ദലീമ ജോജോ എം.എൽ.എ
ചെറുപ്പം മുതൽ സംഗീതത്തോടൊപ്പം യാത്ര തുടരുന്നതിനാൽ ക്രിസ്മസും കരോളും സംഗീത ഓർമകൾ കൂടിയാണ്. പള്ളിയിലെ ക്വയറിന്‍റെ ഭാഗമായിരുന്നു ഞാൻ. ക്രിസ്മസിന് ഒരാഴ്ച മുമ്പുതന്നെ പ്രാക്ടീസ് തുടങ്ങും. കരോൾ സംഘത്തിന്‍റെ കൂടെ പോകുമായിരുന്നു.
പാട്ടു പാടുന്നതിനപ്പുറം ബൈബിൾ കഥകളുടെ ദൃശ്യാവിഷ്കാരത്തിനായിരുന്നു പ്രാമുഖ‍്യം. കുട്ടിക്കാലത്ത് ഞാൻ മാതാവിന്‍റെ വേഷം ചെയ്യുമായിരുന്നു.
ഇപ്പോഴത്തെ കരോളിൽ പാട്ടും നൃത്തവും മാത്രമേയുള്ളൂ. ഞങ്ങളുടെ കുട്ടിക്കാലത്ത് പാട്ടിനൊപ്പം ബൈബിൾ കഥകളുടെ ദൃശ്യാവിഷ്കാരത്തിനും പ്രാധാന്യം നൽകി.
കരോൾ സംഘത്തോടൊപ്പം പോകുമ്പോൾ ആളുകളിൽനിന്ന് പൈസ വാങ്ങുകയായിരുന്നില്ല ഞങ്ങളുടെ ഉദ്ദേശ‍്യം. കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമായിട്ടാണ് കണ്ടത്.
ക്രിസ്മസ് കാലത്ത് വീടുകളിൽ സ്ഥാപിച്ച നക്ഷത്രങ്ങൾ കാണാൻ കൂട്ടുകാർക്കൊപ്പം പോകും. കടയിൽനിന്ന് വാങ്ങുന്നതായിരുന്നില്ല, മുളയും മറ്റും ഉപയോഗിച്ച് വീടുകളിൽതന്നെ നിർമിക്കുന്ന നക്ഷത്രങ്ങളായിരുന്നു. ചെണ്ട നക്ഷത്രം പോലുള്ള പേരുകളിലായിരുന്നു അവ അറിയപ്പെട്ടിരുന്നത്.
ഓരോ വീട്ടിലെയും നക്ഷത്രങ്ങൾ വ്യത്യസ്തമായിരുന്നു. അത് കാണാൻ ഞങ്ങൾ കൗതുകത്തോടെ ഓടിച്ചെല്ലും. മനസ്സിന് സന്തോഷം നൽകുന്ന കുട്ടിക്കാല ഓർമകളായിരുന്നു അന്നത്തെ ക്രിസ്മസ് സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.