‘സെലക്ടിവല്ല, കുറേ സിനിമകൾ ചെയ്യണം’ -മനസ്സുതുറന്ന് മലയാളത്തിന്‍റെ സ്വന്തം ‘ക്വിന്‍റൽ ഇടിക്കാരൻ’ ആന്‍റണി വർഗീസ് പെപ്പെ

ആന്‍റണി വർഗീസ് പെപ്പെ

‘സെലക്ടിവല്ല, കുറേ സിനിമകൾ ചെയ്യണം’ -മനസ്സുതുറന്ന് മലയാളത്തിന്‍റെ സ്വന്തം ‘ക്വിന്‍റൽ ഇടിക്കാരൻ’ ആന്‍റണി വർഗീസ് പെപ്പെ

തേടിപ്പോയ നിധി താൻ യാ​ത്ര തുടങ്ങിയിടത്തുതന്നെ ഉണ്ടായിരുന്നുവെന്ന്​ തിരിച്ചറിയുന്ന ‘ദി ആൽക്കമിസ്റ്റി’ലെ സാന്‍റിയാഗോ കുറച്ചൊന്നുമല്ല ആന്‍റണി വർഗീസ്​ എന്ന അങ്കമാലിക്കാരനെ കൊതിപ്പിക്കുന്നത്​.

ജീവിതത്തിൽ അപ്രതീക്ഷിതമായ ടേണിങ്​ പോയന്‍റുകളിലൂടെ കടന്ന്​ വലിയൊരു യാത്ര ചെയ്ത്​ എത്തിയപ്പോഴാണ്​ സാന്‍റിയാഗോയെ പോലെ ആന്‍റണിയും തിരിച്ചറിഞ്ഞത്​, താൻ തേടിനടക്കുന്ന ആ നിധി അത്​ കൺമുന്നിൽതന്നെയുണ്ടെന്നത്​.

എന്ത്​ പ്രതിസന്ധിയുണ്ടെങ്കിലും വിട്ടുകൊടുക്കാതെ ‘ഇടിച്ചുനിൽക്കാൻ’ താൻ ഒരുങ്ങിയാൽ മതി, ഈ പ്രപഞ്ചംതന്നെ കൂടെ നിൽക്കുമെന്ന ആത്മവിശ്വാസം അങ്ങനെ ആന്‍റണി വർഗീസ്​ എന്ന മലയാളികളുടെ സ്വന്തം പെപ്പെക്കും കൈവന്നു.

ഓരോ സിനിമയും ആ തിരിച്ചറിവിലേക്കുള്ള യാത്രയായി. എട്ടാം വർഷത്തിലേക്ക്​ എത്തുന്ന ആ യാത്രയിൽ വെള്ളിത്തിര എന്ന സ്വപ്നംതന്നെയാണ്​ തനിക്ക്​ വിധിച്ചിരിക്കുന്ന യഥാർഥ നിധി എന്ന ഉറച്ച ബോധ്യം നൽകുന്ന സമാധാനത്തിന്‍റെ വൈബിലാണ്​ യുവതാരം.

ആ വൈബിലേക്ക്​ ‘സൂപ്പർ ഹിറ്റർ’ എന്ന പട്ടം ഒരിക്കൽകൂടി ചാർത്തിക്കിട്ടിയതിന്‍റെ സന്തോഷം വേറെ. സംഘർഷഭരിതമായ, വാല​ന്‍റൈൻസ്​ ദിനം തിയറ്ററുകൾക്ക്​ സമ്മാനിച്ച ‘ദാവീദ്​’ എന്ന ചിത്രവുമായി തന്‍റെ സിനിമ നിധി വേട്ടയിൽ പുത്തനൊരു വഴിത്തിരിവിലെത്തിയിരിക്കുകയാണ്​ ആന്‍റണി.

2017ലെ ‘അങ്കമാലി ഡയറീസി’ലെ ക്വിന്‍റൽ ഇടിയിൽ തുടങ്ങി പ്രഫഷനൽ ഇടിക്കാരൻ പട്ടം സമ്മാനിച്ച ‘ദാവീദി’ന്‍റെ വിജയം വരെയുള്ള​ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ആന്‍റണി വർഗീസ്​.


