വൈക്കം: കള്ളുഷാപ്പിന് മുന്നിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുനലൂർ കരവാളൂർ ബിജുഭവനിൽ ഉമ്മൻ ജോർജിന്‍റെ മകൻ ബിജു ഉമ്മൻ ജോർജാണ് (48) മരിച്ചത്. വൈക്കം വലിയകവല പെരിഞ്ചില ഷാപ്പിന് മുന്നിൽ ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന വൈക്കം കല്ലറ മുണ്ടാർ സ്വദേശി സജീവിനെ (47) കസ്റ്റഡിയിലെടുത്തു.
രാവിലെ എട്ടരയോടെ ബിജു ഷാപ്പിലേക്ക് എത്തുന്നതും 10 മിനിറ്റിനുള്ളിൽതന്നെ കുത്തേറ്റ് ഷാപ്പിന് വെളിയിലേക്ക് നടന്നെത്തി വീഴുന്നതും സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. പരിശോധനയിൽ വയറിന് കുത്തേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചു. അവിവാഹിതനാണ് ബിജു. കുഞ്ഞമ്മയാണ് മാതാവ്.
വൈക്കം കോലോത്തുംകടവ് മത്സ്യമാർക്കറ്റിലെ ഐസ് പ്ലാന്‍റ് തൊഴിലാളിയായിരുന്നു. സ്ഥാപനത്തിൽ മോഷണം നടത്തിയെന്ന് ആരോപിച്ച് പുറത്താക്കിയിരുന്നു. പിന്നീട് പല സ്ഥലങ്ങളിലായി ജോലി ചെയ്തുവരുകയായിരുന്നു. ഒരു മാസം മുമ്പ് സജീവും ബിജുവും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യപിച്ച് ലക്കുകെട്ട സജീവിന്‍റെ മൊബൈൽ ഫോണും പഴ്സും ബിജു മോഷ്ടിെച്ചന്ന് ആരോപിച്ച് ഇവർ തമ്മിൽ തർക്കം ഉണ്ടാകുകയും ചെയ്തിരുന്നു. പിന്നീട്, ബിജു ഒരു മൊബൈൽ ഫോൺ വലിയ കവലക്ക് സമീപത്തെ ബാറിൽ വിൽക്കാൻ ശ്രമിച്ചെന്നും തുടർന്ന് ഇവർ തമ്മിൽ കാണുമ്പോഴൊക്കെ കലഹിച്ചിരുന്നതായും പറയുന്നു.
ബുധനാഴ്ച രാവിലെ പെരിഞ്ചില കള്ളുഷാപ്പിലെത്തി മദ്യപിക്കുന്നതിനിടയിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നതായാണ് സംശയിക്കുന്നത്. കേസിൽ ഷാപ്പിലെ തൊഴിലാളികളെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.