പാലാ: ആദ്യ കുർബാന കൈക്കൊള്ളൽ ചടങ്ങിന്റെ വിരുന്നിൽ പങ്കെടുത്തവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനും വാക്കേറ്റത്തിനുമിടയില്‍ കത്രികകൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു. പ്രവിത്താനം ചെറിയന്‍മാക്കല്‍ ലിബിന് ജോസാണ് (28) മരിച്ചത്. ലിബിനെ കുത്തിയ പാലാ പരുമലക്കുന്ന് പുത്തൻപുരയ്ക്കൽ അഭിലാഷ് ഷാജി (30) തലക്ക് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച പുലര്‍ച്ച 2.30ഓടെ പ്രവിത്താനം കോടിയാനിച്ചിറയിൽ കണിയാന്‍മുകളില്‍ ബിനീഷിന്റെ വീട്ടിലാണ് സംഭവം. ബിനീഷിന്റെ മകന്റെ ആദ്യ കുർബാന കൈക്കൊള്ളൽ ചടങ്ങിനോടനുബന്ധിച്ച് നടന്ന സൽക്കാരത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ ശീട്ടുകളിക്കുകയും ഇതിനിടയിൽ തര്ക്കമുണ്ടാവുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ കത്രികകൊണ്ട് കുത്തേറ്റാണ് ലിബിന് മരിച്ചത്. ബിനീഷിന്റെ സുഹൃത്താണ് ലിബിന്. സുഹൃത്തുക്കളും ബിനീഷിന്റെ ബന്ധുക്കളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കുത്തേറ്റയുടന്‍ ലിബിനെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഘർഷത്തിനിടെ തർക്കത്തിന് തടസ്സംപിടിക്കാനെത്തിയ ഗൃഹനാഥ നിർമല, സഹോദരൻ ബെന്നി എന്നിവർക്കും പരിക്കേറ്റു. ആദ്യ കുർബാനക്കുശേഷം രാത്രി പാർട്ടി സംഘടിപ്പിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി മദ്യപാനവും ശീട്ടുകളിയും നടക്കുന്നതിനിടെയാണ് വാക്തർക്കവും സംഘട്ടനവും കത്തിക്കുത്തുമുണ്ടായതെന്ന് പറയുന്നു.
കോട്ടയം മെഡിക്കല്‍ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പാലായിലെ ഫർണിച്ചർ കടയിലെ ഡ്രൈവറായിരുന്നു ലിബിൻ.
സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് പ്രവിത്താനം സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍. പിതാവ്: ജോസ്കുട്ടി. മാതാവ്: ലൂസി. സഹോദരങ്ങൾ: ലിന്റോ, ലിജോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.