എല്ലാം ബോണസ്​

‘അങ്കമാലി ഡയറീസ്​’ എന്ന സൂപ്പർ ഹിറ്റോടെ തുടങ്ങിയ കരിയർ എട്ടു വർഷവും 13 സിനിമകളും പിന്നിട്ടപ്പോഴാണ്​ സോളോ ഹീറോ ബ്ലോക്ക്ബസ്റ്റർ​ എന്ന നേട്ടം ‘ദാവീദി’ലൂടെ ആന്‍റണി വർഗീസിനെ തേടിയെത്തിയത്​.

ആ നേട്ടത്തിലേക്കുള്ള യാത്ര ചെറുതല്ലെന്ന്​ പറഞ്ഞ്​ ചിരിക്കുമ്പോൾ താരജാഡയില്ലാത്ത അങ്കമാലിക്കാരൻ പയ്യന്‍റെ നിഷ്കളങ്കത കണ്ണുകളിൽ നിറയുന്നു.

‘‘ഒരൊറ്റ സിനിമ ചെയ്തുപോകാം, അത്​ ഹിറ്റാകണം എന്നതായിരുന്നു അങ്കമാലി ഡയറീസ്​ ചെയ്യുമ്പോൾ ആഗ്രഹം. ഒരു സിനിമയിൽ ചെറുതായൊന്നു മുഖം കാണിക്കാൻ കഴിഞ്ഞെങ്കിൽ എന്ന്​ സ്വപ്നംകണ്ടിരുന്നയാൾക്ക്​ അന്ന്​ അതിൽ കൂടുതൽ ആഗ്രഹിക്കാനുള്ള സാഹചര്യമില്ലായിരുന്നു. പിന്നാലെ ഓരോന്നായി വന്നുചേരുകയായിരുന്നു. ബാക്കി കിട്ടിയതെല്ലാം ബോണസ്​ എന്നേ പറയാനാകൂ.’’


ദാവീദ്​ -ദ വിന്നർ

സിനിമകളുടെ എണ്ണംകൊണ്ട്​ താരതമ്യേന ചെറിയ കരിയർ ആണെങ്കിലും അതിനിടയിൽ എത്തിയ ഇറക്കങ്ങൾ വലിയതോതിൽ ബാധിച്ചിരുന്നു എന്ന് തുറന്നുപറയുന്നതിൽ ആന്‍റണി വർഗീസിന്​ മടിയില്ല.

ജീവിതത്തിലെ പ്രധാന വഴിത്തിരിവായി ‘ആർ.ഡി.എക്സ്’ എന്ന സിനിമയും അതിന്‍റെ വിജയവും എത്തിയിരുന്നില്ലെങ്കിൽ സിനിമതന്നെ ഉപേക്ഷിക്കാം എന്ന ചിന്തയിലായിരുന്നു. എന്നാൽ, അവിടെവെച്ച്​ എല്ലാം മാറി.

‘‘ഇനിയും ഏറെ ചെയ്യാൻ കഴിയുമെന്ന്​ ആത്മവിശ്വാസം നിറച്ചത്​​ ‘ആർ.ഡി.എക്സ്’ വിജയമാണ്​. സിനിമ വിട്ടിറങ്ങിപ്പോകേണ്ടതില്ല എന്ന തീരുമാനത്തിലേക്ക്​ അങ്ങനെ മാറി. പോരാടാൻ തീരുമാനിച്ചതിന്​ പിന്നാലെയാണ്​ ‘ദാവീദ്​’ തേടിയെത്തിയത്. ഇടിപ്പടം എന്നായിരുന്നു ചിത്രം ഇറങ്ങുംമുമ്പ്​ എല്ലാവർക്കും ഉണ്ടായിരുന്ന ഫീൽ.

