ഉരുവച്ചാൽ: ശിവപുരം നടുവനാട് റോഡിൽ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. അപകടത്തിന് ശേഷം നിർത്താതെ പോയ കാർ കിലോമീറ്ററുകൾ അകലെ വീട്ടുമുറ്റത്ത് നിന്ന് മാലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ശിവപുരം നടുവനാട് റോഡിൽ വിളക്കോട് പാനേരി ഹൗസിൽ പി. മായന്റെ മകൻ ടി.കെ. റിയാസ് (38) ആണ് മരിച്ചത്.
കോളാരിക്കടുത്ത് വെള്ളിലോടിൽ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. സ്വന്തം വീടിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തുനിന്ന് ശിവപുരത്തെ ഭാര്യവീട്ടിലേക്ക് ബൈക്കിൽ പോകവെ എതിരെനിന്നും വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് 20 മിനിറ്റോളം രക്തത്തിൽ കുളിച്ച് റോഡരികിൽ കിടന്ന റിയാസിനെ ആംബുലൻസിലാണ് ഉരുവച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
പരിക്ക് ഗുരുതരമായതിനാൽ ചാലയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. കാർ ബൈക്കിൽ ഇടിച്ചശേഷം അമിത വേഗത്തിൽ നിർത്താതെ പോവുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ കാർ കണ്ടെത്താൻ തിരച്ചിൽ നടത്തുന്നതിനിടെ കോളാരിയിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ടനിലയിൽ കണ്ടെത്തി. മാലൂർ പൊലീസെത്തി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. കാക്കയങ്ങാട് കോഴിക്കട നടത്തിവരികയായിരുന്നു റിയാസ്.
മാതാവ്: ആയിഷ. ഭാര്യ: ഫസീല (ശിവപുരം). മക്കൾ: അജ്വ, അംറ, എട്ടുമാസം പ്രായമായ കുഞ്ഞ്. സഹോദരങ്ങൾ: റസാക്ക്, റഷീദ് (ദുബൈ), റഹീം, മുത്തലിബ്, റാഹില. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചയോടെ വിളക്കോട് വീട്ടിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.