കോഴിക്കോട്: ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ വിഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേശ് സാഹിബിന് നിർദേശം നൽകിയത്.
പൊലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് നാല് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ നിർദേശിച്ചു. ബീച്ചിൽ യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ നാല് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ജനുവരി 30ന് കോഴിക്കോട് ഗവ. ഗെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
ഇത്തരം സംഭവങ്ങൾ മത്സരയോട്ടത്തിൽ ഏർപ്പെടുന്നവർക്ക് പുറമേ, മറ്റു വാഹനങ്ങൾ ഓടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാണെന്ന് ഉത്തരവിൽ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ജനപ്രീതിയുണ്ടാക്കാൻ അപകടകരമായ റീലുകൾ ചിത്രീകരിക്കുന്ന പ്രവണത വർധിച്ചുവരുകയാണ്.
ഇത്തരം ചിത്രീകരണങ്ങൾക്കായി ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി അപകടകരമായി വാഹനം ഓടിക്കുന്നത് പതിവായി. മത്സരയോട്ടങ്ങൾക്കായുള്ള മൈതാനമായി പൊതുനിരത്തുകളെ മാറ്റുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പൊലീസ് മേധാവിക്ക് നിർദേശം നൽകി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ അഡ്വ.വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് കമീഷൻ ഇടപെടൽ.
കോഴിക്കോട്: ബീച്ച് റോഡിൽ കാർ റേസിങ് റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചതിന്റെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പും സിറ്റി പൊലീസും പരിശോധന ശക്തമാക്കി. ഇത്തരത്തിലുള്ള നിയമലംഘനങ്ങളും വാഹന റേസിങ്ങും നിയമലംഘന അഭ്യാസങ്ങളും ഉൾപ്പെടെയുള്ളവക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് മേഖല ട്രാൻസ്പോർട്ട് ഓഫിസർ പി.എ. നസീർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.