'കൊച്ചിനെ സ്‌റ്റേജിനടിയില്‍ തൊട്ടിൽകെട്ടി മുകളില്‍ നിന്ന് അഭിനയിക്കേണ്ടിവന്നിട്ടുണ്ട്. കല്യാണം കഴിഞ്ഞ് കുറെ കഷ്ടപ്പാടുകളുമുണ്ടായി. ആത്​മഹത്യശ്രമം വരെ നടത്തിയിട്ടുണ്ട്​'

ചെമ്മീൻ കെട്ടുകൾക്ക്​ ഇടയിലൂടെ നീണ്ട്​ പുളഞ്ഞുകിടക്കുന്ന റോഡ്​. കാറ്റിൽ കടലിന്‍റെ ഉപ്പുരസം. വൈപ്പിൻകരയിലെ പാതയോരങ്ങളിൽ ഫുട്​ബാൾ കമ്പവും ക്രിസ്മസ്​ വരവും ഫ്ലക്സുകളായും നക്ഷത്രങ്ങളായും നിറഞ്ഞിട്ടുണ്ട്​.

വളപ്പിൽനിന്ന്​ ഉൾറോഡിലേക്ക്​ കുറച്ചധികം ചെന്നപ്പോഴേക്കും ആ 'അമ്മച്ചി' തന്‍റെ കുഞ്ഞുവീട്ടിൽ കാത്തുനിന്നിരുന്നു. 'അപ്പൻ' ചിത്രത്തിൽ ആരുടെയും കണ്ണ്​ നിറയിക്കുന്ന അമ്മച്ചിയായി വേഷമിട്ട പൗളി വത്സന്​ ഇപ്പോൾ മുഖം നിറഞ്ഞ ചിരിയുണ്ട്​. നാടകങ്ങളിലും സിനിമകളിലും അവർ കാലുറപ്പിച്ചിട്ട്​ പതിറ്റാണ്ടുകളായി. ഈ ക്രിസ്മസ്​ പൗളിക്ക്​ വിശേഷപ്പെട്ടതാണ്​. ആഘോഷിക്കാൻ കഴിയാതെപോയ ഒട്ടേറെ ക്രിസ്മസുകളുടെ കഥ പറഞ്ഞുതന്നെ അവർ തുടങ്ങി...


ജീവിതത്തിലേക്ക്​ തിരിഞ്ഞുനോക്കുമ്പോൾ എന്താണ്​ മനസ്സിൽ?

അഭിനയംകൊണ്ട്​ ഒരാളെയും ആശ്രയിക്കാതെ ജീവിക്കാന്‍ പറ്റി. കൊച്ചുങ്ങളെ നോക്കാനും നാടകം കളിക്കാനുമായൊക്കെ കുറെ കഷ്ടപ്പെട്ടു. കൊച്ചിനെ കൂടെ കൊണ്ടുപോകേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. സ്‌റ്റേജിനടിയില്‍ തൊട്ടിൽകെട്ടി മുകളില്‍ നിന്ന് അഭിനയിക്കേണ്ടിവന്നിട്ടുണ്ട്. മനസ്സ്​ മടുപ്പിക്കുന്ന ഒട്ടേറെ കുറ്റപ്പെടുത്തൽ കേട്ടിട്ടുണ്ട്​.

പക്ഷേ, ഇപ്പോൾ സന്തോഷമാണ്​. ജീവിതം കൊണ്ട്​ ഒട്ടേറെ പാഠങ്ങൾ പഠിച്ചു. യേശുദാസ്​, ആദർശ്​ എന്നിവരാണ്​ മക്കൾ. മരുമകൾ ജിനി. ആന്‍റണി ജോൺ എന്ന പേരക്കുട്ടിയും കൂട്ടിനുണ്ട്​.


അപ്പൻ സിനിമയിൽ തകർത്താണല്ലോ അഭിനയം?

അപ്പന്‍ സിനിമ എന്നെ മനസ്സില്‍ കണ്ടാണ് എഴുതിയതെന്ന്​ മജു പറഞ്ഞിരുന്നു. അതിന് ഇത്രേം മഹത്ത്വം ഉണ്ടാകുമെന്ന് വിചാരിച്ചില്ല. ഒരുപാട് പേര് വിളിച്ചു. വളരെ നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു. എത്രയോ വീടുകളിൽ അതുപോലെയുള്ള അപ്പനും അമ്മയും കഥാപാത്രങ്ങള്‍ ഉണ്ട്​.

'അന്നയും റസൂലും', രഞ്ജിത്തിന്റെ 'ലീല' ഒക്കെ ആള്‍ക്കാര്‍ ഓര്‍ത്തെടുത്തു പറയുമ്പോള്‍ വലിയ സന്തോഷമാണ്. 'ഇൗ.മ.യൗ' സിനിമയിൽ പകരക്കാരിയായിട്ടാണ് ചെല്ലുന്നത്. അതിൽ എന്റെ അപ്പച്ചന്റെ അമ്മ ഒക്കെ കരയുന്നതാണ് ഓര്‍ത്തു ചെയ്തത്. അത് ലിജോക്ക് വലിയ ഇഷ്ടമായി. സിനിമക്ക്​ സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്നുവരെ വിളിയെത്തി. കെ.പി.എ.സി ലളിത ചേച്ചി വിളിച്ചപ്പോൾ ഞാൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റുപോയി.

(2022 ഡിസംബർ ലക്കം മാധ്യമം കുടുംബത്തിൽ പ്രസിദ്ധീകരിച്ചത്)

പൗളി വത്സനുമായുള്ള പൂർണ്ണ അഭിമുഖം ഡിസംബർ ലക്കം മാധ്യമം കുടുംബത്തിൽ വായിക്കാം...

സർക്കുേലഷൻ സംബന്ധമായ സംശയങ്ങൾക്ക് വിളിക്കാം, ഫോൺ: 8589009500

Tags:    
News Summary - actress pauly valsan, life, cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.