എന്നാൽ, ഫാമിലി ഇമോഷനും സ്​പോർട്​സും നിറഞ്ഞുനിൽക്കുന്ന ‘ദാവീദ്​’ വ്യത്യസ്​തമായൊരു അനുഭവം സമ്മാനിക്കുമെന്ന്​ ഉറപ്പായിരുന്നു. ആറു മാസത്തോളം നീണ്ട ഡയറ്റും ബോക്സിങ്ങും ഒക്കെ ജീവിതത്തിന്‍റെ ഭാഗമാക്കിയാണ്​ സിനിമ പൂർത്തിയാക്കിയത്​. ആഷിക്​ അബു എന്ന കഥാപാത്രം പോരാടാനുള്ള മനസ്സുമായി നിന്ന എനിക്കും ഊർജമായി.

പ്രേക്ഷകർ ആ പോരാട്ടത്തെ കൈനീട്ടി സ്വീകരിച്ചതിന്‍റെ സന്തോഷം ​വേറെ. പിന്നെ പ്രഫഷനലായി ബോക്സിങ്ങിൽ ഇറങ്ങാൻ ഒരുപാട്​ പ്രാക്ടീസും കഠിനാധ്വാനവും വേണ്ടതുണ്ട്​. അത്​ ഉടനെ ഒന്നും നടക്കില്ല. അത്രയും സമയമൊന്നും ഇപ്പോഴില്ല’’ -ആന്‍റണി പറയുന്നു.


ഇടിക്കാരനായത്​ യാദൃച്ഛികം

‘ദാവീദ്​’ പൂർത്തിയായതിന്​ പിന്നാലെ പ്രഫഷനൽ ബോക്സിങ്​ ലൈസൻസ്​ തേടിയെത്തിയതോടെ പ്രഫഷനൽ ഇടിക്കാരൻ പട്ടം കിട്ടിയ ഏക നടൻ എന്ന ഹൈപ്പിലായിരുന്നു ആന്‍റണി വർഗീസ്​. വലിയൊരു വിഭാഗം പ്രേക്ഷകർ ആന്‍റണിയിൽനിന്ന്​ കൊതിക്കുന്നതും ആ ക്വിന്‍റൽ ഇടിക്കാഴ്ചതന്നെ​.

എന്നാൽ, ഇടി മാത്രമല്ല കോമഡിയും റൊമാൻസുമെല്ലാം ചെയ്യണമെന്ന വലിയ ആഗ്രഹം ഉള്ളി​ലൊളിപ്പിച്ചാണ്​ ​പ്രേക്ഷകരുടെ പ്രിയ പെപ്പെ സിനിമകളെ സമീപിക്കുന്നത്​.

കഥ ഇഷ്ടപ്പെട്ട്​ തിരഞ്ഞെടുക്കുമ്പോൾ, അതിൽ ഇടിയും ഫാമിലി ഇമോഷനുമെല്ലാം വന്നുനിറയുന്ന തരം സിനിമകൾ കൂടുതലായി വന്നത്​ സംഭവിച്ചുപോയതാണ്​ എന്നാണ്​ ആന്‍റണി പറയുന്നത്​. ‘‘പണ്ട്​ ചെയ്തിരുന്ന ഷോർട്ട്​ ഫിലിമുകൾ ഒക്കെ റൊമാന്‍റിക്, ഫൺ തരത്തിലുള്ളതായിരുന്നു.

ആക്ഷൻ പാക്ക്​ഡ്​ സിനിമകളുടെ ഭാഗമാകുമെന്ന്​ ഒരിക്കൽപോലും വിചാരിച്ചിരുന്നില്ല. അത്​ സംഭവിച്ചുപോയതാണ്​. ഈ ഇടിപ്പടം സ്​റ്റൈൽ ഇഷ്ടപ്പെടുന്ന കുറെപേർ ഉണ്ട്. പക്ഷേ, മാറ്റി ചെയ്യാനാണ്​ ആഗ്രഹം. ആക്ഷനും നല്ല കോമഡിയും ഒക്കെ നിറഞ്ഞ പണ്ടത്തെ ജാക്കി ചാൻ സിനിമകൾ ഒക്കെയില്ലേ, കംപ്ലീറ്റ്​ പാക്കേജ്​. അതൊക്കെയാണ്​ മോഹം. അത്തരം സിനിമകൾ ചെയ്യാൻ ഏറെ ആഗ്രഹമുണ്ട്​. ഉറപ്പായും അങ്ങനെയുള്ള സിനിമകളിലും എന്നെ കാണാനാകും.’’


