മുഖ്യമന്ത്രിക്ക് ‘515 രൂപയും കഴിക്കാൻ അണ്ടിപരിപ്പും’ പാഴ്സൽ അയച്ച് യൂത്ത് കോൺഗ്രസ്; നവകേരള സദസിലെ പരാതി പരിഹാരത്തിനെതിരെ പ്രതിഷേധം

തൃശ്ശൂർ: സഹകരണ ബാങ്കിലെ നാല് ലക്ഷത്തിന്‍റെ വായ്പ കുടിശ്ശികയിൽ ഇളവുതേടി നവകേരള സദസ്സിലെത്തി പരാതി നൽകിയ യുവാവിന് 515 രൂപ മാത്രം ഇളവ് നൽകിയ നടപടിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. പരാതിക്ക് പരിഹാരമായി ഇളവ് ചെയ്ത 515 രൂപയും അതിനൊപ്പം കഴിക്കാൻ സൗജന്യമായി അണ്ടിപരിപ്പും മുഖ്യമന്ത്രിക്ക് പാഴ്സൽ അയച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. വലപ്പാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയാണ് പ്രതിഷേ സമരത്തിന് നേതൃത്വം നൽകിയത്.

സഹകരണ ബാങ്കിലെ നാല് ലക്ഷം രൂപയുടെ വായ്പ കുടിശ്ശികയിൽ ഇളവുതേടി നവകേരള സദസ്സിലെത്തി പരാതി ഉന്നയിച്ച കിളിയന്തറ സ്വദേശിയായ യുവാവിന് ലഭിച്ചത് 515 രൂപയുടെ ഇളവാണ്. കേരള ബാങ്കിന്‍റെ ഇരിട്ടി സായാഹ്ന ശാഖയിൽ നിന്ന് വായ്പയെടുത്ത യുവാവിനാണ് ഈ സ്ഥിതി. വായ്പ കുടിശ്ശികയിൽ കാര്യമായ ഇളവ് പ്രതീക്ഷിച്ച് കൂലിപ്പണി ഒഴിവാക്കി നവകേരള സദസ്സിൽ പരാതി നൽകിയ യുവാവിന് കിട്ടിയ ‘ഇളവ്’ സമൂഹ മാധ്യമത്തിൽ പ്രചരിക്കുകയാണ്.

വീട് അറ്റകുറ്റപ്പണിക്കാണ് യുവാവ് നാലുലക്ഷം രൂപ വായ്പയെടുത്തത്. കേരള ബാങ്കിന്‍റെ ഇരിട്ടി സായാഹ്ന ശാഖയിൽ 3,97,731 രൂപ ഇനിയും അടക്കാനുണ്ട്. ഇരിട്ടിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനെത്തിയപ്പോഴാണ് അപേക്ഷ നൽകിയത്. കുടിശ്ശിക ഇളവാണ് അപേക്ഷയിൽ കാര്യമായി ആവശ്യപ്പെട്ടത്. പരാതി തീർപ്പാക്കിയതായി സഹകരണസംഘം ജോയന്‍റ് രജിസ്ട്രാറുടെ അറിയിപ്പ് വന്നപ്പോഴാണ് ഇത്ര ചെറിയ തുകയുടെ ഇളവാണ് ലഭിച്ചതെന്ന് യുവാവ് അറിയുന്നത്. 3,97,731 രൂപയിൽനിന്ന് 515 രൂപ കുറച്ച് ബാക്കി 3,97,216 രൂപ ഈ മാസം 31നകം ബാങ്കിൽ അടക്കണമെന്നും നോട്ടീസിലുണ്ട്.

കണ്ണൂരിൽ 11 അസംബ്ലി മണ്ഡലങ്ങളിൽ നിന്നായി 28,632 അപേക്ഷകളാണ് നവകേരള സദസ്സിൽ ലഭിച്ചത്. കിട്ടാക്കടം എഴുതിത്തള്ളുന്നത് ഉൾപ്പെടെയുള്ള പരാതികൾ ഇതിലുണ്ടെന്നും ബന്ധപ്പെട്ട വകുപ്പുകൾക്ക് അവ കൈമാറിയിട്ടുണ്ടെന്നും എ.ഡി.എം ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, വായ്പ ഇളവ് മാത്രമാണ് പരാതിക്കാരന് നൽകിയതെന്നും കേരള ബാങ്ക് റീജനൽ ഓഫിസാണ് തീർപ്പുകൽപിച്ചതെന്നും നിയമപ്രകാരമുള്ള ഇളവ് അതേയുള്ളൂവെന്നും കേരള ബാങ്ക് ഇരിട്ടി ബ്രാഞ്ച് മാനേജർ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Youth Congress sent a parcel of '515 rupees and nuts to eat' to the Chief Minister; Protest against grievance redressal in Navakerala Sadas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.