തങ്ങൾക്കില്ലെന്ന് വിഷ്ണുനാഥ് തുറന്നുപറഞ്ഞു.
സുനിത വില്യംസ് സുരക്ഷിതമായി ലാൻഡ് ചെയ്തതിനെ നിയമസഭ അഭിനന്ദിച്ചു. അതിൽ എല്ലാവരും പങ്കുചേർന്നു. ഒപ്പം ഗസ്സയിൽ ഫലസ്തീനികൾക്കെതിരെ ബോംബ് വർഷിച്ച് കൂട്ടക്കൊല നടത്തിയതിലെ വേദന കെ.പി.എ. മജീദ് പങ്കുവെച്ചു. എൽദോസ് കുന്നപ്പള്ളിയും പി.സി. വിഷ്ണുനാഥും അത് ആവർത്തിച്ചു. ചെങ്കാടി അതുത്ഭവിച്ച രാജ്യത്തില്ല, മോസ്കോയിലില്ല, വിയറ്റ്നാമിലില്ല, മൂന്നര പതിറ്റാണ്ട് ഭരിച്ച ബംഗാളിൽ ഒരു സി.പി.എമ്മുകാരനും കെട്ടിവെച്ച കാശ് കിട്ടിയില്ല. തുടർഭരണം സ്വപ്നം കാണുന്ന ഭരണപക്ഷ അഗങ്ങളും ആരോഗ്യമന്ത്രിയും ധനമന്ത്രിയും ഇതൊന്നു മനസ്സിൽ വെക്കണമെന്ന് യു.എ. ലത്തീഫ്. വ്യത്യസ്ത നേതാക്കൾ കണ്ടാൽ ഉരുകിപ്പോകുന്നതല്ല രാഷ്ട്രീയമെന്ന വാദം എൻ.കെ. പ്രേമചന്ദ്രന് ബാധകമല്ലേ എന്നായി വിൻസെന്റിന്റെ സംശയം. ബ്രേക് ഫാസ്റ്റ് ആകാം ലഞ്ച് പാടില്ല എന്നാണോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.