യാത്രകൾ ഏറെയിഷ്ടം

യാത്രകൾ ഏറെയിഷ്ടമുള്ളയാൾക്ക്​ ലോകത്തിന്‍റെ അതിർത്തികൾ തുറന്നിട്ട വഴികൂടിയാണ്​ സിനിമ. കരിയറായി സിനിമ തിരഞ്ഞെടുത്തതുകൊണ്ട്​ ഏറെ യാത്രകൾ ചെയ്യാൻ കഴിഞ്ഞു എന്നതാണ്​ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടങ്ങളുടെ കൂട്ടത്തിൽ ആന്‍റണി എണ്ണുന്നത്​.

‘‘സിനിമയിൽ വന്നതുകൊണ്ട്​ ഒരുപാട്​ യാത്ര ചെയ്യാൻ പറ്റി. ഒരുപാട്​ ​ലൊക്കേഷനുകൾ, ഭക്ഷണം ഒക്കെ പരിചയപ്പെടാനായി. വിദേശ രാജ്യങ്ങളിൽ പോകാനായി. അവിടത്തെ കൾച്ചർ ആസ്വദിക്കാൻ പറ്റി. അതൊക്കെ വലിയ ഭാഗ്യമാണ്​. സഞ്ചരിച്ച രാജ്യങ്ങളിൽ വിയറ്റ്​നാമാണ്​ ഏറ്റവും ഇഷ്ടമായത്​. സ്ഥലങ്ങൾ കണ്ട്​ ആസ്വദിക്കുകയാണ്​ ഏറ്റവും ഇഷ്ടം.’’

താരമേയല്ല

താരമായി എന്ന ചിന്ത മനസ്സിന്‍റെ പടികളിലേക്കുപോലും എത്തിനോക്കരുതെന്ന നിർബന്ധമുണ്ട്​ ആന്‍റണിക്ക്​. ‘‘എന്താണോ അതായിരിക്കുക, നടക്കുക അതൊക്കെ മതി. പിന്നെ സിനിമ ലോകവും പഴയ കാലവും തമ്മിൽ വ്യത്യാസമില്ലേ എന്ന്​ ചോദിച്ചാൽ ഉണ്ട്​. പണ്ട്​ കുറച്ച്​ സമാധാനം കൂടുതൽ ഉണ്ടായിരുന്നു. ഇപ്പോൾ സിനിമയുടേതായ സമ്മർദവും ഓട്ടവുമെല്ലാമുണ്ട്​.

ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടാതിരിക്കുക എന്നതുമുണ്ട്​. നമ്മളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണെങ്കിൽ ശരി. അല്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞ്​ വിവാദങ്ങളിൽപെടുന്നതിനോട്​ താൽപര്യമില്ല. അപ്പോഴും, നമ്മൾ പ്രതികരിക്കേണ്ട കാര്യങ്ങൾ ആണെങ്കിൽ ആരെയും കൂസാതെ പ്രതികരിക്കുകതന്നെ വേണം.’’

കുടുംബമാണ്​ കരുത്ത്​

കുടുംബത്തിനു​ നേരെ എന്തെങ്കിലും വന്നാൽ നോക്കിനിൽക്കില്ല എന്നതാണ്​ സിനിമയിലായാലും ജീവിതത്തിലായാലും ആന്‍റണിയുടെ ലൈൻ. തനിക്ക്​ കരുത്തായി കൂടെ നിൽക്കുന്ന കുടുംബത്തിന്​ അത്രത്തോളം സ്​നേഹവും കരുതലും തിരിച്ചുനൽകാൻ ഒരിക്കലും മടിച്ചിട്ടില്ല.

