ചെറുപുഴ: പ്രാപ്പൊയില്‍ പെരുന്തടത്തെ തോപ്പില്‍ രാജേഷി(47)നു നേരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയെ ചെറുപുഴ പൊലീസ് അറസ്റ്റു ചെയ്തു. ചിറ്റാരിക്കാല്‍ കടുമേനി സ്വദേശി റോബിന് (41)നെയാണ് ചെറുപുഴ പൊലീസ് ഇന്‍സ്പെക്ടര്‍ ടി.പി. ദിനേശ്, എസ്.ഐ ഹബീബ് റഹ്മാന് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
ഞായറാഴ്ച രാത്രി പത്തോടെ രാജേഷിന്റെ വീട്ടിലെത്തിയ പ്രതി രാജേഷിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. മുഖത്തും ശരീരത്തും സാരമായി പരിക്കേറ്റ രാജേഷ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മരംവെട്ട് തൊഴിലാളിയായ രാജേഷിനോട് പ്രതിക്കുള്ള വ്യക്തിവൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചെതെന്നാണ് പൊലീസ് പറയുന്നത്.
പുതിയ വീടിന്റെ കോണ്‍ക്രീറ്റ് പണിക്കുള്ള ഒരുക്കങ്ങള്‍ നടത്തിയശേഷം താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിലിരിക്കുകയായിരുന്ന രാജേഷിനു നേരെ പ്രതി ആസിഡ് പ്രയോഗിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട പ്രതിയെ തിങ്കളാഴ്ച വൈകീട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ചൊവ്വാഴ്ച രാവിലെ സംഭവം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ആസിഡ് കൊണ്ടുവന്ന പ്ലാസ്റ്റിക് കാനും ഒഴിക്കാനുപയോഗിച്ച കുപ്പിയും സ്ഥലത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. തളിപ്പറമ്പ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.