അച്ഛൻ വർഗീസും അമ്മ അൽഫോൺസയും സഹോദരി അഞ്ജലിയും ഭാര്യ അനീഷ പൗലോസും അടങ്ങുന്ന കുടുംബം ഏറെ സന്തോഷത്തോടെ തന്‍റെ നേട്ടങ്ങൾ ആസ്വദിക്കുന്നതിന്‍റെ സംതൃപ്തിയാണ്​ ആന്‍റണിയുടെ വാക്കുകളിൽ.

‘‘സിനിമാകാര്യത്തിലായാലും ആവശ്യമില്ലാതെ ഒരു കാര്യത്തിലും അവർ ആരും ഇടപെടാറില്ല. എല്ലാ സ്​നേഹവും കരുതലും തന്ന്​ ഒപ്പം നിൽക്കുന്നു. പണ്ട്​ എങ്ങനെയാണോ അവർക്ക്​ ഞാൻ ഒപ്പമുണ്ടായിരുന്നത്​ അതുപോലെത്തന്നെയാണ്​ ഇപ്പോഴും. സിനിമ നടൻ ആയതിന്‍റെ ഒരു മാറ്റവും കുടുംബത്തിലില്ല. പിന്നെ സിനിമ കുറച്ചുമാത്രം ചെയ്തതുകൊണ്ട്​ അവ​ർക്കൊപ്പം ചെലവഴിക്കാൻ ഒരുപാട്​ സമയം കിട്ടിയിട്ടുണ്ട്​ എന്ന നേട്ടമുണ്ട്​.’’

പോരാടാനാണ്​ തീരുമാനം

സെമിനാരിയിൽ ചേർന്നപ്പോഴും ബി.സി.എ പഠിക്കാൻ പോയപ്പോഴും അതല്ല വഴിയെന്ന്​ തിരിച്ചറിഞ്ഞ്​ മാറി സഞ്ചരിച്ചൊരു പഴയകാലമുണ്ട്​ ആന്‍റണിക്ക്​. സൂപ്പർ ഹിറ്റായ ‘അങ്കമാലി ഡയറീസ്​’ പോലൊരു ചി​ത്രത്തിലൂടെ കടന്നുവരുകയും ഏറെ ആരാധകരുള്ള യുവതാരമാകുകയും ചെയ്തിട്ടും ‘ആർ.ഡി.എക്സ്​’ ഇറങ്ങുന്നതിന്​ മുമ്പ്​ സിനിമ വിടാനുള്ള തീരുമാനത്തിലേക്ക്​ വരെ ആന്‍റണി എത്തിയിരുന്നു. എന്നാൽ, വഴിത്തിരിവായി ‘ആർ.ഡി.എക്സ്​’ ഹിറ്റായപ്പോൾ പോരാടാനുള്ള പുത്തനൊരു ഊർജംകൂടിയാണ്​ യുവനടനിൽ നിറഞ്ഞത്​.

‘‘അപ്പോഴാണ്​ തിരിച്ചു പോരാടാൻ തോന്നിയത്​. ജീവിതത്തിൽ എല്ലായ്​പ്പോഴും മാനസികമായി കരുത്തുള്ളവരായിരിക്കണമെന്ന്​ നിർബന്ധമില്ലല്ലോ. ജീവിതത്തിന്‍റെ ഓരോ സാഹചര്യത്തിലും നമ്മൾ വ്യത്യസ്തമായിട്ടായിരിക്കും നേരിടുന്നത്​.

നമ്മൾ ചെയ്യുന്നത്​ ശരിയാണോ, ​ചെയ്യണോ എന്നൊക്കെയുള്ള കൺഫ്യൂഷൻ ആർക്കും വരാം. അങ്ങനെ ഒരു സാഹചര്യം വന്നപ്പോൾ പിടിച്ചുനിന്നേ പറ്റൂ എന്ന ചിന്ത മനസ്സിൽ ചേക്കേറി. സ്​ട്രോങ്ങായി മുന്നോട്ടുപോകും, എന്തു വന്നാലും പിടിച്ചുനിൽക്കും എന്ന്​ മനസ്സിലുറപ്പിച്ചു.

ഒരുപാട്​ പുസ്തകങ്ങൾ അതിന്​ സഹായിച്ചിട്ടുണ്ട്​. ‘ദി ആൽക്കമിസ്റ്റ്’ ആണ്​ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം. സാന്‍റിയാഗോ സ്വന്തം ജീവിതത്തോട്​ ഏറെ ചേർന്നുനിൽക്കുന്ന കഥാപാത്രമാണെന്നുതന്നെ പറയാം. ഇൻസ്പിരേഷനൽ പുസ്തകങ്ങൾ ആണ്​ ഒരുപാടിഷ്ടം. വായിക്കാനായി വാങ്ങിവെച്ച ഒരുപാട്​ പുസ്തകങ്ങൾ കാത്തിരിപ്പുണ്ട്​. അതൊക്കെ വായിക്കണം.’’

അടുപ്പിച്ച്​ സിനിമകൾ ചെയ്യണം

എട്ടു വർഷത്തിനിടെ 13 ചിത്രങ്ങൾ മാത്രം ചെയ്ത യുവതാരമാണ്​ ആന്‍റണി. സെലക്ടിവാകുന്നുണ്ടോ എന്ന ചോദ്യത്തിന്​ ഇല്ലെന്നുതന്നെയാണ്​ മറുപടി. ‘‘ഞാൻ ചെയ്യുന്ന സിനിമകളുടെ വലുപ്പവും വേണ്ടിവരുന്ന സമയവുംകൂടി ഇതിൽ പ്രധാനമാണ്​. ‘കൊണ്ടൽ’ ചെയ്യാൻ ആറു മാസമെടുത്തു, ‘ആർ.ഡി.എക്സി’നും ആറു മാസമെടുത്തു.

‘ദാവീദി’ന്‍റെ പ്രോസസിങ്ങും ആറു മാസമായിരുന്നു​, പിന്നെ അത്​ ഇറങ്ങാനും സമയമെടുക്കും. എട്ടു മാസത്തോളം എടുക്കുന്നുണ്ട്​ ഓരോ സിനിമക്കും. പണ്ട്​ ഇടക്ക്​ ഒരു സിനിമ ചെയ്താൽ മതി എന്നായിരുന്നു ആഗ്രഹം. ഇപ്പോൾ അത്​ മാറി. അടുപ്പിച്ച്​ സിനിമകൾ ചെയ്ത്​ വിസിബിലിറ്റിയും എക്സ്പീരിയൻസും കൂട്ടണം എന്നാണ്​ ഇപ്പോൾ മനസ്സിലുള്ളത്​. മുമ്പ് അത്തരത്തിൽ ഒരു തീരുമാനം എടുക്കാതിരുന്നതിൽ ഒരു നഷ്ടബോധവുമില്ല.’’

ത്രില്ലർ സിനിമകളാണ്​ കാണാൻ ഏറെയിഷ്ടം. പക്ഷേ, അഭിനയിക്കാൻ എല്ലാ ടൈപ്പും ലഭിക്കണമെന്നാണ്​ ആഗ്രഹം. സ്ക്രിപ്റ്റ്​ നല്ലതാണെങ്കിൽ ചെയ്യും എന്നതാണ്​ സിനിമ തിരഞ്ഞെടുപ്പിലെ മാനദണ്ഡം.

‘‘ഒരുപാട്​ സിനിമകൾ ചെയ്യണം, ഒരുപാട്​ യാത്രപോകണം. ജീവിതത്തിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കണം’’ -മുന്നോട്ടുള്ള ജീവിതത്തിന്‍റെ സ്​ക്രിപ്​റ്റ്​ ചുരുക്കിപ്പറഞ്ഞ്​ മലയാളിയുടെ സ്വന്തം പെപ്പെ ചിരിക്കുമ്പോൾ ബ്ലോക്ക്​ ബസ്റ്ററായി ആ തീരുമാനവും മാറുമെന്ന ആത്മ​വിശ്വാസം വാക്കുകളിൽ നിറഞ്ഞുതൂകി.







Tags:    
News Summary - antony varghese pepe talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.